
ജീവിതശൈലികൾ ദിനംപ്രതി മാറി വരുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പണ്ട് കാലങ്ങളിലെ പോലെ വ്യായാമങ്ങളോ നടത്തമോ മറ്റ് പണികളോ ഇല്ലാത്തത് ജീവിതശൈലീ രോഗങ്ങൾ അതിക്രമിക്കുന്നതിന് ഇടയാക്കുന്നു. ഇത് പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ പോലുള്ള അസുഖങ്ങൾക്ക് കാരണം ആകുന്നു. വയറിനടിയിലെ കൊഴുപ്പ് കൂടുന്നതും അത്തരത്തിൽ ഒന്നാണ്.
ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നതും, പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിന് നമുക്ക് പല കാര്യങ്ങൾ ചെയ്യാം. കൃത്യമായി വ്യായാമം ചെയ്യുക, നടക്കുക യോഗ എന്നിവ പോലെയുള്ള കാര്യങ്ങൾ വയറിനടിയിലെ കൊഴുപ്പ് ഒഴിവാക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ അതിനോടൊപ്പം തന്നെ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതാണ്.
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ജ്യൂസുകളെ പരിചയപ്പെടാം.
ക്യാരറ്റ് ജ്യൂസ്
വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന ക്യാരറ്റ് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. ചർമ്മത്തിനും, മുടിക്കും കണ്ണിനും ശരീരഭാരം കുറയ്ക്കുന്നതിനും ദഹനം വർധിപ്പിക്കുന്നതിനുമൊക്കെ ക്യാരറ്റ് വളരെ നല്ലതാണ്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ക്യാരറ്റ് ജ്യൂസ് മാത്രമല്ല ക്യരറ്റ് എണ്ണയും ചർമ്മത്തിനും മുടിക്കും വളരെ ഗുണപ്രദമാണ്. ചർമ്മത്തിൻ്റെ സ്വാഭാവിക നിറം വർധിപ്പിക്കുന്നതിനും മുടി കരുത്തോടെ വളരുന്നതിനും ഒക്കെ ഇത് സഹായിക്കുന്നു.
കാബേജ് ജ്യൂസ്
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കാബേജ്. ഇത് ദഹനക്കുറവിൻ്റെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.ഇത് മോശം കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വയറ്റിലെ അൾസർ നിയന്ത്രിക്കുന്നതിനും കാബേജ് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ ഇടയാക്കും. ധാരാളം ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെഇത് ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്.
Share your comments