കാലാവസ്ഥാ വ്യതിയാനത്തിൻ്റെ തീവ്രത തിരിച്ചുവരാനാകാത്ത വിധം മനുഷ്യരാശിയെ അപകടകരമായ നിലയിലേയ്ക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠനം. ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളും സമുദ്രത്തോട് ചേര്‍ന്ന മേഖലകളും വലിയ ഭീഷണി നേരിടുകയാണെന്നും 'നേച്ചര്‍' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുൻപ് ഗവേഷകര്‍ കരുതിയിരുന്നതിലും വേഗത്തിലാണ് ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ ഉരുകുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ സാധാരണയായി സ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് അനുസരിച്ചാണ് ഉരുകുന്നത്. എന്നാല്‍ അതിവേഗം വര്‍ധിച്ചുവരുന്ന അന്തരീക്ഷോഷ്മാവ് മഞ്ഞുരുകലിൻ്റെ വേഗത അസാധാരണമാം വിധം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഗ്രീന്‍ലാന്‍ഡിൻ്റെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഭീമാകാരമായ മഞ്ഞുപാളികള്‍ പൊട്ടി കഷ്ണങ്ങളാവുകയും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എത്തിച്ചേരുകയും ഇവ ഉരുകി സമുദ്രനിരപ്പ് ഉയർത്തുകയും ചെയ്യുന്നു. അന്തരീക്ഷോഷ്മാവിലെ വര്‍ധനവ് ഈ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കുന്നതായി പഠനം കണ്ടെത്തുന്നു. വന്‍തോതിലുള്ള മഞ്ഞുരുകലിൻ്റെ പ്രതിഫലനങ്ങള്‍ ആദ്യം ദൃശ്യമാകുന്നത് ലോകത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കടലോര മേഖലകളിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ 10 എണ്ണം സ്ഥിതിചെയ്യുന്നതും, 40-50 ശതമാനം ജനങ്ങള്‍ അധിവസിക്കുന്നതും കടലോര മേഖലകളിലാണ്. മഞ്ഞുരുകുന്നതു മൂലം സമുദ്രനിരപ്പ് ഉയരുന്നത് ഈ പ്രദേശങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളില്‍നിന്ന് ഒരു പിന്നോട്ടുപോക്ക് സാധ്യമല്ല. പുതിയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളുകയും ആഗോളതാപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ആകെ ചെയ്യാനുള്ളതെന്നും ഗവേഷകർ പറയുന്നു.
English Summary: greenland climate change ice melt
Share your comments