News

ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്‌ക്കാരം യാസ്മിന്

Courtesy-Asianet news

എട്ടാമത് ഏഷ്യാനെറ്റ് സ്ത്രീശക്തി പുരസ്ക്കാരം യാസ്മിന്

ഏഷ്യാനെറ്റ് ന്യൂസ് എട്ടാമത് സ്ത്രീശക്തി പുരസ്‌ക്കാരം യാസ്മിന്‍ അരിമ്പ്രയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. മലപ്പുറത്ത് സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി തരിശുപാടത്ത് പൊന്ന് വിളയിക്കുന്ന യാസ്മിന്‍,ഒരു നാടിനായി പ്രത്യേക ജൈവബ്രാന്‍ഡ് തന്നെയുണ്ടാക്കി. ഇതിന് പുറമെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാനുള്ള സ്‌കൂള്‍ ഉള്‍പ്പെടെയുള്ള മഹത്തായ സേവനങ്ങള്‍ വേറെയും ഉണ്ട് ഈ മിടുക്കിയുടെ പേരില്‍. 2018ലെ പുരസ്‌ക്കാരം നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിയ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജയ്ക്കായിരുന്നു.

Courtesy- Kudumbashree

യാസ്മിന്റെ കഥ

യാസ്മിന് 16 വയസുള്ളപ്പോഴാണ് ഉപ്പ പറഞ്ഞത്, ' ഇനി പഠിപ്പ് തുടരണ്ട, നീ വയലില് എന്നെ സഹായിക്ക്, പഠിപ്പിക്കാനുള്ള പണവും പാങ്ങും നമുക്കില്ല' പത്താംതരം പഠിച്ച് ജയിച്ചശേഷം കോളേജില്‍ പോകുന്നത് സ്വപ്‌നം കണ്ടിരുന്ന യാസ്മിന്റെ ലോകം ഇരുണ്ടതായി. എന്നാല്‍ അവള്‍ നിരാശയായില്ല. ഉറച്ച മനസോടെ മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ യാസ്മിന്‍ പാടത്തേക്കിറങ്ങി. ഇപ്പോള്‍ നെല്‍കൃഷിയും ഉത്പ്പന്നവില്‍പ്പനയും നടത്തുന്ന തെന്നല അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ഈ മുപ്പത്തിയഞ്ചുകാരി.

ഉയര്‍ച്ചയുടെ പാഠങ്ങള്‍

സ്വയം വളരുക മാത്രമല്ല യാസ്മിന്‍ ചെയ്തത്. 500 ല്‍ ഏറെ സ്ത്രീകളെ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സാക്കി കൃഷിയുടെ വഴിയിലൂടെ നടത്തി അവരെ ശാക്തീകരിച്ചു എന്നതും ശ്രദ്ധേയമാണ്. മുന്‍വര്‍ഷം 24 ലക്ഷം രൂപ ലാഭം നേടുകയും അത് അംഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തു യാസ്മിന്‍.

തുടക്കം

2010ലാണ് യാസ്മിന്‍ കുടുംബശ്രീയില്‍ ചേര്‍ന്നത്. കുടുംബശ്രീയില്‍ ചേര്‍ന്ന സ്ത്രീകളുടെ വിജയകഥകള്‍ യാസ്മിനെ പ്രചോദിപ്പിച്ചു. അവള്‍ ഓരോ നിമിഷവും തന്റെ കഴിവ് തെളിയിക്കണം എന്ന മുന്‍കരുതലോടെ മുന്നോട്ടുപോയി. രണ്ടു വര്‍ഷത്തിനുള്ളില്‍ തെന്മല പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റായി. നാട്ടിലെ നശിച്ചുപോയ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കണം എന്നതായിരുന്നു മനസില്‍. പുരുഷന്മാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍തേടി പോയതിനെ തുടര്‍ന്ന് തളര്‍ന്നുപോയ നെല്‍കൃഷി മേഖലയിലായിരുന്നു ഇടപെടല്‍. തരിശായി കിടക്കുന്ന കൃഷിയിടങ്ങളിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ ഇറങ്ങി. സ്ത്രീകള്‍ നിലം ഉഴുക പതിവില്ലെന്നും നല്ല വില കിട്ടില്ലെന്നുമൊക്കെ പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യാസിന്‍ പിറകോട്ടുപോയില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ച് തരിശുനിലങ്ങള്‍ പാട്ടത്തിനെടുത്ത് അവര്‍ കൃഷി തുടങ്ങി.

നെല്ലിടത്തിലെ ജന്മി

നാല് സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന 126 ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും ഒന്നു മുതല്‍ മൂന്നേക്കര്‍ വരെ ഭൂമി നല്‍കി. 126 ഏക്കറില്‍ തുടങ്ങിയ കൃഷി കുടുംബശ്രീയുടെ സഹായത്തോടെ 522 ഏക്കറായി മാറി.

