1. Environment and Lifestyle

ഇലയറിവുകള്‍ പകര്‍ന്ന് സജീവന്‍ കാവുങ്കര

ഇന്നത്തെ കാലത്ത് ഇലക്കറികള്‍ക്ക് നമ്മുടെ തീന്മേശയില്‍ പ്രാധാന്യം വളരെ കുറവാണ്. ഉപയോഗിക്കുന്നതാകട്ടെ വിരലിലെണ്ണാവുന്നവ മാത്രമാണ്. കാലം മാറിയപ്പോള്‍ നമ്മുടെ ഭക്ഷണരീതികളിലും വന്നു ഒരുപാട് മാറ്റങ്ങള്‍. ഒന്നു ചുറ്റും കണ്ണോടിച്ചുനോക്കൂ, ഇലകളുടെ വൈവിധ്യം നമുക്ക് മുന്നില്‍ത്തന്നെയില്ലേ.

Soorya Suresh
സജീവന്‍ കാവുങ്കര
സജീവന്‍ കാവുങ്കര

ഇന്നത്തെ കാലത്ത് ഇലക്കറികള്‍ക്ക് നമ്മുടെ തീന്മേശയില്‍ പ്രാധാന്യം വളരെ കുറവാണ്. ഉപയോഗിക്കുന്നതാകട്ടെ വിരലിലെണ്ണാവുന്നവ മാത്രമാണ്. കാലം മാറിയപ്പോള്‍ നമ്മുടെ ഭക്ഷണരീതികളിലും വന്നു ഒരുപാട് മാറ്റങ്ങള്‍. ഒന്നു ചുറ്റും കണ്ണോടിച്ചുനോക്കൂ, ഇലകളുടെ വൈവിധ്യം നമുക്ക് മുന്നില്‍ത്തന്നെയില്ലേ. നാം നശിപ്പിച്ചുകളയുന്നതും ശ്രദ്ധിക്കാത്തതുമായ ധാരാളം ഇലകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യവും ഔഷധമൂല്യമേറിയതുമാണ്. കേരളത്തില്‍ത്തന്നെ ഇത്തരം മൂവായിരത്തിലധികം ഇലകളുണ്ട്. എന്നാല്‍ വെറും ഇരുപതില്‍ത്താഴെ ഇലകള്‍ മാത്രമാണ് നാം അറിയുന്നതും ഉപയോഗിക്കുന്നതുമെന്നതാണ് യാഥാര്‍ത്ഥ്യം. നമുക്ക് എന്നോ നഷ്ടമായ കാര്‍ഷിക ഭക്ഷ്യസംസ്‌ക്കാരം വീണ്ടെടുക്കാനായി നാടിന് ഇലയറിവുകള്‍ പകര്‍ന്നുനല്‍കുന്ന കണ്ണൂര്‍ കതിരൂരിലെ സജീവന്‍ കാവുങ്കരയെ പരിചയപ്പെടാം.

ഇന്ത്യന്‍ ഫാര്‍മേഴ്സ് റൈറ്റ് ആക്ട് പ്രകാരം കേന്ദ്രകാര്‍ഷികമന്ത്രാലയത്തിന് കീഴില്‍ സജീവന്‍ കാവുങ്കരയുടെ പേരില്‍ 84 ഇലകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഇലവര്‍ഗങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കാനായി സംസ്ഥാനത്തുടനീളം ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട് ഇദ്ദേഹം. പൊതുരംഗത്തൊക്കെ ഇടപെടാന്‍ തുടങ്ങിയശേഷമാണ് ഭക്ഷ്യസുരക്ഷയെക്കുറിച്ചൊക്കെ ചിന്തിച്ചുതുടങ്ങിയത്. എങ്ങനെ ജീവിതച്ചെലവ് കുറയ്ക്കാമെന്ന ചിന്തയില്‍  നമ്മുടെ ആവാസവ്യവസ്ഥയിലുളള സസ്യങ്ങളിലൂടെ തന്നെ  ഭക്ഷ്യസുരക്ഷ ഉറപ്പിയ്ക്കാമെന്ന സങ്കല്പത്തിലേക്കെത്തി. ഇത്തരം ഭക്ഷണം പ്രചരിപ്പിയ്ക്കാനായിരുന്നു പിന്നീടുളള ശ്രമങ്ങളെല്ലാം. 2010ലാണ് അതൊരു ക്യാംപെയിനായി തുടങ്ങുന്നത്. കഴിക്കുന്ന മുപ്പതിലധികം ഇലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് അക്കാദമിക് വിഷയമാക്കി വികസിപ്പിച്ചെടുത്തു. സെമിനാറുകളായും ഡെമോയായും അവതരിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ലാസ്സുകളും ക്യാംപെയ്നുകളും നടത്തി.

