നന്നായി കഴുകി വൃത്തിയാക്കി പാകം ചെയ്ത് ഭക്ഷണം കഴിയ്ക്കുന്നതാണ് ശരീരത്തിന് ഗുണപ്രദം. നമ്മൾ കഴിയ്ക്കാറുള്ള മിക്ക ഭക്ഷണസാധനങ്ങളും വേവിച്ച് കഴിയ്ക്കേണ്ടവ തന്നെയാണ്. എന്നാലും പച്ചയ്ക്ക് അരിഞ്ഞോ, സലാഡായോ, ജ്യൂസാക്കിയോ മുളപ്പിച്ചോ കഴിച്ചാൽ ഇരട്ടി ഫലം തരുന്ന ആഹാരങ്ങളുമുണ്ട്.
ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങൾ പോഷകഘടകങ്ങളാലും സമ്പുഷ്ടമായിരിക്കും. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം.
ഉള്ളി
മിക്ക കറികൾക്കും ഒഴിച്ചുകൂടാനാവാത്തതാണ് ഉള്ളി. ഇവ വഴട്ടിയും വേവിച്ചുമാണ് കറികളിൽ ചേർക്കാറുള്ളത്. എന്നാൽ ഉള്ളിയിലും സവാളയിലും അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. കരള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഇങ്ങനെ കഴിയ്ക്കുന്നത് ഗുണം ചെയ്യും. പ്രമേഹരോഗങ്ങളെ നിയന്ത്രിയ്ക്കുന്നതിനും ഉള്ളി ഉപകരിക്കുന്നു. അതുപോലെ പല അണുബാധകളെ ചെറുക്കാനും ഉള്ളി ശരീരത്തിന് വളരെ ഗുണകരമാണ്.
ചെറിയുള്ളിയും സവാളയുമൊക്കെ ഉപ്പിലിട്ടു കഴിയ്ക്കുന്നതും ഉപകാരപ്രദമാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് നല്ല രീതിയിൽ ഫലം ചെയ്യും.
ബ്രൊക്കോളി
പോഷകങ്ങളുടെ കലവറയാണ് ബ്രൊക്കോളി എന്ന് പറയാം. നിരവധി രോഗങ്ങൾ ശമിപ്പിക്കാനും ഇവ പ്രയോജനപ്പെടുന്നു. വലിയതായി വേവിക്കാതെ കഴിയ്ക്കുകയാണെങ്കിൽ ബ്രൊക്കോളി ശരീരത്തിന് അത്യുത്തമമാണ്. സലാഡ് ആയോ, സൂപ്പില്‍ ചേര്‍ത്തോ ഇത് കഴിക്കാവുന്നതാണ്.
വൈറ്റമിന്‍- സി, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങി നിരവധി അനിവാര്യ ഘടകങ്ങളുടെ കലവറ കൂടിയാണിത്. ബിപി നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അർബുദത്തിനെതിരെ പ്രവർത്തിക്കാനും ഇത് മികച്ചതാണ്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്‌സിഡന്റുകള്‍ പ്രായം കൂടുന്നതിന് അനുസരിച്ചുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയാണ്. അതുപോലെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ മികച്ചതാണെന്ന് പറയാം.
സള്‍ഫര്‍ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കാന്‍ കാബേജ് കുടുംബത്തിൽപെട്ട ബ്രൊക്കോളി സഹായിക്കുന്നു. ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിത രക്തസമ്മര്‍ദത്തെ കുറയ്ക്കും.
തക്കാളി
പച്ചയ്ക്കും പാകം ചെയ്തും കഴിയ്ക്കാൻ ഭൂരിഭാഗവും ഇഷ്ടപ്പെടുന്ന വിഭവമാണ് തക്കാളി. പച്ചയ്ക്ക് ഉപയോഗിക്കുന്നതിലൂടെ തക്കാളിയിൽ നിന്നും ഒട്ടനവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുണ്ട്. തക്കാളിയിൽ ഉള്ള ലൈസോപീനും മറ്റ് ആന്റി-ഓക്‌സിഡന്റുകളും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ഇവ നല്ലതാണ്.
പ്രതിരോധ വ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും തക്കാളി സഹായകരമാണ്. ചർമത്തിന്റെ ആരോഗ്യത്തിനും അതുപോലെ ഇവ ഗുണകരമാണ്.
ബീറ്റ്‌റൂട്ട്
ഒരു സൂപ്പർഫുഡ് എന്ന പേര് സ്വന്തമാക്കിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് ജ്യൂസ് അടിച്ച് കുടിച്ചോ സലാഡിലോ മറ്റോ ചേർത്തോ കഴിയ്ക്കാം. വൈറ്റമിന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങി നിർണായകമായ ഒട്ടനവധി അവശ്യഘടകങ്ങൾ ഇതിലുണ്ട്. കൂടാതെ, ധാരാളം ഫൈബറും ഫോളേറ്റുകളാലും സമ്പന്നമാണ് ബീറ്റ്‌റൂട്ട്.
Share your comments