ലോകത്താകമാനം ഇന്ന് പ്രമേഹ ദിനമായി ആചരിക്കുന്നു. ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രഡറിക് ബാറ്റിംഗിന്റെ ജന്മദിനമായ ഇന്ന് 1991 മുതൽ പ്രമേഹ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയും ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ ചേർന്നാണ് ഇതിൻറെ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കീഴടങ്ങി ഇരിക്കുന്നത് ഈ രോഗത്തിനു മുൻപിൽ ആണ്. ഇതൊരു ജീവിതശൈലി രോഗമാണ്. മറ്റ് രോഗങ്ങളെ ചികിത്സിക്കേണ്ട രീതിയിലല്ല പ്രമേഹത്തെ കാണേണ്ടത്. സമീകൃത ആഹാരത്തിലൂടെയും വ്യായാമമുറകളി ലൂടെയും ഒരു പരിധിവരെ പ്രമേഹത്തെ നമുക്ക് തടഞ്ഞു നിർത്താം. പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഈ രോഗത്തിൻറെ വ്യാപ്തി കൂടാനുള്ള പ്രധാനകാരണം. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടുവരുന്ന ഈ രോഗം ഇന്ന് എല്ലാ കുട്ടികളും കൗമാരപ്രായക്കാരിലും കാണുന്നു.
നിശബ്ദ കൊലയാളി എന്നാണ് വൈദ്യലോകം പ്രമേഹത്തെ വിളിക്കുന്നത്. ഹൃദയം, കണ്ണ്, വൃക്ക തുടങ്ങിയ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ എല്ലാം പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതര രോഗമാണിത്. പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. ഈ ഇൻസുലിനാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉത്പാദിപ്പിച്ച ഇൻസുലിൻ ഫലപ്രദമായ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം മൂന്നു തരമുണ്ട്
1.ടൈപ്പ് വൺ പ്രമേഹം
2.ടൈപ്പ് ടു പ്രമേഹം
3.ഗർഭകാല പ്രമേഹം
ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉൾപ്പെടുന്ന വിഭാഗം ടൈപ്പ് ടു പ്രമേഹം ആണ്. ആഗോളതലത്തിൽതന്നെ 425 ദശലക്ഷം പ്രമേഹരോഗികൾ ടൈപ്പ് ടു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നാണ് കണക്ക്. പ്രമേഹബാധിതരിൽ ഏറെയും സ്ത്രീകളാണെന്നാണ് കണക്ക്. ഗർഭകാലത്തുണ്ടാവുന്ന പ്രമേഹം സ്ത്രീകൾക്ക് ഒട്ടും ഗുണം ചെയ്യില്ല. ജനിക്കുന്ന കുഞ്ഞിനെ അടക്കം പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയിൽ ഏഴു കോടി ജനങ്ങൾക്ക് പ്രമേഹം ഉണ്ടെന്നാണ് കണക്ക്. 2040 ആകുമ്പോഴേക്കും ഇത് 10 കോടി കഴിയുമെന്നാണ് വിചാരിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കേണ്ട രോഗമല്ല പ്രമേഹം. അതു വരാതിരിക്കാൻ ഉള്ള മാർഗങ്ങളാണ് നാം കൈക്കൊള്ളേണ്ടത്.
പോഷകസമൃദ്ധമായ ഭക്ഷണമാണ് അതിൽ ഏറ്റവും പ്രധാനം. പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ് പരമ പ്രധാനം. ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകൾ ശീതളപാനീയങ്ങൾ, മധുരമേറി നിൽക്കുന്ന പലഹാരങ്ങൾ തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽനിന്ന് പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്. ഭക്ഷണകാര്യം മാത്രം ശ്രദ്ധിച്ചാൽ പോരാ എല്ലാദിവസവും അൽപനേരം വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കേണ്ടതാണ്. ഈ രോഗമുള്ളവർ മെഡിക്കൽ ചെക്കപ്പുകൾ കൃത്യമായി നടത്തിയിരിക്കണം. കുടുംബാംഗങ്ങളും ഇത്തരം കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ ചെലുത്തണം. ഇത്തരക്കാർക്ക് കൃത്യസമയത്ത് ഭക്ഷണവും മരുന്നും നൽകാൻ വീട്ടുകാർ ശ്രമിക്കണം. അവരോടൊപ്പം കൂടുതൽ നേരം ചെലവഴിച്ച അവർക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ അത് ലഘൂകരിക്കുകയും വേണം. ഡോക്ടറുടെ പരിചരണത്തേക്കാൾ ഒരു വ്യക്തി കൂടുതലും ആഗ്രഹിക്കുന്നത് കുടുംബാംഗങ്ങളുടെ കരുതലും പരിചരണവുമാണ്. ഇതിനൊപ്പം തന്നെ മദ്യം, പുകവലി എന്നിവയുടെ ഉപയോഗം പൂർണ്ണമായും നിർത്തണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക മാത്രമാണ് പ്രമേഹത്തെ തടഞ്ഞു നിർത്താനുള്ള ഘടകം.
അതിജീവനത്തിന്റെ കാലത്ത് ഏറെ ശ്രദ്ധ പുലർത്തേണ്ട രോഗമാണ് 'ന്യൂമോണിയ'
Share your comments