ചെടികള്‍ വളര്‍ത്താനും പരിപാലിക്കാനും ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഫ്‌ളാറ്റുകളിലും പരിമിതസൗകര്യങ്ങളിലും താമസിക്കുമ്പോള്‍ അതിനുളള സാധ്യതകള്‍ കുറവാണ്.
ഇത്തരക്കാര്‍ക്ക് ആശ്വാസം ഇന്‍ഡോര്‍ പ്ലാന്റുകളാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും പഴയതിനെക്കാള്‍ കൂടിയിട്ടുണ്ട്. മുറ്റത്ത് വളര്‍ത്തിക്കൊണ്ടിരുന്ന പല ചെടികളും വീട്ടിനകത്തേക്ക് മാറിയിട്ടുമുണ്ട്. വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍ഡോര്‍ പ്ലാന്റുകളുടെ വിപണിയും നന്നായി പച്ച പിടിച്ചുതുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളിലും ഇത്തരം അലങ്കാര ചെടികള്‍ക്ക് വന്‍ ഡിമാന്റാണുളളത്. അകത്തളങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതിനൊപ്പം ഓക്‌സിജന്‍ ലഭ്യത കൂട്ടാനും ഇന്‍ഡോര്‍ പ്ലാന്റുകള്‍ സഹായകമാണ്. എന്നാല്‍ വീട്ടിനകത്ത് ചെടികള്‍ വളര്‍ത്തുമ്പോള്‍ എപ്പോഴും നന്നായി വളരണമെന്നില്ല. വലിയ വില കൊടുത്തു വാങ്ങിയ ചെടികള്‍ കണ്‍മുന്നില്‍ നശിച്ചുപോകുന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്.
കീടങ്ങളുടെ ആക്രമണവും ചിലപ്പോള്‍ ഇന്‍ഡോര്‍ പ്ലാന്റുകളുടെ വളര്‍ച്ചയെ ബാധിക്കാറുണ്ട്. അണുബാധയുണ്ടായാല്‍ ചെടികളുടെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെട്ട് വളര്‍ച്ച നശിക്കും. എല്ലാ കീടങ്ങളും നമ്മുടെ കണ്ണില്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ഇലകളിലും മറ്റും ഇവയെ നമ്മള്‍ കാണാറുണ്ട്. അല്ലാതെയുളളവ ചെടികളുടെ വേരിനെയടക്കം ബാധിച്ച് പതിയെ അവ നശിച്ചുപോകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില എളുപ്പമാര്‍ഗങ്ങള്‍ നമുക്ക് നോക്കാം.
ഇലകള്‍ നനച്ചുകൊടുക്കാം
വീട്ടില്‍ സ്‌പ്രേ ബോട്ടിലുണ്ടെങ്കില്‍ അതില്‍ വെളളം നിറച്ച് ചെടികളുടെ ഇലകള്‍ പതിയെ നനച്ചുകൊടുക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇതാവര്‍ത്തിക്കാം. ഇലകളിലോ തണ്ടുകളിലോ കീടങ്ങളുണ്ടെങ്കില്‍ അവ പോകുന്നതുവരെ നനയ്ക്കാം. മിലിമൂട്ട പോലുളളവയുണ്ടെങ്കില്‍ ഇവയെ മാറ്റാനിയി ടൂത്ത് ബ്രഷോ ടൂത്ത് പിക്കോ ഉപയോഗിക്കാം.
കീടനാശിനി വീട്ടില്‍ തയ്യാറാക്കാം
കൃത്യമായും മിതമായും വളപ്രയോഗം ചിലപ്പോള്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ആവശ്യമായി വരും. കറുത്ത നിറത്തിലുളള കീടങ്ങളോ മറ്റോ ഉണ്ടെങ്കില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടില്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ വേപ്പെണ്ണയോ മറ്റോ തയ്യാറാക്കി കീടബാധയേറ്റ ഭാഗത്ത് ഉപയോഗിക്കാം.
ബേക്കിങ് സോഡ ഉപയോഗിക്കാം
ചെടികള്‍ക്ക് ബാധിക്കുന്ന ഫംഗസ് രോഗങ്ങള്‍ക്കുളള പരിഹാരമാര്‍ഗമായി ബേക്കിങ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിങ് സോഡ ഉപയോഗിച്ച് വീട്ടില്‍ത്തന്നെ കീടനാശിനി എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ വീതം ബേക്കിങ് സോഡയും വേപ്പെണ്ണയും ഒരു ലിറ്റര്‍ വെളളത്തിലേക്ക് ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം തളിക്കുന്നത് ചെടിയുടെ കീടബാധയ്ക്ക് പരിഹാരമേകും.
മുളക് പൊടി പ്രയോഗം
ചെടികള്‍ക്കുണ്ടാകുന്ന കീടബാധ പോലുളള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗമായി ചുവന്ന മുളകിന്റെ പൊടി ഉപയോഗിക്കാം. രണ്ട് ടീസ്പൂണ്‍ ചുവന്ന മുളക് പൊടിയും ഏതെങ്കിലും ദ്രാവകരൂപത്തിലുളള ഡിറ്റര്‍ജെന്റിന്റെ ആറോ ഏഴോ തുളളിയും നാല് ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം.
രാത്രി മുഴുവന്‍ വച്ചതിനു ശേഷം പിറ്റേദിവസം ഈ മിശ്രിതം സ്‌പ്രേ ബോട്ടിലിലാക്കി ചെടിയുടെ കീടബാധയേറ്റ ഭാഗത്ത് തളിയ്ക്കാം. ആദ്യം ഒരു ഇലയില്‍ പരീക്ഷിച്ചശേഷം മറ്റുളളവയില്‍ പ്രയോഗിക്കാം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുകയാണെങ്കില്‍ ഒഴിവാക്കാം.
വേപ്പ്
ചെടികള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള പ്രകൃതിദത്ത പരിഹാരമാര്‍ഗമാണ് വേപ്പ്. രാത്രി മുഴുവന്‍ വേപ്പിന്റെ ഇലകള്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെളളം നന്നായി തിളപ്പിയ്ക്കാം. ശേഷം ഇലകള്‍ മാറ്റി ഈ വെളളം നന്നായി തണുക്കാനായി മാറ്റിവയ്ക്കുക. ഈ മിശ്രിതം ചെടിയില്‍ ആഴ്ചയില്‍ രണ്ടുദിവസം സ്‌പ്രേ ചെയ്യാവുന്നതാണ്.
Share your comments