മിക്ക വീടുകളിലും ഓഫീസുകളിലും അലങ്കാരസസ്യങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. അതില്‍ത്തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലക്കി ബാംബു.
പേര് സൂചിപ്പിക്കുന്നതുപോലെ പോസിറ്റീവ് എനര്‍ജിയും ഭാഗ്യവും കൊണ്ടുവരാന്‍ കഴിയുന്ന സസ്യമായാണ് ലക്കി ബാംബുവിനെ കണക്കാക്കുന്നത്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയില്‍ ലക്കി ബാംബുവിന് വലിയ പ്രാധാന്യ തന്നെയുണ്ട്. അലങ്കാരത്തെക്കാള്‍ ഉപരി പോസറ്റീവ് എനര്‍ജി നിറയ്ക്കുന്ന ഒന്നാണിതെന്നാണ് വിശ്വാസം. ലക്കി ബാംബു വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക്.
പേരിലും കാഴ്ചയിലും മുളകളോട് സാമ്യം തോന്നാമെങ്കിലും ലക്കി ബാംബു മുളവര്‍ഗത്തില്‍പ്പെട്ട ചെടിയല്ല. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണിത്. ലക്കി ബാംബു വളര്‍ത്താന്‍ വെളുത്ത സെറാമിക് പോട്ടുകളോ ഗ്ലാസ് പോട്ടുകളോ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മിക്കവാറും ആളുകള്‍ വെളളത്തിലാണ് ലക്കി ബാംബു വളര്‍ത്തുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വെളളം മാറ്റാന്‍ ശ്രദ്ധിക്കണം. ചെടി വളരുന്നതിനനുസരിച്ച് വെളളത്തിന്റെ അളവും വര്‍ധിപ്പിക്കണം.
വേരുകള്‍ കൂടുന്നതിനനുസരിച്ച് പച്ചപ്പുളള ഇലകള്‍ മുകള്‍ഭാഗത്തുണ്ടാകും. വെളളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ ആവശ്യത്തിന് വെളളമുണ്ടെന്ന് ഉറപ്പാക്കണം. ഇലകള്‍ വെളളത്തിന് പുറത്തായിരിക്കണം. വേരുകള്‍ പാത്രത്തിന് പുറത്തേക്ക് വളരാന്‍ തുടങ്ങുമ്പോള്‍ പ്രൂണ്‍ ചെയ്യാന്‍ ശ്രദ്ധിക്കാം. അല്ലാത്തപക്ഷം വേര് നശിച്ചുപോകാന്‍ സാധ്യതയുണ്ട്. മണ്ണിലാണ് വളര്‍ത്തുന്നതെങ്കില്‍ വെളളം വാര്‍ന്നുപോകുന്ന ദ്വാരമുളള പാത്രങ്ങളില്‍ വളര്‍ത്തണം. വെളളം കെട്ടിനില്‍ക്കാന്‍ വിടാതെ നനച്ചുകൊടുക്കണം.
വീടുകളില്‍ വളര്‍ത്തുമ്പോള്‍ മിക്കവാറും സ്വീകരണമുറികളിലാണ് ലക്കി ബാംബുവിന്റെ സ്ഥാനം. ഇത് നടുന്നത് ചി്ല്ലുപാത്രത്തിലാണെങ്കില്‍ അലങ്കാര കല്ലുകള്‍, മാര്‍ബിളുകള്‍, ജെല്ലുകള്‍ എന്നിവയെല്ലാമിടുകയാണെങ്കില്‍ നല്ല ഭംഗി തോന്നിക്കും.
മിതമായ സൂര്യപ്രകാശം കിട്ടുന്നിടത്തായിരിക്കണം ചെടി വയ്‌ക്കേണ്ടത്. തീരെ വെളിച്ചം കിട്ടാത്തയിടത്ത് വയ്ക്കരുത്. അതുപോലെ ക്ലോറിന്‍ കലര്‍ന്ന വെളളം ഒഴിയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇലകളില്‍ മഞ്ഞ നിറം കണ്ടാല്‍ ആ ഭാഗം മുറിച്ചുമാറ്റണം. വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്‍കാനും ലക്കി ബാംബുവിനെ പ്രയോജനപ്പെടുത്താം. രണ്ടോ മൂന്നോ തട്ടുകളിലായി അലങ്കരിച്ച ലക്കി ബാംബു വിപണിയില്‍ ലഭ്യമാണ്. തട്ടുകളുടെ എണ്ണത്തിനനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.
Share your comments