മലയാളത്തിന്റെ സ്വന്തം പുട്ട്. ഇന്ന് ഐസ്ക്രീമിലെ വൈവിധ്യത്തിന് വരെ പുട്ട് പരീക്ഷിക്കുന്നവരാണ് ഏറെയും. എന്നാൽ കേരളത്തിന് പുറത്ത് പോകുന്നവർക്ക് പുട്ട് എന്നാൽ വെറുമൊരു ഭക്ഷണം മാത്രമല്ല, മാതൃനാടിന്റെ തനതായ രുചി കൂടിയാണ്. അതിനാൽ തന്നെ കേരളത്തിന് പുറത്ത് വലിയ ഡിമാൻഡുള്ള പ്രാതൽ കൂടിയാണ് പുട്ട് എന്ന് പറയാം.
ബന്ധപ്പെട്ട വാർത്തകൾ: രുചിയുടെ കലവറയാണ് പെഴ്സിമൺ
പുട്ട് പല പല മാവുകൾ ഉപയോഗിച്ച് ഉണ്ടാക്കാമെങ്കിലും അരിപുട്ടിനാണ് പ്രിയം കൂടുതൽ. ഗോതമ്പ് പുട്ട് സ്വാദിൽ കേമനാണെങ്കിലും അരിപുട്ട് പോലെ സോഫ്റ്റ് അല്ലെന്നതും, പാകം ചെയ്യാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നതും വാസ്തവമാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ട് വളരെ പെട്ടെന്ന് തയ്യാറാക്കുന്നത് എങ്ങനെയാണ് ഇവിടെ പരിചയപെടുത്തുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ റെസിപ്പിയാണ് ഗോതമ്പ് മാവ് കൊണ്ടുള്ള ഈ സ്പെഷ്യൽ പുട്ട്.
ഗോതമ്പ് മാവ് സോഫ്റ്റ് അല്ലെങ്കിലും, പുട്ട് ഉണ്ടാക്കുമ്പോൾ അരിപുട്ടിനെ വെല്ലുന്ന തരത്തിൽ മൃദുവാക്കാനുള്ള മികച്ച ഉപായമാണിത്. അതായത്, ഗോതമ്പ് മാവ് കുഴക്കുമ്പോൾ ചേർക്കുന്ന വെള്ളത്തിൽ വ്യത്യാസം വരുത്തിയാണ് ഈ പുട്ട് ഉണ്ടാക്കുന്നത്. ഇതിനായി നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയെന്ന് ആദ്യം മനസിലാക്കാം.
ഗോതമ്പ് മാവ് (Wheat flour) – 1 ഗ്ലാസ്
ഐസ് (Ice) – ¾ ഗ്ലാസ്
ഉപ്പ് (Salt) – ആവശ്യത്തിന്
ചിരകിയ തേങ്ങ (Grated coconut)– ആവശ്യത്തിന്
ബന്ധപ്പെട്ട വാർത്തകൾ: ഉഡുപ്പി സാമ്പാറിന്റെ രുചിക്ക് കാരണം ഈ അതിസ്വാദിഷ്ഠ പച്ചക്കറി ഇനമാണ്...
ഇനി എങ്ങനെ സോഫ്റ്റ് പുട്ട് തയ്യാറാക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്. ആദ്യം ഗോതമ്പ് പൊടി വറുത്തെടുക്കുക. ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇത് ചൂടാറാനായി അനുവദിക്കുക.
പൊതുവെ പുട്ടിനുള്ള മാവ് കുഴച്ചെടുക്കാൻ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവിടെ ഐസ് ഇട്ട് കറക്കുന്ന ഒരു ട്രിക്ക് ആണ് നമ്മൾ ഉപയോഗിക്കുന്നത്.
ഇതിനായി ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കുകയാണ് വേണ്ടത്. അതായത്, ഗോതമ്പ് പൊടി ഒരു ഗ്ലാസിൽ എടുത്ത് മിക്സിയിൽ ഇടുക. പാകത്തിന് ഉപ്പും, മുക്കാൽ ഗ്ലാസ് ഐസും ഇതിലേക്ക് ഇട്ട് വേണം അടിച്ചെടുക്കാനുള്ളത്. ഇത് അടിച്ചെടുത്ത ശേഷം ആവശ്യത്തിനുള്ള നനവ് ഇല്ലെന്ന് തോന്നിയാൽ വീണ്ടും ഐസ് ചേർക്കാവുന്നതാണ്. ഈ മാവ് മിക്സിയിൽ നിന്ന് മാറ്റി കൈകൊണ്ട് ഉടച്ചെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വാതത്തെയും പിത്തത്തെയും ശമിപ്പിക്കും ഗോതമ്പ്
ശേഷം ഈ മാവ് സാധാരണ നമ്മൾ പുട്ടുകുറ്റിയിൽ തേങ്ങ കൂടി ചേർത്ത് നിറയ്ക്കുന്ന പോലെ നിറച്ച് കൊടുക്കുക. എന്നാൽ, പുട്ടുകുറ്റിയുടെ മുകൾ ഭാഗത്തേക്ക് എത്തുമ്പോൾ മാവിന്റെ മീതെ ഒന്ന് അമർത്തി കൊടുക്കുന്നത് നല്ലതാണ്.
പുട്ട് ആവിയിൽ വേവിച്ചെടുക്കുക. എന്നാൽ ആവി വന്ന് രണ്ട് മിനിറ്റ് കൂടി വേവിക്കാനായി ശ്രദ്ധിക്കുക. കാരണം മാവിന് നല്ല നനവുള്ളതിനാൽ തന്നെ ഇത് വേവാനുള്ള സമയം കുറച്ചു കൂടുതൽ കൊടുക്കണം. പുട്ടുകുറ്റിയിൽ നിന്ന് പാത്രത്തിലേക്ക് മാറ്റിയ പുട്ട് കണ്ടാൽ തന്നെ മനസിലാകും നല്ല പഞ്ഞി പോലുള്ള ഗോതമ്പ് പുട്ടാണിതെന്ന്. അരി പുട്ടിനേക്കാൾ വളരെ സോഫ്റ്റായി ഇനി ഗോതമ്പ് പുട്ട് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന വിദ്യയാണ് ഐസ് ചേർത്തുള്ള ഈ രുചി.
ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണമായി ഓട്ട്സ് പുട്ട് കഴിക്കാം
Share your comments