മുടി കൊഴിഞ്ഞ (Hair fall) ഭാഗത്ത് വീണ്ടും മുടി വളർന്നുവരിക എന്നത് ബുദ്ധിമുട്ടാണ്. മുടി കൊഴിച്ചിൽ പ്രതിരോധിച്ചത് കൊണ്ട് മാത്രം വീണ്ടും പഴയ പോലെ മുടിയാകണമെന്നില്ല. അതിനാൽ തന്നെ ഇത് കഷണ്ടിയിലേക്കും മറ്റും വഴിവയ്ക്കും. ശരീരത്തിൽ പോഷകങ്ങളുടെ അഭാവമോ മലിനീകരണമോ ആയിരിക്കാം മുടി കൊഴിച്ചിലിന് കാരണമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
കാലാവസ്ഥ മാറുന്നതും മലിനീകരണവുമെല്ലാം കഷണ്ടിയിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും എന്നതിനാൽ ചില പ്രതിരോധ മാർഗങ്ങളും പൊടിക്കൈകളും പരീക്ഷിച്ച് നോക്കുന്നത് നല്ലതാണ്. ഇങ്ങനെ തലയിലെ കഷണ്ടി (baldness) അകറ്റാനുള്ള പ്രതിവിധികൾ എന്തെല്ലാമെന്ന് അറിയാം.
-
ശരിയായി ഷാംപൂ ഉപയോഗിക്കാം (Use shampoo properly)
തുടർച്ചയായി മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നത് അപകടമാണ്. കാരണം ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. കണ്ടീഷണറുകളും ഷാംപൂകളും പല പ്രാവശ്യം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. പകരം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാൻ ശ്രമിക്കുക.
-
പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് (Include protein in your diet)
ശരീരത്തിലെ പ്രോട്ടീന്റെ അഭാവമാണ് മുടി കൊഴിച്ചിലിനുള്ള ഏറ്റവും പ്രധാന കാരണം. പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്തുന്നു. ഇത് മുടി പൊട്ടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിൽ നിങ്ങൾക്ക് നോൺ വെജിറ്റേറിയൻ, സോയ, പയർവർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവ ഉൾപ്പെടുത്താം.
-
മുടി തഴച്ചുവളരാൻ ഉലുവ (Fenugreek for hair growth)
മുടികൊഴിച്ചിൽ തടയുന്നതിനും മുടിനാരുകളെ ശക്തിപ്പെടുത്തുന്നതിനും ഉലുവയിൽ നിരവധി ഗുണങ്ങളുണ്ട്. ഇവ പല തരത്തിൽ തലമുടിയിൽ പ്രയോഗിക്കാവുന്നതാണ്. ഉലുവ രാത്രി മുഴുവൻ കുതിർത്ത് വച്ച ശേഷം പിറ്റേന്ന് രാവിലെ ഇത് അരച്ചെടുക്കാം. ഇത് 15 മുതൽ 20 മിനിറ്റ് വരെ മുടിയിൽ പുരട്ടി വയ്ക്കുക. ശേഷം ഈ പേസ്റ്റ് കഴുകിക്കളയാം. ഇതുകൂടാതെ വെളിച്ചെണ്ണയിൽ കറിവേപ്പിലയിലും ഉലുവയും ചേർത്ത് ചൂടാക്കിയ ശേഷം ഇത് മുടിയിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.
-
നനഞ്ഞ മുടി കഴുകുന്നത് (Washing and brushing wet hair)
മുടി കഴുകുമ്പോഴുള്ള പിഴവുകൾ കേശവളർച്ചയെ മോശമായി ബാധിക്കും. ഓഫീസിലോ കോളേജിലോ ധൃതിയിൽ പോകുന്ന തയ്യാറെടുപ്പിൽ തല ചീകുമ്പോൾ ശ്രദ്ധിക്കുക. നനഞ്ഞ മുടിയിൽ ചീപ്പ് ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.
-
ഉള്ളി നീര് (Onion juice)
ഉള്ളി നീര് മുടി വളർച്ചയെ സഹായിക്കുന്ന ഒറ്റമൂലിയാണെന്ന് പറയാറുണ്ട്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉള്ളി നീര് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കും. ഉള്ളി നീര് അടങ്ങിയ ഷാംപൂവോ എണ്ണയോ വിപണിയിൽ നിന്ന് വാങ്ങുന്നതിന് പകരം ഉള്ളി നീര് വീട്ടിൽ തന്നെ തയ്യാറാക്കി പുരട്ടുന്നതാണ് നല്ലത്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments