നോമ്പ് തുറ വിഭവങ്ങളിൽ പ്രധാനിയാണ് ഉന്നക്കായ .മലബാറിൽ നിന്നാണ് ഉന്നക്കായ പ്രചരിച്ചത്. അത് പിന്നീട് മധുരം ഇഷ്ടപ്പെടുന്നവരും ഏറ്റുപിടിച്ചു. ഏതായാലും നോമ്പുതുറ കാലത്ത് ഉന്നക്കായക്ക് വലിയ ഡിമാൻഡ് ആണ്.
ഉന്നക്കായ മാത്രം അന്വേഷിച്ചെത്തുന്ന നിരവധി ആൾക്കാർ ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഉന്നക്കായുടെ സ്വാദിന് ഇപ്പോൾ ആരാധർ കൂടുതലാണ് എന്ന് ചുരുക്കം. എങ്കിൽ പിന്നെ വീട്ടിൽതന്നെ നേന്ത്രപ്പഴം കൊണ്ട് ഉന്നക്കായ ഉണ്ടാക്കാം. വലിയ വില കൊടുത്തു് കടയിൽ നിന്ന് വാങ്ങി കഷ്ടപ്പേടേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ
ആവശ്യമായ ചേരുവകൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം - 3 എണ്ണം
അരിപൊടി - 2 ടേബിൾസ്പൂൺ
റൊട്ടിപ്പൊടി കുറച്ച്
തേങ്ങ ചിരകിയത് - 1 കപ്പ്
കോഴി മുട്ടയുടെ വെള്ള - 4 എണ്ണം
നെയ്യ് - 1 ടേബിൾസ്പൂൺ
പഞ്ചസാര - 4 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
കശുവണ്ടി, കിസ്മിസ് - ആവശ്യത്തിന്
എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ഒരു വിസിലിൽ പഴം തൊലികളയാതെ വേവിക്കുക. പഴം വേവിച്ചെടുത്ത ശേഷം, പഴത്തൊലിയും ഉള്ളിലെ കറുത്ത ഭാഗവും കളഞ്ഞു നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് അരിപൊടി കൂടെ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.
പഴം മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുത്താലും മതി. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായി വന്നാൽ നെയ്യ് ചേർത്ത് കൊടുക്കാം, അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക.
ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. പരത്തുമ്പോൾ കയ്യിൽ എണ്ണ പുരട്ടിയാൽ പഴം കയ്യിൽ ഒട്ടിപ്പിടിക്കില്ല.
പരത്തിയ പഴത്തിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. പഴത്തിന്റെ ഉള്ളിൽ വയ്ക്കുന്ന കൂട്ടാണ് ഇതിന്റെ ഹൈലൈറ്റ്. അത് എത്ര സ്വീറ്റ് ആയി ഉണ്ടാക്കുന്നു അത്രയും ഡിമാൻഡ് കൂടും ഉന്നക്കായക്ക് . ഇത് മുട്ടയുടെ വെള്ളയിൽ മുക്കി വീണ്ടും റൊട്ടിപ്പൊടിയിൽ പുരട്ടിയെടുത്ത് ചൂടായി വന്ന എണ്ണയിൽ വറുത്തെടുക്കുക. നല്ല സ്വാദുള്ള ഉന്നക്കായ തയ്യാർ.
Share your comments