ദിവസേനയുള്ള വർക്ക് ലോഡിനേക്കാൾ, ഓഫിസിലേക്കുള്ള യാത്രയാണ് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെങ്കിൽ അതിന് പ്രതിവിധിയുണ്ട്. ജോലിസ്ഥലത്തേക്ക് കാൽനടയായും ട്രെയിനിലെയും, ബസിലെയും മെട്രോയിലെയും തിരക്കുകളിൽ ഞെരുങ്ങിയമർന്നും സഞ്ചരിക്കുന്നവരുണ്ട്.
ഓഫിസ് വളരെ ദൂരെയാണെങ്കിൽ ദിവസേനയുള്ള ഇത്തരം യാത്രകളിൽ നിന്നും ശാരീരികമായി വലിയ പ്രയാസം അനുഭവിക്കുന്നവരുമുണ്ടാകും. നിസാരമെന്ന് പറഞ്ഞ് നമ്മൾ തള്ളിക്കളയുന്ന ഇത്തരം ക്ലേശങ്ങൾ സാവധാനം ശരീരത്തെ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കും.
അതിനാൽ തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാതെ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. കഴുത്ത് വേദന, അമിതവണ്ണം, ഉറക്കകുറവ്, നടുവേദന ഹൈപ്പർടെൻഷൻ എന്നിവ യാത്രയ്ക്കിടയിലെ അശ്രദ്ധ കാരണം ശരീരത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇവയിൽ ചെറുതായൊന്ന് ശ്രദ്ധ കൊടുത്താൽ വിരസമായ യാത്രകളെ മാനസികമായും ആരോഗ്യപരമായും ഉന്മേഷത്തിലാക്കാം.
1. ബസിന്റെ കമ്പിയില്‍ തൂങ്ങിപിടിച്ച് ദുഷ്കരമായ യാത്രാനുഭവത്തിലൂടെ കടന്നുപോകുന്നവരാണ് മിക്കവരും. ഇങ്ങനെയുള്ള യാത്രകൾ കൈയ്ക്കും ചുമലിലെ എല്ലുകള്‍ക്കും വേദന നല്‍കുന്നു. ഇത് ഒഴിവാക്കാനായി ഇടക്കിടെ കൈ താഴ്ത്തുകയും തോള്‍ വട്ടം കറക്കുകയും ചെയ്യുന്നത് നല്ലതാണ്. പേശികളുടെ സമ്മർദം കുറയാനും പേശി അയയാനും ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും.
2. ദീര്‍ഘനേരം ഇരുന്ന് യാത്ര ചെയ്യുന്നതും ശരീരത്തെ മോശമായി ബാധിക്കാറുണ്ട്. ഇങ്ങനെ യാത്ര ചെയ്യുന്നതിലൂടെ കാലുകള്‍ കോച്ചിപ്പിടിക്കുന്നതിനും മറ്റും കാരണമാകും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാല്‍വിരലുകള്‍ തറയില്‍ അമര്‍ത്തി വച്ച് ഉപ്പൂറ്റി ഉയര്‍ത്തുക. ശേഷം കാല്‍വിരലുകള്‍ ഉയര്‍ത്തുക. കാലിലെ രക്തയോട്ടം കൂട്ടുന്നതിനും കാല്‍വേദനയ്ക്ക് പ്രതിരോധമായും ഇത് ഫലവത്തായ മാർഗമാണ്.
3. കാറിൽ യാത്ര ചെയ്യുന്നവർ ഇരിക്കുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു കാല്‍ എടുത്തുവച്ച് കുനിഞ്ഞ് കയറുന്ന രീതി ശരീരത്തിന് ഗുണകരമല്ല.
ഇതിന് പകരം, ഡ്രൈവറുടെ സീറ്റിന് നേരെ തിരിഞ്ഞു കൊണ്ട് ഇരുന്നുവേണം കാറിലേക്ക് പ്രവേശിക്കേണ്ടത്. നട്ടെല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാം. കാറിലെ യാത്രയ്ക്കും ആവശ്യമെങ്കിൽ പൊതുവാഹനങ്ങളിലും, ഇരിക്കുന്നതിന് പിറകിലായി കുഷ്യന്‍ വെച്ച് യാത്ര ചെയ്യുന്നതും നട്ടെല്ലിന്റെ ആയാസം കുറയ്ക്കും.
4. ഓഫീസിലേക്കുള്ള തിരക്കിട്ട യാത്രയിൽ, ഡ്രൈവിങ്ങിനിടെ പാന്റിൽ മൊബൈൽ ഫോണും പേഴ്സും കുത്തിനിറയ്ക്കുന്ന ശീലം ദോഷം ചെയ്യും. നിങ്ങൾ വാഹനം ഓടിക്കുമ്പോൾ പാന്റിന്റെ പോക്കറ്റിൽ പേഴ്സ് വയ്ക്കുന്നത് ഇടുപ്പിനും നട്ടെല്ലിനും പ്രശ്നങ്ങൾ ഉണ്ടാക്കും.
5. യാത്രയ്ക്കിടയിൽ പത്രവും പുസ്തകവും വായിക്കുന്നത് ഛര്‍ദ്ദിക്കുള്ള സാധ്യത വർധിപ്പിക്കും. സഞ്ചരിക്കുന്ന ദിശയില്‍ നിന്ന് പിന്തിരിഞ്ഞ് ഇരിക്കുന്നതും ഛര്‍ദ്ദി, തലവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും, കാറുകളിൽ സീറ്റ് ബെൽറ്റും നിർബന്ധമായും ധരിക്കണം.
6. തിരക്കിട്ട യാത്രയ്ക്കിടയിലും ജങ്ക്ഫുഡ് കഴിക്കുന്നവർക്ക് ഗ്യാസ് പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ഇത് ചര്‍ദ്ദിക്കും മനംപുരട്ടലിനും കാരണമാകും. യാത്രയ്ക്ക് മുൻപ് എണ്ണ കുറഞ്ഞ ആഹാരം കഴിക്കുന്നതാണ് ഉത്തമം.
Share your comments