ഒരു ചെറിയ പുഞ്ചിരിയോടെ ദിവസം ആരംഭിക്കണമെന്നാണ് പറയുന്നത്. ആ ദിവസത്തിലെ പൂർണ പ്രവർത്തനങ്ങളിലേക്കുമുള്ള ആത്മവിശ്വാസത്തിന്റെ ചരട് നമ്മുടെ ഒരു പുഞ്ചിരിയിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ, നമ്മുടെ സ്വന്തം ചിരിയിലും ആത്മവിശ്വാസമുണ്ടാവണം എന്നത് അനിവാര്യമായ
ഘടകമാണ്.
അതിന് മനോഹരമായ പല്ലുകൾ വളരെ പ്രധാനമാണ്. എന്നാൽ പല്ലുകളിലുണ്ടാവുന്ന പ്രശ്നങ്ങൾ, അതായത് പല്ലിലെ കറയും നിറവും മിക്കവരുടെയും ആത്മവിശ്വാസത്തിനെ ബാധിക്കുന്നുണ്ട്. ഇത്തരം ദന്ത പ്രശ്നങ്ങൾ ഒഴിവാക്കാൻ വീട്ടിൽ തന്നെ ഉപായങ്ങളുണ്ട്. ഇങ്ങനെ നമ്മുടെ ദിനചൈര്യകളിൽ അൽപം ശ്രദ്ധ കൊടുത്താൽ പല്ലുകൾ കേടുകൂടാതെ മനോഹരമായി സൂക്ഷിക്കാൻ സാധിക്കും.
പല്ലിന് പ്രയോഗിക്കാവുന്ന പൊടിക്കൈകൾ
ഭക്ഷണശേഷം ച്യൂയിംഗ് ഗം
ആഹാരം കഴിച്ച ശേഷം മധുരമില്ലാത്ത ഒരു കഷണം ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ച്യൂയിംഗ് ഗം ചവയ്ക്കുന്നതിലൂടെ ഉമിനീര്‍ പ്രവാഹം വര്‍ധിപ്പിക്കാനാവുന്നതാണ്. ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാവാൻ ഉമിനീർ സഹായിക്കുമെന്നതിനാൽ തന്നെ 20 മിനിറ്റ് വരെ ച്യൂയിംഗ് ഗം ചവച്ചരച്ചക്കുന്നത് ഗുണം ചെയ്യും.
ഭക്ഷണശേഷം ഫ്‌ലൂറൈഡ് കലര്‍ന്ന വെള്ളം
മുൻപ് പറഞ്ഞത് പോലെ പല്ലുകൾ സുരക്ഷിതമായിരിക്കാൻ ഉമിനീർ സുപ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം ഉമിനീരിന്റെ ഉൽപാദനം കുറയ്ക്കുകയാണ് ചെയ്യുന്നത്.
അതിനാൽ തന്നെ ആഹാരത്തിന് ശേഷം വെള്ളം കുടിയ്ക്കുന്നത് ഉമിനീർ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശുദ്ധമായ മികച്ച കുടിവെള്ളത്തിൽ ഫ്‌ലൂറൈഡ് നന്നായി അടങ്ങിയിരിക്കുന്നു. ഇത് പല്ലിന്റെ ആരോഗ്യത്തിന് ഫലം ചെയ്യുന്നു. പല്ലുകളെ പോടുകളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, പല്ലുകൾക്ക് ശക്തി നൽകാനും ഇത് സഹായകരമാണ്.
ബ്രഷ് ചെയ്യുന്നതിന് മുമ്പ് ഫ്ലോസ് ചെയ്യാം
പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല, മോണരോഗത്തെയും വായ്നാറ്റത്തെയും പ്രതിരോധിക്കാൻ ഫ്ലോസ് ചെയ്യാവുന്നതാണ്. ദന്തശുചിത്വത്തിനും ദന്തക്ഷയം, മോണരോഗങ്ങൾ കൂടാതെ
ഹൃദ്രോഗങ്ങൾക്കെതിരെയും ഇത് ഫലവത്താണ്. വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. പല്ലുകൾക്ക് ഇടയിലുള്ള അഴുക്ക് ബ്രഷ് കൊണ്ട് വൃത്തിയാക്കാൻ സാധിക്കാത്തതിനാൽ തന്നെ ദന്തൽ
ഫ്ലോസിങ് ഇതിനുള്ള ബദൽ മാർഗമാണ്.
