ഇന്ന് അന്താരാഷ്ട്ര യോഗ ദിനം (International Yoga Day). ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണത്തിലും മാനസിക-ശാരീരിക ഉന്മേഷം മെച്ചപ്പെടുത്തുന്നതിലും യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്ന് നമുക്കറിയാം. എല്ലാ പ്രായത്തിലുള്ളവർക്കും അനായാസം യോഗ പരിശീലിക്കാൻ സാധിക്കും. ദിനവും യോഗ പരിശീലിക്കുന്ന ഒരാൾക്ക് മരുന്നിന്റെ ആവശ്യം വരുന്നില്ല എന്നാണ് യോഗികൾ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : International Yoga Day 2022: യോഗ – ‘ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനം’
യോഗ ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Consider these things before doing yoga)
- വീട്ടിലായാലും പുറത്തായാലും യോഗ ചെയ്യാൻ ആദ്യം ശുദ്ധവായു (Fresh air) ലഭിക്കുന്ന വൃത്തിയായ ഒരു സ്ഥലം കണ്ടുപിടിക്കുക.
- തറയിൽ യോഗ മാറ്റോ പായയോ വിരിച്ച് യോഗ ചെയ്യാം.
- യോഗ ചെയ്യുമ്പോൾ ശരീരവും മനസും ശുദ്ധിയായിരിക്കണം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
- കിഴക്ക് ദിക്കിന് നേരെ നിന്ന് വേണം യോഗ ചെയ്യാൻ.
- ഭക്ഷണം കഴിച്ചതിന് നാല് മണിക്കൂറിന് ശേഷം മാത്രം യോഗ ചെയ്യുക.
- രാവിലെയാണ് യോഗ ചെയ്യുന്നത് എങ്കിൽ പ്രഭാത കർമങ്ങൾക്ക് ശേഷം ശുദ്ധിയായി യോഗ ആരംഭിക്കാം.
- അതുപോലെ തന്നെ യോഗ ചെയ്യുന്നതിന് മുമ്പും ഇടയ്ക്കും അധികമായി വെള്ളം കുടിയ്ക്കാൻ പാടില്ല.
- രാവിലെ ആണെങ്കിൽ നാല് മണി മുതൽ ഏഴ് മണി വരെ, വൈകിട്ടാണെങ്കിൽ നാലര മുതൽ ഏഴ് മണി വരെ യോഗയ്ക്ക് ഉത്തമമാണ്.
- യോഗ ചെയ്യാൻ തുടങ്ങുമ്പോൾ ഒരിക്കലും നേരിട്ട് ആസനങ്ങളിലേക്ക് കടക്കരുത്. പ്രാർഥനയോ ധ്യാനമോ ചെയ്തതിന് ശേഷം യോഗ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും.
- മാരക രോഗമോ, മാനസികമായി സംഘർഷം (Mental Stress) അനുഭവിക്കുന്ന സമയത്തോ യോഗ ഒഴിവാക്കുക.
- യോഗ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ കഠിനമായ ആസനങ്ങൾ ചെയ്യാൻ പാടില്ല.
- യോഗ ചെയ്യുന്നതിനിടയ്ക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ വിശ്രമിക്കുക.
- ശരീരത്തിന്റെയും മനസിന്റെയും ഓരോ ബുദ്ധിമുട്ടുകൾക്കും വ്യത്യസ്തമായ യോഗയാണ് ചെയ്യേണ്ടത്.
- യോഗ പരിശീലകന്റെ (Yoga trainer) നിർദേശ പ്രകാരം മാത്രം പ്രത്യേക തരം യോഗകളോ കഠിനമായ യോഗാ മുറകളോ പരിശീലിക്കാൻ പാടുള്ളൂ.
യോഗ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to look out for when practicing yoga)
- യോഗാഭ്യാസ വേളകളിൽ പാട്ട് കേൾക്കാനോ, മറ്റൊരാളുമായി സംസാരിക്കാനോ, മറ്റ് കാര്യങ്ങൾ ചിന്തിക്കാനോ പാടില്ല.
- മറ്റ് ശാരീരിക വ്യായാമ മുറകളുമായി (Exercise) യോഗയ്ക്ക് വലിയ വ്യത്യാസമുണ്ട്. രണ്ടും ഒരുമിച്ച് ചെയ്യരുത്.
- ഗർഭിണികളും പ്രായമായവരും പരിശീലകന്റെ മേൽനോട്ടത്തിൽ യോഗ ചെയ്യുന്നത് നല്ലതാണ്.
- യോഗ ചെയ്ത് അര മണിക്കൂറിന് ശേഷം കുളിക്കുക.
- ദിനംപ്രതി യോഗ ചെയ്യുന്നവർ ശരിയായ ഭക്ഷണ ക്രമം (Diet) പാലിക്കേണ്ടതാണ്.
- പുകവലി (Smoking), മദ്യപാനം (Alcohol consumption) എന്നിവ ഉപേക്ഷിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം നൽകും.
Share your comments