1. സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകാൻ 20 ലക്ഷം രൂപ വരെ ഗ്രാന്റ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ 'കേരള ഇന്നൊവേഷൻ ഡ്രൈവ് 2022' ന്റെ ഭാഗമായ ഇന്നൊവേഷൻ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായാണ് ധനസഹായം ലഭിക്കുക. പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31 വരെയാണ്. മികച്ച ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്നിവ വഴി സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം 183ഓളം നൂതന ആശയങ്ങൾക്കായി 8.5 കോടിയോളം രൂപ അനുവദിച്ചു.
ഐഡിയ ഗ്രാന്റ്, പ്രൊഡക്ടൈസേഷൻ ഗ്രാന്റ്, സ്കെയിൽ അപ് ഗ്രാന്റ്, മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് എന്നിങ്ങനെയാണ് സാമ്പത്തിക സഹായം ലഭിക്കുക. സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെയും ആശയത്തെ മികച്ച സംരംഭങ്ങളാക്കി രൂപപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകും. അപേക്ഷകർ സാങ്കേതിക വൈദഗ്‌ധ്യമുള്ളവരാവണമെന്ന് നിർബന്ധമില്ല. നാല് വർഷം കൊണ്ട് 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യം. അറിവും നൈപുണ്യവും കൈമുതലായ വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഓണം സമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍
2. ഓണത്തോടനുബന്ധിച്ച് മഞ്ഞ റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യലായി ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പഞ്ചസാര കിലോയ്ക്ക് 21 രൂപ നിരക്കിലും 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും 10.90 രൂപ നിരക്കിലുമാണ് ലഭ്യമാകുക. ഓണത്തിന് മുന്നോടിയായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ഭക്ഷ്യോൽപന്നങ്ങളുടെ പൂഴ്ത്തിവെയ്പ്പ് തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പ് ജീവനക്കാരടങ്ങുന്ന പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം പുന:സ്ഥാപിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
3. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയും അനുവദിച്ചു. മെഡിക്കൽ കോളേജിലെ നവജാതശിശു വിഭാഗവും അഡ്വാൻസ്ഡ് മോഡിക്യുലാർ ഡയഗ്നോസിസ് ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ ജില്ലയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ 80% പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, പകര്‍ച്ച - പകര്‍ച്ചേതര വ്യാധി ക്ലിനിക്കുകള്‍, പ്രീ ചെക്-അപ്പ്, രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പു മുറികള്‍, നിരീക്ഷണ മുറികള്‍, മുലയൂട്ടല്‍ മുറികള്‍, വാക്‌സിനേഷന്‍ മുറികള്‍, വയോജന ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങള്‍, റാംപ് തുടങ്ങിയ രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകും. ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതോടെ കാത്തിരിപ്പു മുറി, വിവിധ ക്ലിനിക്കുകള്‍, ഇമ്മ്യൂണൈസേഷന്‍ മുറി, മുലയൂട്ടല്‍ മുറി, ഐയുഡി മുറി, ശൗചാലയം, സ്റ്റോര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രങ്ങളിലുണ്ടാകും.
4. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടുക, മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിനെ ചുമതലപ്പെടുത്തുക തുടങ്ങിയ കേരളത്തിൻ്റെ അവശ്യത്തിന് കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതായി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സബ്സിഡിയില്ലാത്ത മണ്ണെണ്ണ വിഹിതം വർധിപ്പിക്കുക, മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിനെ ചുമതലപ്പെടുത്താൻ പൊതുമേഖല എണ്ണക്കമ്പനികളോട് നിർദേശിക്കുക, മണ്ണെണ്ണയുടെ വിലനിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുക, മത്സ്യബന്ധനയാനങ്ങളിൽ പെട്രോൾ-ഡീഡൽ ഉപയോഗം വർധിപ്പിക്കുന്നതിന് സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയെ അറിയിച്ചത്. ഫിഷറീസ് മന്ത്രിക്ക് പുറമെ കേന്ദ്ര ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എ ശ്രീനിവാസ്, ഡയറക്ടർ ഓഫ് ഫിഷറിസ് ആദില അബ്ദുള്ള എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
5. കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ 'കൃഷിക്കൊപ്പം കളമശ്ശേരി'യ്ക്ക് അടുത്ത മാസം തുടക്കം കുറിയ്ക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ്. കളമശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി സർവ്വകലാശാലയിലെ 3 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
6. സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേരുടെ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' ക്യാമ്പയിന്റെ ഭാഗമായി 2 മാസം കൊണ്ടാണ് ആളുകളുടെ വീട്ടിലെത്തി സ്ക്രീനിംഗ് നടത്തിയത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുക വഴി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിലും വയനാട് ജില്ലയിൽ 90 ശതമാനം സ്‌ക്രീനിംഗും പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.
140 നിയോജക മണ്ഡലങ്ങളില്‍ ലക്ഷ്യം വച്ച പഞ്ചായത്തുകളില്‍ ഒരു മാസത്തിനകം സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കും. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 90 ശതമാനം സ്‌ക്രീനിംഗും പൂര്‍ത്തിയാക്കി. ബാക്കിയുള്ള പഞ്ചായത്തുകള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അതുകഴിഞ്ഞ് എല്ലാ പഞ്ചായത്തുകളിലും സ്‌ക്രീനിംഗ് ആരംഭിക്കുന്നതാണ്.
7. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓഗസ്റ്റ് 26ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വച്ചാണ് ചടങ്ങ് നടക്കുക. ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടനം ഓഗസ്റ്റ് 27, 28 തീയതികളിൽ നടക്കും. കൂടാതെ എറണാകുളത്തും കോഴിക്കോടും ഓണം മെട്രോ ഫെയർ നടക്കും. കേരളത്തിലെ കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് ഫെയറിൽ പ്രത്യേക സ്ഥാനം ലഭിക്കും. പിരപ്പൻകോട്, കോലിയക്കോട് ഭാഗത്തെ കർഷകരുടെ ഉത്പന്നങ്ങളായിരിക്കും തിരുവനന്തപുരത്തെ ഫെയറിൽ ലഭ്യമാകുക. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും ഫെയറുകൾ സംഘടിപ്പിക്കുക.
8. കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒല്ലൂരിൽ നിന്ന് കയറ്റുമതി ചെയ്തതത് 7.2 ടൺ പച്ചത്തേങ്ങ. വെട്ടുകാട് സംഭരണ കേന്ദ്രത്തിൽനിന്നുള്ള ആദ്യ ലോഡാണിത്.
കിലോക്ക് 32 രൂപ നൽകിയാണ് കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്. തേങ്ങ വില ഇടിഞ്ഞ് കർഷകർ പ്രതിസന്ധിയിലായതോടെയാണ് സർക്കാർ അധിക വില നൽകി പച്ചത്തേങ്ങ സംഭരിക്കാൻ തീരുമാനിച്ചത്.
9. ശാസ്ത്രീയ ജാതികൃഷി എന്ന വിഷയത്തിൽ പരിശീലനം നേടാം. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 23ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. താൽപര്യമുളളവർ ഓഗസ്റ്റ് 22ന് മൂന്ന് മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങൾക്ക് 8078572094 എന്ന നമ്പറിൽ ബന്ധപ്പെടാം.
10. അറേബ്യൻ ഉൾക്കടലിൽ നിന്ന് അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി പരിസ്ഥിതി കൃഷി മന്ത്രാലയം. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്. ഒക്ടോബർ 15 വരെ വിലക്ക് തുടരും. നിയമം ലംഘിക്കുന്നവരിൽ നിന്നും 300 റിയാൽ പിഴ ഈടാക്കും. ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകോപനത്തോടെയാണ് വിലക്കേർപ്പെടുത്തിയത്.
ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകോപനത്തോടെയാണ് അറേബ്യൻ ഉൾക്കടലിൽ അയക്കൂറയെ പിടിക്കുന്നത് വിലക്കിയിരിക്കുന്നത്. 2019ലാണ് അയക്കൂറയെ സംരക്ഷിക്കുന്നതിന് ജി.സി.സി കാർഷിക സഹകരണ സമിതി തീരുമാനമെടുത്തത്. മത്സ്യത്തിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തുന്നതെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ ഒമാൻറെ തീരപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും.
11. കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരും. പകൽ സമയത്തെ അപേക്ഷിച്ച് രാത്രി സമയങ്ങളിൽ താപനില കുറവായിരിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.
Share your comments