ഭക്ഷണം തൊണ്ടയിൽ കുടുങ്ങാത്തവർ ചുരുക്കമായിരിക്കും. അശ്രദ്ധയും, ഭക്ഷണം അതിവേഗം കഴിക്കാൻ ശ്രമിക്കുന്നതും, വെളളം കുടിക്കാത്തതും മൂലമാണ് ഭക്ഷണം സാധാരണയായി തൊണ്ടയിൽ കുടുങ്ങുന്നത്. എന്നാൽ ഇതിനെ നിസാരമായി കാണരുത്. കുട്ടികളിലായാലും മുതിർന്നവരിലായാലും ഇത് വളരെ അപകടം ഉണ്ടാക്കുന്ന പ്രശ്നമാണ്. ഭക്ഷണം കുടുങ്ങുമ്പോൾ തൊണ്ട പൂർണമായും അടഞ്ഞ് പോകുകയും ഓക്സിജന്റെ ലഭ്യത (Oxygen deficiency) കുറയുകയും ചെയ്യുന്നു. തുടർന്ന് തലച്ചേറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം (Blood circulation) കുറയുന്നു. ഇത് അബോധാവസ്ഥയിലേക്കും ചിലപ്പോൾ മരണത്തിലേക്കും നയിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാരോഗ്യം മെച്ചപ്പെടുത്താം നല്ല ഉറക്കത്തിലൂടെ
കാരണങ്ങൾ (Reasons)
ചെറിയ കുട്ടികളിൽ അതായത് നാല് വയസിന് മുകളിലുള്ള കുട്ടികളിൽ അപകട സാധ്യത കൂടുതലാണ്. ഭക്ഷണം നന്നായി ചവച്ച് കഴിക്കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ മുതിർന്നവരിൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തതാണ് കാരണം. അമിതമായ മദ്യപാനമുള്ളവരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുന്നു. മദ്യപാനം മൂലം തൊണ്ടയിലെ ലാരിങ്സിന്റെ (Larynx) സ്പർശന ശേഷി കുറയുന്നതാണ് ഇതിന് കാരണം. ചെറിയ കുട്ടികളെ മടിയിൽ കിടത്തി പാൽ കൊടുക്കുന്നതും, ഭക്ഷണം കൊടുക്കുന്നതും ഇതിന് കാരണമാകുന്നു.
ലക്ഷണങ്ങൾ (Common Symptoms)
- പെട്ടെന്നുള്ള ചുമയും ശ്വാസ തടസവും
- കണ്ണ് ചുവക്കുക, കണ്ണിൽ നിന്ന് വെള്ളം വരിക
- ശബ്ദത്തിലെ മാറ്റം അല്ലെങ്കിൽ ശബ്ദത്തോടെ ശ്വസിക്കുക
- സംസാരിക്കാനോ ശബ്ദം ഉണ്ടാക്കാനോ സാധിക്കാതെ വരിക
- ശരീരം വിയർക്കുക
- കൈകാലുകൾ, ചർമം, ചുണ്ടുകൾ, നഖം എന്നിവ നീല നിറത്തിൽ അല്ലെങ്കിൽ മങ്ങിയതായി കാണപ്പെടുക
- അബോധാവസ്ഥയിലാകുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കുട്ടികൾക്ക് കിടത്തി ഭക്ഷണം കൊടുക്കരുത്. ഇരുത്തി പതിയെ കൊടുക്കാം.
- കഴിക്കുമ്പോൾ കഴിവതും സംസാരിക്കാതെ ഇരിക്കുക
- ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക
- ഭക്ഷണം ധൃതിയിൽ കഴിക്കാതിരിക്കുക
- എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക
- യഥാസമയം വെള്ളം കുടിക്കുക
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടൻ ചെയ്യേണ്ടത് (Immediate action)
കുട്ടികളാണെങ്കിൽ ഉടൻ തന്നെ കമഴ്ത്തി കിടത്തിയ ശേഷം പതിയെ പുറത്ത് തട്ടുക. കൈക്കുഞ്ഞുങ്ങളാണെങ്കിൽ കമഴ്ത്തി പിടിച്ച ശേഷം തട്ടുക. അബോധാവസ്ഥയിലായാൽ ഏത് പ്രായക്കാരായാലും ഉടൻതന്നെ വൈദ്യ സഹായം തേടണം.
മുതിർന്നവരാണെങ്കിൽ കുനിഞ്ഞ് നിന്നതിന് ശേഷം മറ്റൊരാൾ പുറത്ത് ചെറിയ ശക്തിയിൽ തട്ടണം. ഇതിന്റെ ശക്തിയിൽ തൊണ്ടയിലൂടെ ഭക്ഷണം പുറത്തേക്ക് വരും. ശക്തിയായി ചുമയ്ക്കുമ്പോഴും ഭക്ഷണം പുറത്ത് വരാനുള്ള സാധ്യത കൂടുതലാണ്.
Share your comments