<
  1. Environment and Lifestyle

വിപണിയില്‍ ചെമ്പരത്തിപ്പൂവിന് കിലോ 350 രൂപ, പൗഡറിന് 1000 രൂപ

നാട്ടിന്‍പുറത്തെ വേലിപ്പടര്‍പ്പിലും വീട്ടുമുറ്റത്തും രക്തവര്‍ണ്ണം വിതറി നിന്നിരുന്ന ചെമ്പരത്തിപ്പൂവിന് ഇത് പ്രതാപകാലം. ഇന്ന് വിപണിയില്‍ ഒരു കിലോ ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് 350 രൂപയും ഉണക്കിയ പൂവ് പൊടിച്ചെടുത്ത പൗഡറിന് 1000 രൂപയുമാണ് വില

KJ Staff
നാട്ടിന്‍പുറത്തെ വേലിപ്പടര്‍പ്പിലും വീട്ടുമുറ്റത്തും രക്തവര്‍ണ്ണം വിതറി നിന്നിരുന്ന ചെമ്പരത്തിപ്പൂവിന് ഇത് പ്രതാപകാലം. ഇന്ന് വിപണിയില്‍ ഒരു കിലോ ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് 350 രൂപയും ഉണക്കിയ പൂവ് പൊടിച്ചെടുത്ത പൗഡറിന് 1000 രൂപയുമാണ് വില. പ്രധാനമായും അറബ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശവിപണികളിലേക്കാണ് ചെമ്പരത്തി പൗഡര്‍ കയറ്റി അയക്കുന്നത്. പത്തുകിലോ പൂവില്‍ നിന്ന് നാലു കിലോ ഉണക്കപ്പൂവും 3.2 കിലോ പൗഡറുമാണ് കിട്ടുന്നത്. ചെമ്പരത്തിയുടെ ഒഷധഗുണങ്ങളും ആന്തോസയാനിന്‍ എന്ന വര്‍ണ്ണകത്തിന്റെ സാന്നിധ്യവുമാണ് ഇതിന് പ്രിയമേറാന്‍ കാരണം. 
ചെമ്പരത്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല ചെമ്പരത്തിയെ വാണിജ്യ വിളയായി കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ചെമ്പരത്തിയുടെ പതിന്നാല് ഇനങ്ങളെ പഠനവിധേയമാക്കി. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം അധികമായി കണ്ടെത്തിയത്. കാന്‍സര്‍, വാതരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന ഈ വര്‍ണ്ണകം ഭക്ഷ്യസംസ്‌ക്കരണ വ്യവസായത്തിലും മെഡിസിനല്‍ ടീ നിര്‍മ്മാണത്തിലും നിരോക്‌സീകാരക ഔഷധമായും ആയുര്‍വേദ ചികിത്സയിലും ഷാംപൂ, സോപ്പ് തുടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നു. കൂടാതെ പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ ഘടകങ്ങള്‍ക്ക് കഴിയുമെന്ന സമീപകാലത്തെ കണ്ടെത്തല്‍ ഇതിന്റെ പ്രിയം കൂട്ടി. ഒരേക്കറില്‍ 1200 റോളം ചെമ്പരത്തി നടാം. നട്ട് ഒന്‍പതാം മാസം മുതല്‍ പൂവിട്ടു തുടങ്ങും. 20 വര്‍ഷം വരെ പൂക്കള്‍ വിളവെടുക്കാം. 
ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റാണ് ശരീരത്തിലെ കൊഴുപ്പകറ്റുന്നത്. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധശേഷിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെമ്പരത്തിക്ക് കഴിയും. ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കും. ശ്വാസകോശ സംബന്ധമായ അസ്വസഥകള്‍ക്ക് പൂവില്‍ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമമാണ്..വിവിധ തരം പനികള്‍ക്കും ഈ ഔഷധം നല്ലതാണ്. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ചക്കാലം തുടര്‍ച്ചയായി കഴിച്ചാല്‍ മതി. ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്രവിസര്‍ജ്ജനത്തിനും സഹായിക്കുന്നു.
സൗന്ദര്യസംരക്ഷണത്തിലും ചെമ്പരത്തിക്ക് സ്ഥാനമുണ്ട്. മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. മുടിക്ക് ഏറ്റവും പറ്റിയ ഔഷധമാണ് ചെമ്പരത്തിയുടെ പൂവും ഇലകളും. ഇവയുടെ സത്തിന് മുടി വളരാനും മുടിയുടെ വരള്‍ച്ച മാറ്റാനും അകാലനര ഒഴിവാക്കാനും കഴിവുണ്ട്.  ഒന്നാന്തരം ഒരു ഹെയര്‍ കണ്ടീഷണറാണ് ചെമ്പരത്തി. ചെമ്പരത്തി കൊണ്ടുള്ള ചായ ഒരു ഔഷധ പാനീയമാണ്. ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചായ  ഔഷധഗുണമുള്ളതാണ്. ഈ ചായയില്‍ ജീവകം-സി, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചെമ്പരത്തി ചായയില്‍ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാര്‍ട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങള്‍ അടങ്ങിയിരിക്കുന്നു. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്‍ത്തനങ്ങളെയും തടയാം
ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം
ചെമ്പരത്തി -1
വെള്ളം ഒരു കപ്പ്
ഗ്രാമ്പൂ - 1
കറുവപ്പട്ട - ഒരു കഷ്ണം
 
വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിട്ട് വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് ചെമ്പരത്തി കഷ്ണങ്ങളാക്കി ഇടുക. ശേഷം തീ കെടുത്തി തണുക്കാനായി വെക്കാം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത് അല്‍പാല്‍പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു.
 
ചെമ്പരത്തി പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണം ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്. 
ചെമ്പരത്തിപ്പൂവ് സ്‌ക്വാഷ് തയ്യാറാക്കുന്ന വിധം
 
ചെമ്പരത്തിപ്പൂവ് - 5 ഗ്രാം
വെള്ളം - 250 മില്ലി
പഞ്ചസാര - 100 ഗ്രാം
 
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവിട്ട് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തീ കെടുത്തുക. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ത്ത് ചെറു തീയില്‍ സിറപ്പ് ആകുന്നവരെ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരവും  ആരോഗ്യപ്രദവുമായ ഒരു പാനീയമാണിത്.
English Summary: one kg Shoe flower costs Rs.350

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds