1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതവും ഒരോരുത്തരുടെയും കൈകളിലെത്തും.പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
2. ആമ്പല്ലൂർ പഞ്ചായത്തിൽ മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതിനായി പാടശേഖരങ്ങളിൽ ചെറു ധാന്യങ്ങൾ വിതച്ചു. ആമ്പല്ലൂർ കൃഷി ഭവൻ തലത്തിൽ രൂപീകരിച്ചിരിക്കുന്ന ചെറുമണി വനിതാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിലാണ് ചെറു ധാന്യങ്ങൾ പടശേഖരങ്ങളിൽ നടുന്നത്. പദ്ധതിയുടെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്തിലെ തഴേപ്പാടത്ത് നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ബിജു തോമസ് നിർവ്വഹിച്ചു. പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി മൂന്ന് ഹെക്ടറോളം ഭൂമിയിലാണ് ചെറുധാന്യ കൃഷി ചെയ്യുന്നത്. ഹരിത കേരള മിഷൻ്റെ സീറോ കാർബൺ ജനങ്ങളിലൂടെ എന്ന ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ഹരിത കേരള മിഷനും സംയുക്തമായിട്ടാണ് ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷവും വരും വർഷങ്ങളിലും മില്ലറ്റ് കൃഷി വ്യാപിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്.
3. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ മാർച്ച് 21 ന് സുഗന്ധതൈല വിളകളുടെ കൃഷിയും സംസ്കരണവും നൂതന സാധ്യതകൾ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തുന്നു, ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് പ്രവേശനം, താൽപര്യമുള്ളവർ മാർച്ച് 18 ന് മുൻപായി 8156856952, 9497687724 നമ്പറിൽ ഓഫീസ് സമയങ്ങളിൽ വിളിച്ചോ അല്ലെങ്കിൽ പേര്, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ മൊബൈൽ സന്ദേശമായി അയച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
4. ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന് അനുവദിച്ച കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. രണ്ടു വാഹനങ്ങളടങ്ങിയ അത്യാധുനിക നിര്‍മാണ യൂണിറ്റിന് 500 അടി വരെ കുഴിക്കാനാകും. ചെറുകിട കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും. ഭൂജലവകുപ്പ് സ്ഥാനനിര്‍ണയം നടത്തി കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മാണ ചെലവിന്റെ 75 ശതമാനം തുക ഉപഭോക്താവിന് തിരിച്ചു ലഭിക്കും. കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ആദ്യം ഭൂജല പര്യവേക്ഷണത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥലം പരിശോധിച്ച് നിര്‍മാണത്തിന് അനുയോജ്യമെങ്കില്‍ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതിനുശേഷം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങണം. ചെറുകിട കര്‍ഷകര്‍ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഡ്രില്ലിംഗ് ചാര്‍ജ്ജിന്റെ പകുതി സബ്ബ്‌സിഡി അനുവദിക്കും. എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക മുന്‍കൂട്ടി വകുപ്പില്‍ ഡെപ്പോസിറ്റ് ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: മാർച്ച് 21-22 ഓടെ കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത
Share your comments