വിവിധ പ്രദേശങ്ങളിലെ സസ്യങ്ങളെക്കുറിച്ച് അറിയാനായി ധാരാളം യാത്രകള്‍ നടത്തി. ഇതിലൂടെ ഇലകളിലെ പ്രാദേശിക വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി. പ്രാദേശികമായ വ്യത്യാസങ്ങള്‍  ഇലകളിലുമുണ്ട്. നമ്മള്‍ കഴിക്കുന്നതുകൊണ്ട് മാത്രം ഇലകള്‍ ഭക്ഷ്യയോഗ്യമായിരിക്കണമെന്നില്ല. ചിലത് ധാരാളമായി കഴിച്ചാല്‍ അപകടകാരിയായിരിക്കും. മൂന്ന് വിഭാഗങ്ങളായാണ് കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഇലകളെ വേര്‍തിരിച്ചിട്ടുളളത്.

ഭക്ഷ്യയോഗ്യമായ സസ്യങ്ങളില്‍  തോരനായും കറികളായും ഉപയോഗിക്കാവുന്ന സസ്യങ്ങളെയാണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അല്പം ഉപയോഗം കൂടിയാലും രക്തത്തില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യത ഇല്ലാത്തവയാണ് ഇത്തരം ഇലകള്‍. ചുവന്ന ചീര, പച്ചച്ചീര, മുരിങ്ങ, തവര, അരുണോദയം ചീര, വെളിയില, കരിന്താള്, ബസല ചീര (പച്ച, ചുവപ്പ്), കോവല്‍,ചേമ്പില,ചേനയില, പാലക്ക്, ഇളവന്‍ ഇല, മത്തന്‍ ഇല, കോട്ടപ്പയറില (വാളന്‍ പയര്‍), മണി തക്കാളി, സൗഹൃദച്ചീര, താമരത്തണ്ട്, കാട്ടുകടുക് എന്നിവയെല്ലാം അത്തരത്തിലുളള ഇലകളാണ്. രണ്ടാം വിഭാഗത്തിലുളളവ ചമ്മന്തികള്‍, അച്ചാറുകള്‍, മിശ്രിത ഇനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവ അളവ് കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തഴുതാമ, തുമ്പ ഇല, തുമ്പപ്പൂവ്, മല്ലി ഇല, ചെറുനാരങ്ങ ഇല, കറ്റാര്‍ വാഴ, പനി കൂര്‍ക്ക, പുതിന, കയ്പ്പന്‍ നാരങ്ങ ഇല, കറുകപ്പുല്ല്, കമ്പിളി നാരങ്ങ ഇല എന്നിവ അവയില്‍ച്ചിലതാണ്. മൂന്നാം വിഭാഗത്തില്‍ ഭക്ഷണത്തില്‍ സുഗന്ധത്തിനും ദഹനത്തിനുമായി ഉപയോഗിക്കുന്ന ഇലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔഷധ മൂല്യം കൂടുതലാണെങ്കിലും ഇത്തരം ഇലകള്‍ നേരിട്ട് തോരനായും കറികളായും ചമ്മന്തിയായും ഉപയോഗിക്കാന്‍ പാടില്ല.  കറിവേപ്പില, ആഫ്രിക്കന്‍ മല്ലി, ആരോഗ്യപ്പച്ച, സര്‍വ്വ സുഗന്ധി, വെറ്റില, അടപതിയന്‍, സംഭാര പുല്ല് എന്നിവയെ ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. - അദ്ദേഹം പറഞ്ഞു.

ഋതുഭേദങ്ങളനുസരിച്ച് കൃഷി ചെയ്യണമെന്നാണ് സജീവന്‍ കാവുങ്കരയുടെ പക്ഷം. ഓരോ ഋതുക്കളിലും ലഭ്യമാകുന്ന പച്ചക്കറികളും കായകളുമുപയോഗിച്ച് വേണം വിഭവങ്ങളുണ്ടാക്കേണ്ടത്. ഇതനുസരിച്ച് നമ്മുടെ രുചിബോധം മാറണം. എല്ലാ കാലത്തും വീട്ടില്‍ തക്കാളി കൃഷി ചെയ്യണമെന്ന് വാശിപിടിച്ചാല്‍ കൃത്രിമ വളങ്ങളും കീടനാശിനികളുമെല്ലാം സ്വീകരിക്കേണ്ടിവന്നേക്കും. അടുക്കളത്തോട്ടത്തില്‍ എപ്പോഴും രണ്ട് പപ്പായ അഞ്ച് ചേമ്പ്, കറിവേപ്പില,കാന്താരി എന്നിവ നിലനിര്‍ത്താന്‍ ശ്രമിക്കണം. മറ്റു പച്ചക്കറികളൊക്കെ അനുയോജ്യമായ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്താല്‍ മതി.