യാസ്മിന്റെ തുടര്‍ പഠനം

ഈ തിരക്കിനിടയിലും 2013 ല്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസിലെ തുല്യത പരീക്ഷയ്ക്ക് ചേര്‍ന്നു വിജയിച്ചു. പഠനം ഇപ്പോഴും തുടരുന്ന യാസ്മിന്‍ സോഷ്യോളജിയില്‍ ബിരുദ പഠനത്തിലാണിപ്പോള്‍.

മൂല്യവര്‍ദ്ധനവ്

ആദ്യവര്‍ഷം 26 ടണ്ണും രണ്ടാംവര്‍ഷം 30 ടണ്ണും വിളവെടുത്തെങ്കിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നേട്ടം ഇടനിലക്കാര്‍ കൊണ്ടുപോയി. മാര്‍ക്കറ്റിംഗ്, പാക്കിംഗ്,സ്റ്റോറേജ്, വെയര്‍ഹൗസ് വാടകയ്‌ക്കെടുക്കല്‍,നെല്ല് പ്രോസസിംഗ് എന്നിങ്ങനെ പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് കാര്യങ്ങളില്‍ അനുഭവക്കുറവ് വലിയ പരിമിതിയായിരുന്നു. 2015 ല്‍ ധൈര്യസമേതം കമ്പനി രൂപീകരിച്ചു. ഇടനിലക്കാരുടെ തട്ടിപ്പില്‍ നിന്നും രക്ഷപെടാനും കൂടുതല്‍ വരുമാനം ലഭിക്കാനുമായിരുന്നു ഈ നീക്കം. കുടുംബശ്രീയും നബാര്‍ഡും 10 ലക്ഷം രൂപ വീതം നല്‍കി സഹായിച്ചു. ഓരോ അംഗങ്ങളും 1000 രൂപ വീതമിട്ട് ഷെയര്‍ഹോള്‍ഡേഴ്‌സായി. കൃഷി ഭവന്‍ സൗജന്യമായി വിത്തും ജൈവവളവും നല്‍കി.

തെന്നല അഗ്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി

2015 സെപ്തംബറിലാണ് തെന്നല അഗ്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി യാഥാര്‍ത്ഥ്യമായത്. ഇപ്പോള്‍ കൃഷി ചെയ്യുന്നതിനു പുറമെ, നെല്ല് അരിയാക്കി വില്‍ക്കുന്നു. പുറമെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായ അവല്‍,തവിട്,പായസം,അരിപ്പൊടി എന്നിവയും കമ്പനി മാര്‍ക്കറ്റ് ചെയ്യുന്നു. കോട്ടണ്‍ ബാഗുകളില്‍ 2 കിലോ,5 കിലോ, 10 കിലോ വീതമുള്ള പാക്കറ്റുകളായിട്ടാണ് തെന്നല അരി വില്‍പ്പന നടത്തുന്നത്. കുടുംബശ്രീ മേളകളിലും പ്രദേശത്തെ കടകളിലും താത്പ്പര്യപ്പെട്ടുവരുന്നവര്‍ക്കും ഇവ ലഭ്യമാക്കുന്നു.

ഭിന്നശേഷിക്കാരും യാസ്മിനും

യാസ്മിന്‍ 5 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഒപ്പം 36 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരു സ്‌കൂളും നടത്തുന്നു. ഇതിനായി മാസം 36,000 രൂപയാണ് യാസ്മിന്‍ ചിലവഴിക്കുന്നത്. ഈ കുട്ടികള്‍ക്ക് സ്വയം ജീവിക്കാന്‍ കഴിയുംവിധം ശാക്തീകരിക്കാന്‍ വൊക്കേഷണല്‍ പരിശീലനം നല്‍കാനും യാസ്മിന്‍ പദ്ധതിയിടുന്നുണ്ട്.

പഠനം അവസാനിപ്പിച്ച് വീട്ടിലിരിക്കുന്നതിനും പരിതപിക്കുന്നതിനും പകരം പ്രതിസന്ധികളെ അവസരങ്ങളാക്കിമാറ്റി സ്വയം ശാക്തീകരിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത യാസ്മിനെ പുരസ്‌ക്കാര ജേതാവായി ഏഷ്യാനെറ്റ് ന്യൂസ് പ്രഖ്യാപിച്ചത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്ന സ്ത്രീകളെ സ്ത്രീശക്തികളായി ഉയിര്‍ത്തെഴുനേല്‍ക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.


English Summary: Yasmin Arimbra bagged 8th Asianet news Sthree sakthi award

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine