ഒരു വീടെന്ന സ്വപ്നമോ, കാറെന്ന ആഗ്രഹമോ വലിയ വരുമാനം ഇല്ലാതെ തന്നെ സാക്ഷാത്കരിക്കാനാകും. വായ്പകളെയോ മറ്റോ ആശ്രയിക്കാതെ നമ്മുടെ സമ്പാദ്യത്തിൽ നിന്ന് തന്നെ ഇതിനുള്ള പണം കണ്ടെത്താവുന്നതാണ്. എന്നാൽ എത്ര സമ്പാദിച്ചാലും മാസാവസാനം പലരുടെയും പോക്കറ്റ് കാലിയാകുമെന്നതാണ് പരാതി.
ഇക്കൂട്ടർക്ക് ചെലവിനുള്ള പണം (Spending money) പോലും കിട്ടാറില്ലെന്ന് പറയുന്നു. ശമ്പളം കൂടുന്നതിനനുസരിച്ച് ചെലവും വർധിക്കുന്നതാണ് ഇതിന് കാരണം. ഇത്തരത്തിൽ പല ശീലങ്ങളും ഉള്ളതിനാൽ പണം കയ്യിൽ നിൽക്കാതെ ഓരോ മാസം അവസാനവും സുഹൃത്തുക്കളോടോ മറ്റോ കടം ചോദിക്കേണ്ട അവസ്ഥയുണ്ടാകുന്നു.
നിങ്ങൾക്കും ഇത്തരം ശീലങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം സാമ്പത്തിക സുരക്ഷിതത്വമുള്ള ഭാവി നിങ്ങൾക്ക് ഉറപ്പാക്കാൻ സാധിക്കില്ല. നിങ്ങളുടെ കൈയിൽ നിന്നും പണം നഷ്ടമാകുന്ന മോശം ശീലങ്ങൾ ഏതെല്ലാമെന്ന് വ്യക്തമായി ബോധ്യപ്പെട്ടാൽ, ഇവയിൽ നിന്ന് മുക്തി നേടാം.
ചെറുതെന്ന് കരുതുന്ന ചെലവുകൾ
നന്നായി സമ്പാദിക്കാമെന്ന ആഗ്രഹത്തിന് തടസ്സമാണ് പണം വെറുതെ പാഴാക്കി കളയുന്നത്. പൈസ ചെലവാക്കാനുള്ളതാണെന്ന മനോഭാവമാണ് ഇതിന് കാരണം. 40 രൂപയ്ക്ക് ചോറും കറിയും കഴിക്കാൻ അവസരമുണ്ടെങ്കിലും, പലപ്പോഴായി അവർ 400 രൂപയുടെ പിസ്സയ്ക്കായി പണം ചെലവഴിക്കുന്നു. ഇത്തരക്കാർ പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് സ്വയം എത്തപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്തെ ഈ 5 ചെടികൾ സമ്പത്ത് വർധിപ്പിക്കും
വരവിനേക്കാൾ ചെലവ്
ഇരിക്കുന്നതിന് മുൻപേ കാൽ നീട്ടരുത് എന്നൊരു ചൊല്ലുണ്ട്. സമ്പാദ്യമാക്കുന്നതിനേക്കാൾ മുൻപേ ആർഭാടമായി ചെലവഴിക്കുന്നവർക്കായാണ് ഈ പഴഞ്ചൊല്ല്. നിങ്ങളുടെ ശമ്പളം 20,000 ആണെങ്കിൽ നിങ്ങളുടെ ചെലവ് 25,000 ആയിരിക്കാം. ഇത് പണം സ്വരുക്കൂട്ടുന്നതിന് തടസ്സമാകുമെന്ന് മാത്രമല്ല, ചെലവിനായി കടം വാങ്ങിയും മറ്റും പണം കണ്ടെത്തേണ്ടതായും വരും.
അനാവശ്യമായ ഷോപ്പിങ്
ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നവർ പലപ്പോഴും പണത്തിന്റെ ദൗർലഭ്യം നേരിടുന്നു. നിങ്ങൾ വളരെ ശ്രദ്ധിച്ച്, ശരിക്കും ഉപയോഗപ്രദമായ കാര്യങ്ങൾക്ക് മാത്രമായി ഷോപ്പിങ് നടത്തുക. അതുമല്ല ഹോബിയ്ക്കായും മറ്റും വേറെയെന്തെങ്കിലും ജോലി കണ്ടെത്തുന്നതാണ് നല്ലത്.
ഷോ ഓഫ് ലൈഫ്സ്റ്റൈൽ
നിങ്ങൾക്ക് ഒരുപക്ഷേ 900 രൂപയ്ക്ക് നല്ല ക്വാളിറ്റിയുള്ള ജീൻസ് ലഭിക്കുന്നു. എന്നിട്ടും നിങ്ങൾ മാളിൽ നിന്ന് 4,900 രൂപ വിലയുള്ള ജീൻസ് വാങ്ങുന്നുവെങ്കിൽ, അത് ബ്രാൻഡഡ് ലൈഫാണെന്നത് കാണിക്കുന്നതിനായിരിക്കാം. വിലകൂടിയ ജീൻസ് ധരിച്ചാലും, കാലിയായ പോക്കറ്റാണെങ്കിൽ അത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും.
ദിവസവും പാർട്ടിയും ആഘോഷവും
സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളും ഒത്തുചേരലും നടത്തുമ്പോൾ പണച്ചെലവ് ഉണ്ടാകും. എന്നാൽ ഭക്ഷണങ്ങളും പാനീയങ്ങളും വാങ്ങുമ്പോൾ ഷെയർ ചെയ്ത് ചെലവഴിക്കുകയാണെങ്കിൽ പ്രശ്നമുണ്ടാവില്ല. എങ്കിലും സുഹൃത്തുക്കൾക്കായും മറ്റും ദിവസേന പാർട്ടി നടത്തുന്നത് അധിക ചെലവാകും. മിനിമം 500 രൂപ വരെ ഇങ്ങനെ പാർട്ടിയിലൂടെ നിങ്ങൾക്ക് നഷ്ടമായേക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments