കുറച്ചു കാലം വനിതാ സംരക്ഷണ ഓഫീസർ ആയി പണിയെടുത്തിരുന്നു. പോക്സോ കേസുകളുമായി ബന്ധപ്പെട്ട് കുറെ പെൺകുട്ടികളോടും സംസാരിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്ന രീതിയിൽ കുറെക്കാലം ഇടവന്നു. വനിതകളുടെ പ്രശ്നങ്ങൾ മനസിലാവുക വനിതകൾക്ക് മാത്രമാണെന്നും ഇത്തരം ഉദ്യോഗസ്ഥരെല്ലാം വനിതകൾ ആയിരിക്കണമെന്നും പിന്നീട് നിർബന്ധമായി.
മേൽ അനുഭവങ്ങളിൽ നിന്ന് ഊറ്റിയെടുത്ത ചില കാര്യങ്ങൾ പറയട്ടെ.
1. കൃത്യമായ പരിശീലനം സിദ്ധിച്ചവരും സമതാപത്തോടെ കാര്യങ്ങൾ കേൾക്കാൻ കഴിയുന്ന വരുമാണെങ്കിൽ സ്ത്രീ ഉദ്യോഗസ്ഥരെക്കാൾ വനിതകൾ കാര്യങ്ങൾ പുരുഷ ഓഫീസർമാരോട് തുറന്നു പറയും.
2. ശരിയായാലും തെറ്റായാലും പുരുഷ ഉദ്യോഗസ്ഥരാണ് വേഗത്തിൽ നടപടിയിലേക്ക് പോവുക എന്നതാണ് നമ്മുടെ സ്ത്രീകളുടെ വിശ്വാസം. (പുരുഷാധിപത്യ സമൂഹം ആയതിനാലാണ് എന്നതിൽ തർക്കമില്ല ),
3. നാളെ തനിക്കെതിരെയും പരാതി വരാൻ സാദ്ധ്യതയുണ്ട് എന്നും അത് വലിയ അധിക്ഷേപവും കേസും ആയേക്കും എന്നും ബോധ്യമുള്ളതി നാൽ ഒരു ഋണാത്മക (Negative) വാക്കു പോലും വരാതിരിക്കാൻ പരിശീല നം സിദ്ധിച്ച ഉദ്യോഗസ്ഥർ ശ്രദ്ധിക്കും. (പേടിയാണ് ഇവിടെ അടിസ്ഥാനം). എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വനിതകളും വനിതാ പോലീസ് ഉദ്യോഗസ്ഥരു മെല്ലാം യാതൊരു തത്വദീക്ഷയുമില്ലാതെ വാക്കുകളായും ആംഗ്യങ്ങ ളായും ചിരികളായും മുന്നിലിരിക്കുന്ന പീഡിതരെ വീണ്ടും പീഡിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. (അവരും പുരുഷാധിപത്യ സമൂഹത്തിൻ്റെ ബാക്കിപത്രം തന്നെ)
4. മനശാസ്ത്രപരമായി എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കാൻ (ഒറ്റക്ക് സംസാരിക്കാൻ ) മനുഷ്യർ കൊതിക്കുന്നു.
5. സേനകളിലും അധികാര സ്ഥാനങ്ങളിലും സ്ത്രീകളും ട്രാൻസ്ജെൻറ റുകളും വരണമെന്ന് പറയുന്നതുപോലെ തന്നെ വനിതകളുമായി ബന്ധപ്പെടുന്ന ഓഫീസുകളും സ്ഥാനങ്ങളും ലിംഗനിര പേക്ഷമായിരിക്കണം. അതുവരെയുള്ള ജീവിത പശ്ചാത്തലം (track record) അനുഗുണമായിരിക്കുകയും പ്രസ്തുത മേഖലയിൽ പരിശീലനം സിദ്ധിച്ചവരാവുകയും നിർബന്ധം.
സുബൈർ കെ.കെ. അരിക്കുളം
Share your comments