ലോക തണ്ണീർത്തട ദിനത്തിൻ്റെ ഈ വർഷത്തെ വിഷയം "തണ്ണീർത്തടങ്ങൾ സുസ്ഥിര നഗര ഭാവിക്ക് : എന്നതാണ്. ചതുപ്പ് നിറഞ്ഞതോ, വെളളക്കെട്ടു നിറഞ്ഞതോ ആയ ഭൂപ്രദേശം. പ്രകൃത്യാലുളളതോ മനുഷ്യനിർമ്മിതമോ, സ്ഥിരമോ താൽക്കാലികമോ ആയി ജലമൊഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ, കായൽ ജലത്താലോ, കടൽ വെളളത്താലോ നിറഞ്ഞതും, വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതും ആറു മീറ്ററിൽ താഴെയെങ്കിലും ആഴമുളളതുമായ, ജലസസ്യങ്ങളോ, ജലത്തിൽ വളരുന്നതിനു രൂപപ്പെട്ട സസ്യങ്ങളോ വളരുന്നതുമായ ഭൂപ്രദേശങ്ങളെയാണ് തണ്ണീർത്തടങ്ങൾ എന്നു നിർവ്വചിച്ചിരിക്കുന്നത്.
റാംസർ ഉടമ്പടിയിലെ അംഗമായ ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഈ ഉടമ്പടി പ്രകാരം മൊത്തം 677,131 ഹെക്ടർ വിസ്തൃതിയിൽ 25 തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളായി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ്. 115 നീർത്തടങ്ങളെയാണ് ഇന്ത്യയിൽ ഇതു വരെ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്. രാജ്യത്ത് ഭീക്ഷണി നേരിടുന്ന മറ്റു തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനായി സംരക്ഷണവും-പരിപാലനവും എന്ന നിയമാവലിക്ക് 2010-ൽ വനം-പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തിരുന്നു.
തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഇന്ന് ലോകത്തിൻ്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷികമാണ് . അതുകൊണ്ടു തന്നെ ലോക തണ്ണീർത്തടസംരക്ഷണ ദിനം വലിയ പ്രസക്തിയർഹിക്കുന്നുണ്ട്. തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉൾക്കൊളളുന്ന തണ്ണീർത്തടങ്ങൾ ഈ ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
നമ്മുടെ നാട് ഇന്നു വരൾച്ചയുടെ പിടിയിലാണ്. 44 നദികളുളള കേരളത്തിൽപ്പോലും കൊടും വരൾച്ച അനുഭവപ്പെടുന്നു എന്നു വരുമ്പോൾ നാം ഭയപ്പെടേണ്ടതുണ്ട്. ഈ അപകടാവസ്ഥയെ തരണം ചെയ്യാനും, അതിജീവിക്കാനും, മുൻകരുതലെടുക്കാനും മനുഷ്യർക്കല്ലാതെ മറ്റാർക്കും കഴിയില്ല എന്നു തിരിച്ചറിയേണ്ടതും നാം തന്നെയാണ്.
നമ്മുടെ ജലസ്രോതസ്സുകൾ പലതും മലീമസമാണെന്നതും, നാം സംരക്ഷിക്കാതെയിരിക്കുന്നുവെന്നതും മാത്രമല്ല; നാം അറിഞ്ഞും അറിയാതെയും അവ നശിപ്പിക്കുക കൂടി ചെയ്യുന്നു. മണലൂറ്റും, നദികൾ നികത്തലും തുടങ്ങി മനുഷ്യന്റെ കടന്നാക്രമണങ്ങളിൽ പുഴ മരിക്കുമ്പോൾ, ഇല്ലാതെയാക്കപ്പെടുന്നത് വരും തലമുറകളുടെ ഈ ഭൂമിയിൽ ജീവിക്കാനുളള അവകാശം കൂടിയാണ്.
അശാസ്ത്രീയമായ കൃഷിരീതികളും, ഉദാസീനമായ മാലിന്യ നിക്ഷേപവും, നിയന്ത്രണങ്ങളില്ലാത്ത വ്യവസായവും, വിനോദസഞ്ചാരമേഖലയുമെല്ലാം നമ്മുടെ ജലസ്രോതസ്സുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. .ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇനിയും ശക്തമായ നിയമങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. ഇവ മലിനപ്പെടുത്തുന്നവർക്ക് കഠിനമായ ശിക്ഷകളുണ്ടാവണം.
Share your comments