സജീവന്റെ വീട്ടുപറമ്പില്‍ എണ്‍പതിലധികം ഇലവര്‍ഗങ്ങള്‍ നിലവില്‍ പരിപാലിക്കുന്നുണ്ട്. 32 ഇനം വാഴകളുമുണ്ട്.  ചേന, ചേമ്പ്, പപ്പായ, വാഴകള്‍, വിവിധയിനം ഇലക്കറികള്‍ എന്നിവയെല്ലാം പറമ്പില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃത്യസമയത്ത് ആവശ്യത്തില്‍ക്കൂടുതല്‍ വിളവ് ലഭിക്കണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. അതുകൊണ്ടുതന്നെ മരുന്നുതളിക്കലോ വളപ്രയോഗങ്ങളോ ഇല്ല. നാട്ടില്‍ കൂട്ടുകാര്‍ അംഗങ്ങളായി പുനര്‍നവ എന്ന പേരില്‍ ഒരു കൂട്ടായ്മയുണ്ട്.  കൃഷിയില്‍ താത്പര്യമുളളവരുടെ ഈ വാട്സ് ആപ്പ് കൂട്ടായ്മയില്‍ കൃഷി സംബന്ധമായ ചര്‍ച്ചകള്‍, സംശയനിവാരണം എന്നിവ നടക്കാറുണ്ട്. കൂടാതെ വിഷരഹിതമായ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി  പിണറായിയില്‍  കാര്‍ഷികപൈതൃക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കാമ്പ്, കൂമ്പ് , ചേമ്പ് എന്നിവയെല്ലാം ഇവിടെ ലഭിക്കും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് നിലവില്‍ വിപണി കണ്ടെത്തുന്നത്.

'' വീട്ടില്‍ ഡയറി ഫാം  നേരത്തെയുണ്ട്. എന്നാല്‍ ഇടയ്ക്ക് ജോലിത്തിരക്കും സ്ഥലംമാറ്റവുമെല്ലാമായപ്പോള്‍ ഒരിടവേള വന്നു. ഇപ്പോള്‍ ഫാം വീണ്ടും മികച്ച രീതിയില്‍ വിപുലീകരിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വീട്ടിനോടു ചേര്‍ന്നുളള ഒന്നരയേക്കര്‍ സ്ഥലം തന്നെയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പശു, എരുമ, പോത്ത് , താറാവ്, മത്സ്യവളര്‍ത്തല്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു  ഭക്ഷ്യവൈവിധ്യ ഉദ്യാനം. പച്ചക്കറികളുടെ ഉത്പാദനവും വിപണനവും ഇതോടൊപ്പമുണ്ടായിരിക്കും. ഒപ്പം ഒരു ആനിമല്‍ ഹോസ്റ്റല്‍ കൂടിയുണ്ടാകും.  പശുവിനെ വളര്‍ത്തുന്നവര്‍ക്ക് യാത്രയോ മറ്റോ പോകണമെങ്കില്‍ ഏല്‍പ്പിക്കാവുന്ന തരത്തിലുളള ഒരു ഹോസ്റ്റല്‍.  യാത്രകള്‍ പോകുമ്പോള്‍ പശുവിനെ എവിടെയാക്കുമെന്ന പ്രശ്നം പലര്‍ക്കുമുണ്ട്. അക്കാരണം കൊണ്ട് ആരും പശുവിനെ വളര്‍ത്താതിരിക്കണ്ട. സ്ഥലവും ആവശ്യത്തിന് വെളളവുമുണ്ട്. സംയോജിത ഫാം എന്നതാണ് മനസ്സില്‍. ''- അദ്ദേഹം പറഞ്ഞു.

ഭക്ഷ്യയോഗ്യമായ ഇലകളുടെ സംരക്ഷണം , പ്രചാരണം, ഇലക്കറി ഗവേഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന് കേന്ദ്രകാര്‍ഷിക മന്ത്രാലയത്തിന്റെ ദേശീയ സസ്യജനിതക സംരക്ഷണ അവാര്‍ഡ്,  സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ അവാര്‍ഡ് എന്നിവ സജീവന്‍ കാവുങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ തൊടുപുഴയില്‍ പിഡബ്ലുഡി വൈദ്യുതവിഭാഗത്തിലാണ് ജോലിചെയ്യുന്നത്.  കതിരൂരിലെ വാസുദേവന്‍ നമ്പൂതിരിയുടെയും തങ്കം അന്തര്‍ജ്ജനത്തിന്റെയും മകനാണ്. എം.ബി. സീമയാണ് ഭാര്യ. ആര്യനന്ദ, ഘനശ്യാം എന്നിവരാണ് മക്കള്‍.

English Summary: leaf campaign for food security

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds