വേമ്പനാട്ട് കായൽ എന്ന് കേട്ടാൽ ഭക്ഷണ പ്രേമികൾക്ക് മനസിലെത്തുക കരിമീൻ തന്നെയാവും. എന്നാൽ കരിമീൻ അടക്കമുള്ള, വേമ്പനാട്ട് കായലിലെ പരമ്പരാഗത മത്സ്യ സമ്പത്ത് വൻ തോതിൽ കുറയുന്നതിന്റെ ആശങ്കയിലാണ് പ്രദേശത്തെ മത്സ്യ തൊഴിലാളികൾ. ഇപ്പോൾ കൊഞ്ചിന്റെ സീസണാണെങ്കിലും, കൊഞ്ചിന്റെ ലഭ്യതയും വളരേ കുറവാണ്. ആഗോള കാലാവസ്ഥാ മാറ്റം മുതൽ മലിനീകരണം വരെയുള്ള വിവിധ കാരണങ്ങളാണ് വിദദ്ധർ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം തന്നെ കോവിഡ് മൂലം തൊഴിൽ നഷ്ടം ഉണ്ടായ മറ്റു പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾ മീൻ പിടിക്കാനായി വേമ്പനാട്ട് കായലിനെ ആശ്രയിച്ചതും മത്സ്യ സമ്പത്തിന്റെ പ്രതികൂലമായി ബാധിച്ചു. പുറത്ത് നിന്ന് എത്തിയവർ മത്സ്യ ബന്ധനത്തിനായി നിരോധിത വലകൾ ഉപയോഗിച്ച് വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുകയായിരുന്നു. ഇത് നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കാതെ വന്നതും കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി.
കരിമീനിന് ഇപ്പോൾ കിലോയ്ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. കേരളത്തിൽ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ കരിമീനിന് വലിയ ആവശ്യക്കാരുമുണ്ട്. എന്നാൽ വേമ്പനാട്ട് കായലിൽ നിന്ന് കരിമീൻ ലഭിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ചില കച്ചവടക്കാർ ആന്ധ്രയടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും കരിമീൻ എത്തിച്ച് 'കുമരകം കരിമീൻ' എന്ന പേരിൽ വ്യാപാരം നടത്തുന്നതായും ആരോപണമുണ്ട്.
മുൻവർഷങ്ങളിൽ ഉണ്ടായ മഹാപ്രളയങ്ങൾ കായലിലെ മാലിന്യത്തിന്റെ അളവ് ഭയാനകമാം വിധം വർധിപ്പിച്ചതായി തൊഴിലാളികൾ പറയുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെ ടൺ കണക്കിന് നഗര - ഗാർഹിക മാലിന്യം കായലിലേക്ക് ഒഴുകിയെത്തി. കായലിനോട് ചേർന്നുള്ള കൃഷിഭൂമികളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലിൽ എത്തുന്നതും മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നതായി ആശങ്കയുണ്ട്. കായലിലെ മലിനീകരണം സംബന്ധിച്ചും മത്സ്യസമ്പത്ത് കുറയുന്നത് സംബന്ധിച്ചും വിവിധ പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്തിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
60 വയസ് കഴിഞ്ഞവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ
Share your comments