1. റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് അക്ഷയാകേന്ദ്രങ്ങള്‍ മുഖേനയോ അല്ലെങ്കിൽ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം മുന്‍ഗണനാ കാര്‍ഡിന് അര്‍ഹമായ രേഖകളും സമര്‍പ്പിക്കണം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 7 1 2 4 6 3 2 0 8
2. 2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന 250-ാം നമ്പര്‍ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, യൂട്ടിലിറ്റി പെയ്‌മെന്റ്‌സ്, ഛോട്ടുഗ്യാസ്, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ സ്റ്റോറുകളിലൂടെ ലഭ്യമാകും. കൂടാതെ വ്യവസായ വകുപ്പിന്റെ 96 എം.എസ്.എം.ഇ ഉത്പ്പന്നങ്ങള്‍, കൃഷി വകുപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
3. ഈ വർഷത്തെ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലെയുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.പാടശേഖരസമിതി പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വാടക നിശ്ചയിച്ചത്. കൊയ്ത്ത് സുഗമമാക്കാൻ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട് യന്ത്രങ്ങൾ യഥാസമയം ലഭ്യമാക്കാൻ പാടശേഖരസമിതികൾ നടപടി സ്വീകരിക്കണം.
4. ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പന നടത്തി കാഷ്യൂ കോര്‍പ്പറേഷന്‍. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് . കാഷ്യൂ കോര്‍പ്പറേഷന്റെ ഉത്പ്പന്നങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ വഴി എല്ലാ ദിവസവും ലഭ്യമാണ്. കൂടാതെ ഉത്സവ സീസണുകളില്‍ എല്ലാ ഉത്പ്പന്നങ്ങളും പ്രത്യേക ഡിസ്‌കൗണ്ട് വച്ച് വില്ക്കാനും പദ്ധതിയുണ്ട്.
Share your comments