1. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
2. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഭക്ഷ്യ സമൃദ്ധിക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് ചേർത്തല തെക്ക് പഞ്ചായത്തിലെ 15-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ..ധനലക്ഷ്മികൃഷിക്കൂട്ടം എന്ന പേരിലാണ് കൃഷി ചെയ്യുന്നത്. രണ്ടര ഏക്കർ സ്ഥലത്ത് പയർ, വെണ്ട,റാഗി, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ചീരകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.സിനിമോൾ സാംസൺൻ്റെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് നിർവഹിച്ചു.
3. കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം നിയന്ത്രണ ബിൽ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി . കോഴിക്കോട് ജില്ലാ ക്ഷീര കർഷക സംഗമം ആവളയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലിത്തീറ്റ കഴിച്ച് മരണപ്പെടുന്ന പശുക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയില്ലെങ്കിലും പകരം പശുവിനെ ലഭിക്കാൻ ഈ ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. അപകടകരമാകുന്ന രീതിയിലുള്ള കാലിത്തീറ്റ ഉൽപ്പാദിപ്പിക്കുന്ന കമ്പനിക്കാരെ ശിക്ഷിക്കുവാൻ ഈ ബില്ല് വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ മുൻകൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ : 9188522711, 0469-2965535
Share your comments