ചർമത്തിന്റെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത ഉൽപ്പന്നങ്ങളാണ് മികച്ചത്. രാസവസ്തുക്കളുടെ ഉപയോഗം വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ സൗന്ദര്യ സംരക്ഷണത്തിനും മുഖകാന്തി വർധിപ്പിക്കുന്നതിനും വീട്ടിൽ തന്നെ ചില പൊടിക്കൈ പ്രയോഗം നടത്തുന്നതായിരിക്കും നല്ലത്. വലുതായി സമയം ചെലവഴിക്കാതെ, എളുപ്പ മാർഗത്തിൽ ചർമം സംരക്ഷിക്കാൻ ഐസ് ഉപയോഗപ്രദമാണ്.
ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖത്തിനും ചർമത്തിനും കൂടുതൽ ആരോഗ്യം നൽകുന്നു. ഐസ് മസാജ് രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഇതിനെ തുടർന്ന് ശരീരം രക്തയോട്ടം വർധിപ്പിക്കുന്നതിനായി മുഖത്തേക്ക് കൂടുതല്‍ രക്തം കടത്തിവിടുന്നു. ഇത് മുഖത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു.
മുഖത്തിന് മാത്രമല്ല, കണ്‍തടത്തിലെ കറുപ്പ് നീക്കാനും ഐസ് ക്യൂബുകള്‍ വളരെ നല്ലതാണ്. കണ്ണിന് തണുപ്പ് കിട്ടാനും കരിവാളിപ്പ് മാറാനും ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവുക. വെള്ളരിക്കയുടെ നീര് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഐസ് കട്ടയാക്കിയും ഉപയോഗിക്കാം.
അതുപോലെ പാലിനെയും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ക്യൂബാക്കി മുഖത്ത് പുരട്ടാം. ഇത് ഒരു എക്‌സ്‌ഫോളിയേറ്ററിനെ പോലെ പ്രവർത്തിക്കും. ഐസ് ക്യൂബ് ചർമത്തിന് നൽകുന്ന സംരക്ഷണത്തിന് പുറമെ, പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാനും ഫലപ്രദമാണ്.
ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നതിലൂടെ മുഖത്തെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സുഷിരങ്ങള്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. ഇത് എണ്ണമയമുള്ള മുഖത്തിന് പ്രതിവിധിയാണ്. ഐസ് ക്യൂബ് ഉണ്ടാക്കുമ്പോൾ അതിൽ കുറച്ച് നാരങ്ങാനീര് ചേർക്കുന്നതും മുഖത്തെ കൂടുതൽ സുന്ദരമാക്കുന്നതിന് സഹായിക്കുന്നു.
മേക്കപ്പ് ഇടുന്നതിന് മുൻപ് ഒരു ഐസ്‌ക്യൂബോ ഐസ് പാക്കോ മുഖത്ത് തേക്കുന്നതും, മേക്കപ്പ് കൂടുതല്‍ നേരം മുഖത്ത് നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഇതിന് പുറമെ, മുഖം കഴുകുന്നതിലുൾപ്പെടെ നിരവധി കാര്യങ്ങൾ ചർമ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദിവസം എത്ര തവണ മുഖം വൃത്തിയാക്കണം എന്നതിലുൾപ്പെടെ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസേന രാവിലെയോ വൈകുന്നേരമോ അല്ലെങ്കിൽ രാത്രിയിലോ ഒരു തവണ ശ്രദ്ധയോടെ മുഖം കഴുകണം.
മുഖം പല പ്രാവശ്യം കഴുകുന്നത് അഴുക്കുകൾ നീക്കാൻ സഹായിക്കുമെന്ന ധാരണ തെറ്റാണ്. അമിതമായി മുഖം കഴുകുന്ന ശീലം മിക്കവരുടെയും ചർമത്തിൽ ഈർപ്പത്തിന്റെ അഭാവത്തിന് കാരണമായേക്കാം. മുഖം വരണ്ടുണങ്ങുന്നതിനും ഇത് കാരണമാകുന്നു.
വ്യായാമ ശേഷവും എന്തെങ്കിലും പ്രയത്നമുള്ള ജോലിയ്ക്കും ശേഷം മുഖക്കുരുവിനെ പ്രതിരോധിക്കാനായി മുഖം കഴുകുന്നത് നല്ലതാണ്.
എണ്ണമയമുള്ള മുഖചർമമുള്ളവർ രാവിലെയും രാത്രിയും പതിവായി കഴുകണം. വരണ്ട ചർമവും സെൻസിറ്റീവ് ചർമമുള്ളവരും ദിവസവും വൈകുന്നേരങ്ങളിൽ ഒരു തവണ മാത്രം മുഖം കഴുകുന്നതാണ് ഉത്തമം. വരണ്ട ചർമമുള്ളവർ തൈരിൽ തേൻ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. എണ്ണമയമുള്ള ചർമക്കാർ തൈരിൽ നാരങ്ങാനീര് യോജിപ്പിച്ചുള്ള ഫേസ് പായ്ക്കും ഉപയോഗിക്കണം.
Share your comments