യാത്ര ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. അതും കീശയിലൊതുങ്ങുന്ന തുകയ്ക്ക് ഒന്നു ചുറ്റിക്കറങ്ങാനും പുറംനാടൊക്കെ കണ്ട് ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പവും സോളോ ട്രിപ്പായുമെല്ലാം ഉല്ലാസയാത്രകളിൽ ഏർപ്പെടുന്നവരും ഇന്ന് ധാരാളമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മൺറോ തുരുത്തും സാംബ്രാണിക്കോടിയും തിരുമുല്ലവാരം ബീച്ചും കറങ്ങി വരാം; കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം
നമ്മുടെ കൈയിലൊതുങ്ങുന്ന പണത്തിന് യാത്ര പ്ലാൻ ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
ദീർഘദൂര യാത്രകൾക്ക് എപ്പോഴും ട്രെയിൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. യാത്രചെലവ് നിയന്ത്രിക്കുന്നതിന് ഇത് ഉത്തമ മാർഗമാണ്. അതായത് കേരളത്തിൽ നിന്ന് ജമ്മു കാശ്മീർ വരെ നിങ്ങൾ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ വെറും 1020 രൂപയ്ക്ക് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യാം. സാമ്പത്തികമായി ഇവ മികച്ചതെന്നതിന് ഉപരി സുഖകരമായി യാത്ര ചെയ്യാനും ഇത് നല്ലതാണ്.
അതുപോലെ കൊടൈക്കനാൽ പോലുള്ള ടൂറിസ്റ്റ് പ്രദേശങ്ങളിൽ പോലും ട്രെയിനിലും പിന്നീട് ബസിലുമാക്കി യാത്ര ചെയ്ത് ലാഭകരമായി ഒരു ട്രിപ്പ് പോയി വരാം.
ഫ്ളൈറ്റ് നേരത്തെ ബുക്ക് ചെയ്യാം
മാസങ്ങൾക്ക് മുൻപേ ഫ്ലൈറ്റ് ടിക്കറ്റി ബുക്ക് ചെയ്യുന്നതിനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ പകുതിയിലധികം രൂപ ഫ്ലൈറ്റ് ചാർജിൽ നിന്നും ലാഭിക്കാം. അടുത്ത ആഴ്ചത്തേക്കും അടുത്ത മാസത്തേക്കുമുള്ള ടിക്കറ്റുകളുടെ നിരക്കുകൾ തമ്മിൽ നല്ല വ്യത്യാസം ഉണ്ടാകും. കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നവരും സുഹൃത്തുക്കളുമായി പോകുന്നവരും മിനിമം ഒരു മാസം മുൻപെങ്കിലും ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുക.
സ്വകാര്യ ബസുകളേക്കാൾ സർക്കാർ ബസുകളിൽ ചാർജ് വളരെ കുറവാണ്. കാഴ്ചകൾ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് ബസ് നല്ല ഓപ്ഷനാണ്. അഥവാ ടാക്സി എടുക്കേണ്ട അത്യാവശ്യം വന്നാൽ ഷെയർ ചെയ്ത് പോകുന്ന രീതിയിൽ ആളുകളെ കണ്ടെത്തുക.
ഹോസ്റ്റലുകൾ നോക്കാം
യാത്ര ചെയ്യുന്ന വാഹനം പോലെ താമസ സൗകര്യത്തിലും കാര്യമായ ശ്രദ്ധ വേണം. അങ്ങനെയെങ്കിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. വൻ ഹോട്ടലുകൾ ഒഴിവാക്കി യൂത്ത് ഹോസ്റ്റലുകൾ പോലുള്ള സൗകര്യങ്ങൾ നോക്കാം. എന്നാൽ വൃത്തിയും സുരക്ഷിതവുമായുള്ള ഹോസ്റ്റലുകൾ വേണം. പോണ്ടിച്ചേരി, ചെന്നൈ, രാജസ്ഥാൻ പോലെ മിക്കയിടങ്ങളിലും ദിവസം 100 രൂപ, 150 രൂപ, 300 രൂപ എന്നീ നിരക്കിൽ ഹോസ്റ്റലുകൾ ലഭ്യമാണ്. ട്രെക്കിങ്ങും മലയോര പ്രദേശങ്ങളിലും യാത്ര ചെയ്യുന്നവർ റെന്റ് കെട്ടി താമസിക്കുന്നതിനായി സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കണം.
യൂത്ത് ഹോസ്റ്റൽ കൂടാതെ, സോസ്റ്റൽ, ബാക്ക്പാക്കേഴ്സ് പാണ്ട, ഗോ സ്റ്റോപ്സ്, ഹോസ്റ്റലീർ തുടങ്ങി നിരവധി ചെയിൻ ഹോസ്റ്റലുകൾ യാത്രയ്ക്ക് ലഭ്യമാണ്. ഹോസ്റ്റലുകളേക്കാൾ സൗകര്യങ്ങൾ ഇവിടെ കൂടുതൽ ഉണ്ടാകും. എന്നാൽ പ്രൈവസി താരതമ്യേന ഇവിടെ കുറവാണ്.
തിരക്കുള്ള സമയം ഒഴിവാക്കാം
കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ യാത്ര ചെയ്യുന്നതിലും നന്നായി ശ്രദ്ധിക്കണം. ഒരുപാട് തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യരുത്. അതുപോലെ സീസൺ സമയങ്ങളിൽ ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഹോസ്റ്റലുകൾക്കും മറ്റും നിരക്ക് കൂടുതലായിരിക്കും. അതിനാൽ ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നത് ചിലവ് വർധിപ്പിക്കും.
ഭക്ഷണം കാര്യമാക്കാം
ഭക്ഷണത്തിൽ വലിയ നിയന്ത്രണം വേണ്ട. യാത്രയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ആഹാരം കഴിയ്ക്കുക. ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. വൃത്തിയുള്ള കടകളിൽ നിന്നും വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
Share your comments