ഇന്ന് അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നു. കടുവകളെ സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച സാമൂഹ്യ അവബോധം വളര്‍ത്തുക എന്നതാണ് കടുവാദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. 2010-ല്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് നടന്ന മൃഗസംരക്ഷണ രംഗത്തെ അന്താരാഷ്ട്ര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ് എല്ലാവര്‍ഷവും ജൂലൈ 29 അന്താരാഷ്ട്ര കടുവാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. WWF (World Wide Fund for Nature), IFAW (International Fund for Animal Welfare) എന്നീ അന്താരാഷ്ട്ര സംഘടനകളാണ് കടുവാദിനാഘോഷത്തിന്റെ മുഖ്യപങ്കാളികള്‍.
നാല് വര്‍ഷം കൊണ്ട് ഇന്ത്യയിൽ കടുവകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 1400 കടുവകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഇത് 2967 ആയി വര്‍ധിച്ചു.ദേശീയമൃഗമായ കടുവയെ സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രം നല്‍കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ എണ്ണം 692ല്‍നിന്ന് 860 ആയി ഉയര്‍ന്നു. കമ്യൂണിറ്റി റിസര്‍വുകള്‍ 43 ആയിരുന്നത് 100ലെത്തി.കേരളത്തിലെ ടൈഗര്‍ റിസര്‍വുകളിലും വന്യജീവി സങ്കേതങ്ങളിലും കടുവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് . മുന്നില്‍ വയനാട് വന്യജീവി സങ്കേതം. ഇവിടെ 75 കടുവകളാണുള്ളതെന്നാണ് കണക്കാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലും നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളും ചേര്‍ന്ന കണക്കാണിത്. 2018ലെ കണക്കെടുപ്പില്‍ കേരളത്തില്‍ 150 കടുവകള്‍ ഉണ്ടെന്നാണ് സൂചനകള്‍.
നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്രതലത്തില്‍ കുറയുകയാണ്. ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിസ്ഥിതി-വന്യമൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്.
Share your comments