സിൽക്ക് നൂൽ ഉപയോഗിച്ച് പല്ലുകൾക്കിടയിലെ അഴുക്കും മറ്റും നീക്കം ചെയ്യുന്ന രീതിയാണ് ദന്തൽ ഫ്ലോസിങ്. ഇതിനായി ഇപ്പോൾ ഇലക്ട്രിക് ഫ്ലോസറുകളും വിപണിയിൽ ലഭ്യമാണ്.
ബ്രഷ് ചെയ്യുന്നതിന് മുമ്പ് ഫ്ലോസ് ചെയ്യുന്നത് ഇരട്ടി ഫലം നൽകുന്നതായാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ എന്നും ഒരേ രീതിയിൽ ഫ്ലോസ് ചെയ്യാൻ ശ്രദ്ധിക്കുക. അതായത്, ഫ്ലോസ് ചെയ്യുമ്പോൾ ഒരേ ദിശയിൽ ചെയ്യാൻ ശ്രമിക്കുക.
മുകളിലെ പല്ലുകളിൽ നിന്ന് ഫ്ലോസിങ് തുടങ്ങുക. ശേഷം, ഇടത്തുനിന്ന് വലത്തോട്ട് നീങ്ങുന്നതാണ് നല്ലത്. മുകളിലെ പല്ലുകൾ പൂർത്തിയായ ശേഷം താഴത്തെ പല്ലുകളിലും സമാനമായ രീതി ആവർത്തിക്കാം. ഈ രീതി എല്ലാ ദിവസവും പിന്തുടരുക.
കട്ടൻചായയും കാപ്പിയും അമിതമാക്കേണ്ട
ആരോഗ്യത്തിന് പല വിധത്തിൽ പ്രയോജനകരമാണ് കട്ടൻചായയും കാപ്പിയും. എന്നാൽ ഇവ
അമിതമാകുന്നത് പല്ലിന്റെ ആരോഗ്യത്തിനെ ബാധിക്കുന്നു. അതിനാൽ തന്നെ ഇവ പാൽ ചേർത്ത് കുടിയ്ക്കുന്നതിനായി ശ്രദ്ധിക്കുക.
കട്ടൻ കാപ്പിയിൽ ടാന്നിന്‍ സാന്നിധ്യമുള്ളതിനാൽ ഇത് പല്ലുകളിൽ കറയുണ്ടാക്കുന്നു. കൂടാതെ, ദിവസേന കട്ടൻചായയും കാപ്പിയും കുടിയ്ക്കുന്നവരുടെ പല്ലിന്റെ കനം കുറയാനും കാരണമാകുന്നു.
ചായയ്ക്കും കാപ്പിക്കും ശേഷം ഉടനെ ബ്രഷ് ചെയ്യേണ്ട
ടൂത്ത് പേസ്റ്റും കാപ്പിയും യോജിക്കുന്നത് ഗുണമല്ല, ദോഷകരമാണ്. അതിനാൽ തന്നെ ചായ കുടിയ്ക്കുന്നതിന് മുമ്പും ശേഷവും പല്ല് തേക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
ചായയോ കാപ്പിയോ കുടിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പല്ല് തേക്കുന്നതാണ് നല്ലത്. ചായയുടെയും മറ്റും കറ നിങ്ങളുടെ പല്ലിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ ചായ കുടിച്ച് ഒരു മണിക്കൂറിന് ശേഷം ബ്രഷ് ചെയ്യാവുന്നതാണ്.
Share your comments