ഭാരതീയരുടെ ഭക്ഷണവിഭവത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് തൈര് (Curd). രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും തൈര് അത്യധികം ഗുണകരമാണ്. ഇതിന് പുറമെ ചർമം, മുടി, എല്ലുകൾ എന്നിവയ്ക്കും തൈര് ഉപയോഗിക്കാം.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഭക്ഷണ പദാർഥമാണ് തൈര്. ഇതുകൂടാതെ, രക്തസമ്മർദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർധിപ്പിക്കാനും തൈര് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുരട്ടാനും കഴിക്കാനും തൈര്; ഗുണങ്ങളറിയാം
പോഷകമൂല്യങ്ങളുടെ കലവറയെന്ന് പറയാവുന്ന തൈര് എന്നാൽ എപ്പോഴൊക്കെ കഴിക്കണമെന്നത് നിങ്ങൾക്ക് അറിയാമോ? തൈര് കഴിക്കാനുള്ള ശരിയായ സമയവും (right time to eat curd) രീതിയുമാണ് ചുവടെ വിവരിക്കുന്നത്.
തൈര് കഴിക്കാൻ ഉചിതമായ സമയം (When to eat curd)
ഉച്ച സമയമാണ് തൈര് കഴിക്കാൻ അനുയോജ്യമായത്. കാരണം ഈ സമയം തൈര് കഴിക്കുന്നതിലൂടെ ദഹനം നന്നായി നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും. രാത്രിയിൽ ഇത് കഴിക്കുകയാണെങ്കിൽ മറിച്ച് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിൽ പിത്തവും കഫവും ഉണ്ടാകുന്നതിനും കാരണമാകും.
ഉച്ചയ്ക്ക് തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും ഇതിന് കൃത്യമായ അളവ് കരുതണം. ഒരു പാത്രത്തിൽ കൂടുതൽ തൈര് കഴിക്കാൻ പാടില്ല. അതുപോലെ ജലദോഷമുള്ള സമയത്ത് തൈര് ഉപഭോഗം പാടെ ഒഴിവാക്കണം. ഇതിന് പുറമെ ദീർഘനാൾ സൂക്ഷിച്ചുവച്ച തൈര് കഴിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
അതേ സമയം, പകലും രാത്രിയും ഏത് സമയത്തും തൈര് കഴിക്കാമെന്നും ചില ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിച്ചാൽ ജലദോഷം പിടിപെടുമെന്ന് ചിലർ കരുതുന്നു. എന്നാൽ ഇത് സത്യമല്ലെന്നും തൈര് ദിവസേന മൂന്ന് നേരമെങ്കിലും കഴിക്കാൻ ഉത്തമമാണെന്നും പറയുന്നു. ഇത് ശരീരം ഫിറ്റായി നിലനിർത്താൻ സഹായിക്കുന്നുവെന്നും ദഹനസഹായിയായി പ്രവർത്തിക്കുന്നുവെന്നുമാണ് ചില അഭിപ്രായങ്ങൾ.
തൈര് കൊളസ്ട്രോൾ കുറയ്ക്കും (Curd best to control cholesterol)
തൈര് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. അതുപോലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാതിരിക്കാനും ഇതിന് സാധിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും തൈര് വളരെ നല്ലതാണ്.
തൈര് തേൻ കലർത്തി മുഖത്ത് പുരട്ടുന്നത് ചർമത്തിന് ഗുണകരമാണ്.
എല്ലാ ദിവസവും രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ പ്രതിരോധശേഷി അഞ്ചിരട്ടി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തൈരിൽ ശരീരത്തിന് പ്രയോജനകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലൂടെ ദഹനവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന ചീത്ത ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്നു. ഇത് വയറിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments