പരാജയസാധ്യത താരതമ്യേന കുറഞ്ഞ ഒരു സംരംഭമാണ് ആടുവളർത്തൽ ചെറുകിട സംരംഭം എന്ന രീതിയിൽ തുടങ്ങി വലിയ ബിസിനസിന്റെ വാതായനങ്ങൾ ഇതിലൂടെ നമുക്ക് തുറക്കുവാൻ സാധിക്കും. ആടുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയെ കുറിച്ചാണ് ഞങ്ങൾ ഇവിടെ പരാമർശിക്കാൻ പോകുന്നത്
സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കൊമേഴ്സ്യൽ ഗോട്ടറി യൂണിറ്റ് പദ്ധതി. മലബാറി ജനുസ്സിൽപ്പെട്ട 8000 രൂപ വീതം വിലമതിക്കുന്ന 19 പെണ്ണാടുകളും 10,000 രൂപ വിലവരുന്ന ഒരു മുട്ടനാടും അടങ്ങുന്ന പ്രജനന യൂണിറ്റ് ആണ് കൊമേഴ്സ്യൽ ഗോട്ടറി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 2,80,000 രൂപയാണ് പദ്ധതി അടങ്കൽ തുകയായി ഒരു യൂണിറ്റിന് കണക്കാക്കുന്നത്.
ഇത് എങ്ങനെ എന്ന് വെച്ചാൽ 1,62,000 രൂപ മൊത്തം ആടുകളെ വാങ്ങുവാനും, ഇവയുടെ കൂട് നിർമാണത്തിന് ഒരു ലക്ഷം രൂപയും, ഇൻഷുറൻസ് പരിരക്ഷ പതിനായിരം രൂപയുമാണ്. യാത്രാചെലവ്, മരുന്ന്, ധാതുലവണ മിശ്രിതം എന്നിവയ്ക്കായി 8000 രൂപയും പദ്ധതിപ്രകാരം നൽകും. ആടുകളുടെ തീറ്റ ചെലവ് ഉൾപ്പെടെയുള്ള എല്ലാവിധ പരിപാലന ചെലവുകളും ഗുണഭോക്താവ് സ്വന്തമായി വഹിക്കണം.
എന്നാൽ ഒരു യൂണിറ്റ് സ്ഥാപിക്കുവാൻ പരമാവധി ഒരു ലക്ഷം രൂപ വരെ മൃഗസംരക്ഷണവകുപ്പ് സബ്സിഡി അനുവദിക്കും. ബാക്കി ഗുണഭോക്തൃവിഹിതം ആണ്. ഈ പദ്ധതിയിൽ അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്ത മൃഗാശുപത്രി യുമായി ബന്ധപ്പെടാം. ഒട്ടു മിക്ക ജില്ലകളിലും ഇതിൻറെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വനിതാ സംരംഭകർക്ക് ഈ പദ്ധതിയിൽ മുൻഗണനയുണ്ട്. പദ്ധതിക്ക് തിരഞ്ഞെടുക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് ആടുവളർത്തൽ യൂണിറ്റ് നടത്തുന്നതാണ് എന്ന കരാറിൽ ഒപ്പിട്ടു നൽകണം. സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെൻറ് ഭൂമിയെങ്കിലും ഉള്ളവരായിരിക്കണം മൃഗസംരക്ഷണവകുപ്പ് നടത്തിവരുന്ന ഈ പദ്ധതിയിൽ അപേക്ഷിക്കുവാൻ.
Share your comments