ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും കൂടാനാണ് പ്രധാനമായും കരയാമ്പൂ എന്ന ഗ്രാമ്പൂ (Clove) ഉപയോഗിക്കുന്നത്. എന്നാൽ ഈ കുഞ്ഞൻ ഗ്രാമ്പൂവിന് നമുക്ക് അറിയാത്ത പല ഗുണങ്ങളുമുണ്ട്. ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം സിസൈജിയം അരോമാറ്റിക്കം (Syzygium aromaticum) എന്നാണ്. ആരോഗ്യപരമായ ഗുണങ്ങൾക്ക് പുറമെ മുടി സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും ഗ്രാമ്പൂ ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരം തണുപ്പിക്കാൻ മൺകുടത്തിലെ വെള്ളം
മുടിയഴകിനും ആരോഗ്യത്തിനും (For Hair Care and Beauty)
മുടി സംരക്ഷണത്തിന് ഗ്രാമ്പൂ മികച്ച ഉപായമാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നത് കാരണം ഇത് മുടി വളർച്ചയ്ക്ക് (Hair Growth) വളരെയധികം സഹായിക്കുന്നു. ഗ്രാമ്പൂവിന്റെ പൊടിയും കാപ്പിപ്പൊടിയും (Coffee Powder) വെള്ളത്തിൽ കലർത്തിയ മിശ്രിതം തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. അല്ലെങ്കിൽ സവാളനീരും ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളവും മുടിയിൽ ഇടക്ക് തേയ്ച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുന്നത് മുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഷാംപൂ ഉപയോഗിച്ച ശേഷം ഗ്രാമ്പൂ ഇട്ട വെള്ളം മുടിയിൽ പുരട്ടുന്നത് വരണ്ട മുടിയും പേൻ ശല്യവും അകറ്റും.
മുഖ സൗന്ദര്യത്തിന് (For Skin Care and Beauty)
മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നതിനും നിറം മാറുന്നതിനും നിരവധി കാരണങ്ങളുണ്ട്. പ്രായം (Age), മാനസിക സമ്മർദം (Stress), അന്തരീക്ഷ മലിനീകരണം (Pollution), കെമിക്കലുകളുടെ അമിത പ്രയോഗം എന്നിവ പ്രധാന കാരണങ്ങളാണ്. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവയും ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചുളിവുകളും ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുഖക്കുരുവും പാടുകളും അകറ്റി ചർമ കോശങ്ങളെ സംരക്ഷിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാനും ഗ്രാമ്പൂ സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന് (For Health Care)
ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ധാതുക്കളാൽ സമ്പന്നമായ ഗ്രാമ്പൂവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധം കൂട്ടാനും മോണ രോഗങ്ങളെ തടയാനും ഗ്രാമ്പൂ സഹായിക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പകർച്ച വ്യാധികൾ തടയുന്നതിന് നല്ലതാണ്.
ഇത് കരളിനെ സംരക്ഷിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ച പ്രതിരോധിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശ്വേത രക്താണുക്കളുടെ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. ശ്വാസകോശത്തിലെ അണുബാധ കുറക്കാനും ജലദോഷം, പനി, ചുമ, തലവേദന എന്നീ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നുമാണ് ഗ്രാമ്പൂ.
ഗ്രാമ്പൂവിന്റെ പാർശ്വഫലങ്ങളെ പറ്റി (Side effects of Cloves)
ആവശ്യത്തിലധികം ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യുജെനോൾ രക്തം കട്ട പിടിക്കുന്ന പ്രക്രിയ തടയുന്നു. ഇത് അമിതമായി രക്തം പോകുന്നതിന് കാരണമായേക്കാം. ഗ്രാമ്പൂ അധികമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കുറഞ്ഞേക്കാം. ഡോക്ടറുടെ നിർദേശം തേടിയ ശേഷം ഗ്രാമ്പൂ കഴിക്കുന്നതിന്റെ അളവ് നിശ്ചയിക്കുന്നത് നല്ലതാണ്.
Share your comments