കൊറോണക്കാലം മുതലാണ് ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുളള സാധനങ്ങള്‍ നമ്മള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വാങ്ങാന്‍ തുടങ്ങിയത്. ദേ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുളള ചെടികളുടെ വിപണനവും സജീവമായിട്ടുണ്ട്.
മറ്റ് സാധനങ്ങള്‍ വാങ്ങുന്നതുപോലെ തന്നെ ചെടികളും കൊറിയറായി വീട്ടിലെത്തുന്നുണ്ട്. എന്നാല്‍ കുറച്ചധികം ശ്രദ്ധകൊടുത്തില്‍ നല്ല പണി തന്നെ കിട്ടാന്‍ സാധ്യതയുണ്ട്.അതിനാല്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ചോളൂ.
വിശ്വസിക്കാന്‍ പറ്റിയ സൈറ്റുകളില്‍ നിന്നു മാത്രം ചെടികള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാല്‍ പരിചിതമല്ലാത്തതും വിശ്വാസയോഗ്യമല്ലാത്തതുമായ സൈറ്റുകളില്‍ നിന്ന് ചെടികള്‍ ഓര്‍ഡര്‍ ചെയ്തശേഷം പറ്റിക്കപ്പെടുന്നവര്‍ ഇന്ന് നിരവധിയാണ്. സൈറ്റില്‍ മുമ്പ് ചെടികള്‍ വാങ്ങിയവര്‍ കമെന്റ്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ വായിക്കുന്നത് നല്ലതാണ്.
ഓണ്‍ലൈന്‍ സൈറ്റുകളിലെ ഭംഗിയുളള പൂക്കളും ചെടിയുമെല്ലാം കണ്ണടച്ച് വാങ്ങുന്നവരുണ്ട്. നമ്മുടെ നാട്ടിലെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ചവയാണോ നമ്മള്‍ തെരഞ്ഞെടുക്കുന്നതെന്ന് ആദ്യം പരിശോധിക്കണം. ചെടിയെപ്പറ്റി നന്നായി മനസ്സിലാക്കിയശേഷം മാത്രം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. ഓര്‍ക്കിഡ് പോലുളള ചെടികളുടെ ചിലയിനങ്ങള്‍ നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുകയോ പൂവിടുകയോ ചെയ്യാത്തവയാണ്. അതുപോലെതന്നെ പൂക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സൈറ്റിലിട്ട് പറ്റിക്കുന്ന സാഹചര്യവുമുണ്ട്. പൂക്കളും മറ്റും നിറത്തില്‍ വ്യത്യാസം വരുത്തി സൈറ്റില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പോകും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
കൊറിയര്‍ വഴി അയയ്ക്കുന്ന ചെടികള്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാലും കയ്യിലെത്താന്‍ ചിലപ്പോള്‍ ദിവസങ്ങളെടുത്തേക്കും. വാഹനങ്ങളില്‍ കുത്തിനിറച്ചാണ് കൊണ്ടുവരുന്നതെങ്കില്‍ ചൂടും മറ്റും കാരണം ചെടി വാടിയിട്ടുണ്ടാകും. അതിനാല്‍ കയ്യില്‍ കിട്ടിയയുടന്‍ ചെടിയ്ക്ക് വെളളം നനയ്ക്കാം. ചട്ടിയില്‍ നട്ട ചെടിയാണ് കിട്ടുന്നതെങ്കില്‍ ഈര്‍പ്പം അധികമുണ്ടോയെന്ന് പരിശോധിക്കാം. എന്തെന്നാല്‍ അധികമായി ഈര്‍പ്പം തട്ടിയാല്‍ നശിച്ചുപോയേക്കാവുന്നതരം ചെടികളുണ്ട്.
നമ്മുടെ കയ്യിലെത്തുന്നത് ചട്ടിയില്‍ നട്ട ചെടിയാണെങ്കില്‍ ഉടനെ മാറ്റി പുതിയ മിശ്രിതത്തിലേക്ക് നടാതിരിക്കുക. പകരം അതിന് നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങാന്‍ അനുവദിക്കാം. പിന്നീട് മാറ്റി നടാം. ആന്തൂറിയം, ഓര്‍ക്കിഡ് പോലുളളവ നടാനാവശ്യമായ മിശ്രിതം നേരത്തെ തയ്യാറാക്കിവച്ചാല്‍ ഗുണകരമായിരിക്കും. മറ്റൊരു കാര്യം ഇത്തരത്തില്‍ വാങ്ങിയ ചെടികള്‍ ഒരിക്കലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് വയ്ക്കരുത്. വളം കൂടിയ മിശ്രിതത്തില്‍ ചെടികള്‍ നടാതിരിക്കുക. കാരണം വേരുകള്‍ അഴുകിപ്പോകാനുളള സാധ്യതയുണ്ട്.
Share your comments