ശരീരഭാരം കുറയ്ക്കുക (Weight loss) എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായി ഒരുപക്ഷേ നിങ്ങൾക്ക് തോന്നിയേക്കാം. ദിവസവും ജോലിയിൽ മുഴുകിയിരിക്കുന്നവർക്കാണെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിച്ചാലും അത് കൃത്യമായി പിന്തുടരാൻ സാധിക്കാതെ വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചയില്‍ പ്രായം കുറഞ്ഞു തോന്നിയ്ക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
ഫുൾ ടൈം ജോലി (Full time job) ചെയ്യുന്നവർ എന്നാൽ ജോലിയ്ക്കിടയിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം വർധിക്കുന്നതിൽ നിന്നും മുക്തി നേടാം. അതായത്, ഫാസ്റ്റ് ഫുഡ്, ചില ലഘുഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ എന്നിവ കഴിയ്ക്കുന്ന ശീലം ഉപേക്ഷിക്കണം.
ഇത് മാത്രമല്ല, മുഴുവൻ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നവരാണെങ്കിൽ പോലും ദിനശൈലിയിലും ഭക്ഷണക്രമത്തിലും ജോലിസ്ഥലത്തും അൽപം കരുതൽ നൽകിയാൽ മതി. ഇങ്ങനെ ഫുൾ ടൈം ജോലി ചെയ്യുന്നതിന് ഇടയിൽ പോലും ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സാധിക്കുമെന്നത് ചുവടെ വിവരിക്കുന്നു.
നിങ്ങളുടെ ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുക
പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്, നിങ്ങളുടെ ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് നല്ലതാണെന്നതാണ്. നിങ്ങളുടെ പ്രധാന ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും എന്തെല്ലാം ഉൾപ്പെടുത്തണമെന്നത് തീരുമാനിക്കുക. അനാരോഗ്യകരമായ ലഘുഭക്ഷണമോ അവസാന നിമിഷം ഓർഡർ ചെയ്ത് വാങ്ങുന്ന ഫാസ്റ്റ് ഫുഡ്ഡോ കഴിവതും ഒഴിവാക്കുക.
ദിവസവും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് കഴിക്കാൻ നിങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രമായി അനുവദിക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, പണം ലാഭിക്കുന്നതിനും ഉത്തമമാണ്.
തുടർച്ചയായി ഒരിടത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്നത് അരോചകമായി തോന്നിയേക്കാം. ഈ സമയം, ഇടയ്ക്ക് എന്തെങ്കിലും ചിപ്സ് കഴിക്കാനും അതുമല്ലെങ്കിൽ വറുത്തതോ എരിവുള്ളതോ ആയ പലഹാരങ്ങൾ കഴിയ്ക്കാനുമായിരിക്കും കൂടുതൽ പേർക്കും താൽപ്പര്യം. ഇങ്ങനെ നിങ്ങൾ ജോലിസ്ഥലത്ത് ലഘുഭക്ഷണത്തിൽ മുഴുകിയാൽ ശരീരഭാരം കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
ചോക്ലേറ്റുകളും മിഠായികളും നിറഞ്ഞ ഒരു ഡെസ്ക് ഡ്രോയർ ദിവസം മുഴുവൻ ജോലി ചെയ്യുമ്പോൾ രസകരമായി തോന്നിയേക്കാം. എന്നാൽ ഇത് നിങ്ങൾക്ക് വയർ ചാടുന്നതിനും മറ്റും കാരണമായേക്കാം. എന്നാൽ പകൽ സമയത്ത് ലഘുഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബദാം, പഴങ്ങൾ, തൈര് തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത് ആയിരിക്കും ഉത്തമം.
കലോറി നിറഞ്ഞ പാനീയങ്ങൾ അധികമാക്കേണ്ട
ജോലിയ്ക്കിടെ ഒരു കപ്പ് കോഫിയോ ചായയോ പലർക്കും നിർബന്ധമായിരിക്കും. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ലക്ഷ്യത്തിന് ഇത് ഭീഷണിയാണ്. പകൽ സമയത്ത് ധാരാളം കാപ്പിയോ ചായയോ കുടിക്കുന്നത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം അധിക കലോറികൾ ചേർക്കും.
ഈ പാനീയങ്ങളിൽ നിന്നും നിങ്ങളുടെ ശരീരത്തിലേക്ക് കലോറി അധികമായി കൊണ്ടുവരുന്ന പദാർഥം പഞ്ചസാരയാണ്. ഒരു കപ്പ് മധുരമുള്ള കാപ്പിയിൽ നൂറോളം കലോറി അടങ്ങിയിട്ടുണ്ട്.
നിങ്ങൾ ഒരു ദിവസം 3-4 കപ്പ് കുടിക്കുകയാണെങ്കിൽ, കലോറി അധികമാകും. അതിനാൽ തന്നെ ദിവസവും ഒരു കപ്പ് ചായയോ കോഫിയോ അല്ലെങ്കിൽ പഞ്ചസാരയില്ലാതെ ബ്ലാക്ക് കോഫി കുടിക്കുകയോ ചെയ്യുന്നത് ശരീരഭാരം അമിതമാകാതെ നിലനിർത്തും.
ഇതിന് പുറമെ, ജോലി സ്ഥലത്തേക്ക് വരുമ്പോഴും പോകുമ്പോഴും ലിഫ്റ്റ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. കഴിവതും ജോലിസ്ഥലത്തും മെട്രോ സ്റ്റേഷനുകളിലുമെല്ലാം പടികൾ കയറുക. ഇത് നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞിട്ടുള്ള കലോറി എരിച്ചുകളയുന്നു. ശരീരഭാരം നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കുന്നു.
Share your comments