അസമിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ ആറ് പെൺകുട്ടികൾ ചേർന്നാണ് കുളവാഴ കൊണ്ട് പ്രകൃതിദത്തമായ യോഗ മാറ്റ് ഉണ്ടാക്കുന്നത്.
100 ശതമാനം ജൈവവും മണ്ണിൽ വേഗത്തിൽ അലിഞ്ഞ് ചേരുന്നതുമായ പായയാണിത്. ഫൈബർ സംസ്കരണത്തിലൂടെയും സാങ്കേതിക വിദ്യയിലൂടെയുമാണ് ഇവർ പായ വികസിപ്പിച്ചെടുത്തത്. 'മൂർഹെൻ യോഗ മാറ്റ്' എന്നറിയപ്പെടുന്ന ഈ പായ ഉടൻ തന്നെ ലോക വിപണിയിൽ അവതരിപ്പിക്കും.
ഗുവാഹത്തി നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ശുദ്ധജല തടാകമായ ദീപോർ ബീലിന്റെ അതിർത്തിയിൽനിന്നുള്ളവരാണ് ഈ പെൺകുട്ടികൾ. അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമാണിത്. കൂടാതെ പക്ഷി വന്യജീവി സങ്കേതമായും ഇവിടം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 9 ഗ്രാമങ്ങളുടെ ഉപജീവന മാർഗ്ഗമാണ് ഈ തടാകം. പെൺകുട്ടികളുടെ രക്ഷിതാക്കളടക്കം മത്സ്യബന്ധന സമുദായത്തിൽ പെട്ട മുഴുവൻ പേരും തടാകത്തിൽനിന്ന് മീൻ പിടിച്ച് വിറ്റാണ് ഉപജീവനം നയിക്കുന്നത്. എന്നാൽ കുറച്ച് കാലം മുമ്പ് തടാകം നിറയെ കുളവാഴകൊണ്ട് മൂടപ്പെട്ടിരുന്നു. ഇതോടെ ഇവിടെയുള്ളവർ വരുമാനത്തിനായി വല്ലാതെ ബുദ്ധിമുട്ടാനും തുടങ്ങി.
ഇതിനൊരു പരിഹാരമെന്നോളം രാപ്പകൽ കഷ്ടപ്പെട്ടാണ് പെൺകുട്ടികൾ ചേർന്ന് പായ നിർമാണം എന്ന ആശയത്തിലെത്തിയത്. പിന്നീട് നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ടെക്നോളജി ആപ്ലിക്കേഷൻ ആൻഡ് റീച്ച് (NECTAR), ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ജിഎസ്ടി) കീഴിലുള്ള സ്വയംഭരണ സ്ഥാപനം, വനിത കൂട്ടായ്മയായ സിമാംഗ് എന്നിവയുടെ സഹായത്താൽ ഈ യുവ സംരംഭകർ തങ്ങളുടെ ആശയം സഫലീകരിച്ചു. ഈ ആറ് പെൺകുട്ടികൾ നയിക്കുന്ന വനിത കൂട്ടായ്മയാണ് സിമാംഗ്. ഇവരുടെ നേതൃത്വത്തിൽ ഗ്രാമത്തിലെ സ്ത്രീകൾ ചേർന്ന് കുളവാഴ ശേഖരിച്ച്, ഉണക്കിയാണ് പായ ഉണ്ടാക്കുന്നത്.
ഒന്നിലധികം പാരിസ്ഥിതികവും സാമൂഹികവുമായ നേട്ടങ്ങളാണ് ഈ പായ നിർമാണം കൊണ്ട് ഉണ്ടാകുന്നത്. കുളവാള നീക്കം ചെയ്യുന്നതിലൂടെ തണ്ണീർത്തടത്തിന്റെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും ജലാശയത്തെ സംരക്ഷിക്കാനും സാധിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. ഇതിലൂടെ ഗ്രാമത്തിലുള്ളവർക്ക് ഉപജീവനമാർഗ്ഗം തിരികെ നേടാനാകും. ഒപ്പം ഇവിടെയുള്ള സ്ത്രീകൾക്കും വരുമാനം നേടാനുള്ള അവസരമാണ് ഈ പായ നിർമ്മാണത്തിലൂടെ ലഭിക്കുന്നത്. മികച്ച ലാഭം നേടുന്നതിനാൽ സംരംഭത്തിലെ 38 സ്ത്രീകളുടെ വിവാഹനിശ്ചയമാണ് ഇതുവരെ നടന്നത്.
ആഗോളതലത്തിലേക്ക് കുളവാഴ പായയുടെ ശ്രദ്ധ തിരിയുന്നതിലൂടെ കൂടുതൽ ലാഭം കൊയ്യാനാകുമെന്ന് തന്നെയാണ് ഈ പെൺകുട്ടികളെപോലെ സംഘത്തിലെ മറ്റ് സ്ത്രീകളുടെയും പ്രതീക്ഷ.
Share your comments