1. കേരളത്തിലെ മഞ്ഞ റേഷൻ കാർഡുകൾ ഉടൻ പരിശോധിക്കാൻ സർക്കാർ നിർദേശം. ജില്ലാ സപ്ലൈ ഓഫീസർമാർ കാർഡുകൾ നേരിട്ട് പരിശോധിച്ച് അർഹതയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തും. മഞ്ഞ കാർഡുകളിൽ 50 ശതമാനത്തിലധികവും ദുരൂപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടക്കുക. പൊതുവിതരണ ഉപഭോതൃകാര്യ കമ്മിഷണറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരംഗം മാത്രമുള്ള കാർഡുകളായിരിക്കും പരിശോധിക്കുക. പരിശോധനയിൽ യോഗ്യതയില്ലെന്ന് കണ്ടെത്തിയാൽ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. 5,87,700 മഞ്ഞ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. ഒരു കാർഡിന് 30 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കും.
കൂടുതൽ വാർത്തകൾ: റേഷൻ കാർഡ് - ആധാർ ലിങ്കിംഗ്; സമയ പരിധി നീട്ടി...കൂടുതൽ വാർത്തകൾ
2. കാംകോയിലെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി പി പ്രസാദ്. കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ 8 ഏക്കർ സ്ഥലത്തെ നെൽ കൃഷിയാണ് വിളവെടുത്തത്. 10 വർഷങ്ങൾക്കു മുമ്പ് രൂപീകരിച്ച കർഷക മിത്ര കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപനം സാദ്ധ്യമാക്കണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.
3. കേരളത്തലുടനീളം അത്യാധുനിക സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. പുത്തൂരിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങൾ ന്യായമായ വിലയിൽ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുമെന്നും, രണ്ടാം ഘട്ടത്തിൽ നെല്ല് സംഭരിച്ചതിന്റെ തുക കാലതാമസം കൂടാതെ കർഷകർക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. ബ്രഹ്‌മപുരത്ത് നടപ്പിലാക്കിവരുന്ന ആരോഗ്യ സേവനങ്ങൾ ഇനിയും തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരുമെന്നും സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരുമെന്നും, തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്താൻ സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. കാർഷിക ഉൽപന്നങ്ങൾ ഓണ്‍ലൈന്‍ വഴി വിൽക്കാൻ അവസരം. കര്‍ഷകര്‍ക്കും വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ക്കും കേരളഅഗ്രോ എന്ന പൊതു ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണനത്തിനായി കൃഷിവകുപ്പാണ് അവസരമൊരുക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, ലാബ് പരിശോധനാ റിപ്പോര്‍ട്ട്, ജി.എസ്.ടി രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഉണ്ടാകണം. താല്പര്യമുളള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും അതത് കൃഷിഭവനുമായി ബന്ധപ്പെടണം.
6. കാസർകോട് ജില്ലയിലെ പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു. ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് നഷ്ടം സംഭവിച്ച എന്‍മകജെ പഞ്ചായത്തിലെ ഫാമുകൾക്കാണ് നഷ്ടപരിഹാരം നൽകിയത്. ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പരിപാടി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്നും 30.82 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പന്നികളെ ശാസ്ത്രീയമായി സംസ്‌കരിച്ച് അണുനശീകരണം നടത്തിയ മൃഗസംരക്ഷണ വകുപ്പ് ദ്രുതകര്‍മ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
7. സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ പവന് 43,600 രൂപയായി. കഴിഞ്ഞ ദിവസം പവന് 43,768 രൂപയായിരുന്നു വില. ഈ മാസം തുടക്കത്തിലെ വില 41,280 രൂപയായിരുന്നു. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75 രൂപയാണ് വില.
8. റബ്ബർ കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷിക വിളകളുടെ ലിസ്റ്റിൽ റബ്ബർ ഉൾപ്പെടുത്തിയിട്ടില്ല. മാനദണ്ഡങ്ങൾ പ്രകാരം എംഎസ്പി പരിധിയിൽ റബ്ബറിനെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് രാജ്യസഭയിൽ മന്ത്രി അറിയിച്ചു.
9. ISAS ഇന്നൊവേഷൻ പുരസ്കാരം സ്വന്തമാക്കി ഡോ.സി.എ ജയപ്രകാശ്. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ ഏർപ്പെടുത്തിയ പുരസ്കാരം CSIR- NIIST മുൻ ഡയറക്ടർ പ്രൊഫ. അജയ ഘോഷാണ് ജയപ്രകാശിന് കൈമാറിയത്. കൊച്ചിയിലെ IMA ഹാളിൽ നടന്ന ഇന്ത്യൻ അനലിറ്റിക്കൽ സയൻസ് കോൺഗ്രസിൽ വച്ചാണ് പുരസ്കാര ദാനം നടന്നത്. വേസ്റ്റ് ടു വെൽത്ത് എന്ന ആശയത്തിലൂന്നിയ നൂതനവും ശ്രദ്ധേയവുമായ ഗവേഷണത്തിനാണ് അദ്ദേഹം അവാർഡിന് അർഹനായത്.
10. കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ജില്ലകളിൽ മഴ മുന്നറിയിപ്പ് ഒന്നും തന്നെ നൽകിയിട്ടില്ല. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments