ഇഞ്ചി
ഇഞ്ചിക്ക് മൂട് ചീയൽ രോഗം വ്യാപകമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇഞ്ചിയുടെ താഴെ വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. പ്രത്യേകം ജലനിർഗമന മാർഗ്ഗങ്ങൾ കൃഷിയിടങ്ങളിൽ സജ്ജമാക്കണം. ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർ ബാഗിന് അധിക ദ്വാരങ്ങൾ നൽകുവാൻ മറക്കരുത്. കൂടാതെ രോഗമുള്ള ചുവടുകൾ പിഴുതെടുത്ത് കത്തിക്കുക. അഴുകിയ ഭാഗത്ത് ബോർഡോമിശ്രിതം ചേർക്കുന്നത് നല്ലതാണ്. പ്രധാനപ്പെട്ട ജീവാണുവളം ആയ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിച്ചാൽ ഈ രോഗം ഭേദമാക്കാം.
മഞ്ഞൾ
ഇഞ്ചി പോലെ തന്നെ മൂട് ചിയൽ രോഗം വരുവാൻ സാധ്യതയുള്ള വിളയാണ് മഞ്ഞൾ. ഇതിനും കേടുവന്ന ചുവടുകൾ പിഴുതെടുത്ത് കത്തിക്കണം. ചുവടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ബോർഡോ മിശ്രിതം കൊണ്ട് കുതിർക്കുകയും വേണം. തണ്ടുതുരപ്പൻ ആക്രമണം അധികമാകുന്ന സാഹചര്യങ്ങളിൽ ഇക്കാലക്സ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് അടിച്ചു കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : പച്ചക്കറികളിൽ നിന്ന് പത്തിരട്ടി വിളവ് നേടാൻ കള കമ്പോസ്റ്റ്
മരിച്ചീനി
മഴക്കാലമായതുകൊണ്ട് കളനിയന്ത്രണം പ്രധാനപ്പെട്ട കാര്യമാണ്. മരിച്ചീനി പോലെ തന്നെ മറ്റു കിഴങ്ങ് വർഗ്ഗങ്ങളിലും ഇത് പ്രാവർത്തികമാക്കണം. മൂന്നുമാസം പ്രായമായ കപ്പ ആണെങ്കിൽ മണ്ണ് ഇളക്കി യൂറിയയും പൊട്ടാഷും ചേർത്തുകൊടുക്കാം.
വാഴകൃഷി
ഓഗസ്റ്റ് മാസം ആദ്യം നേന്ത്രവാഴ കൃഷിയിൽ വിളവെടുപ്പ് നടത്താവുന്നതാണ്. കൂടാതെ മഴ മാറിയാൽ സൂചി കന്നുകൾ നട്ട് തുടങ്ങാം. വേരുകൾ നീക്കി അരയടി നീളത്തിൽ നിർത്തി മുറിച്ചതിന് ശേഷം വെണ്ണീർ പൂശി നാല് ദിവസം വെയിലത്ത് ഉണക്കി, പിന്നീട് രണ്ടാഴ്ച തണൽ ഉള്ള സ്ഥലത്ത് മഴ നനയാതെ വച്ചതിനുശേഷം നടുക. മഴ സമയമായതിനാൽ തണ്ടുതുരപ്പൻ ഉപദ്രവും പലയിടങ്ങളിലും ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ഉപദ്രവം ഉണ്ടായ ഭാഗങ്ങൾ മുറിച്ച് കത്തിക്കുക. ഇലപ്പുള്ളി രോഗം വന്നാൽ പുറം ഇലകൾ മുറിച്ചെടുത്ത് ചുടുക. ഇലപ്പുള്ളിരോഗം ഫലപ്രദമായി നേരിടാൻ ബോർഡോമിശ്രിതം ബാവിസ്റ്റിൻ തുടങ്ങിയവയാണ് കൂടുതലും കർഷകർ ഉപയോഗിക്കുന്നത്. മറ്റു കീട ആക്രമണങ്ങൾ ഉണ്ടാകുന്ന സമയത്ത് വേപ്പിൻകുരു പൊടിച്ച് ഒരു വാഴക്ക് 50 ഗ്രാം എന്ന കണക്കിൽ ലായനി തയ്യാറാക്കി കവിളിലും തടയിലും അടിച്ചു കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : ഉത്പാദനക്ഷമത കൂടിയ ഗംഗാബോണ്ടം തൈകൾ മാത്രം തെങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കൂ, ആദായം പത്തിരട്ടിയാക്കാം
ഏലം/ ഗ്രാമ്പൂ
ധാരാളം രോഗ സാധ്യതകൾ ഈ സമയത്ത് കേരളത്തിൽ കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ട്രൈക്കോഡർമ ചുവട്ടിൽ ചേർക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ സ്യൂഡോമോണസ് തണ്ടിലും ഇലകളിലും തളിച്ചുകൊടുക്കുകയും രോഗ വന്ന ഭാഗങ്ങൾ നശിപ്പിച്ചു കളയുകയും വേണം. ഗ്രാമ്പൂ കൃഷിയിൽ മഴ മാറിയാൽ ഈമാസം അല്ലെങ്കിൽ ഓഗസ്റ്റ് മാസം വളം ചേർത്തുകൊടുക്കണം. ഒരു വർഷം പ്രായമായ തൈകൾ തോട്ടത്തിൽ ഉണ്ടെങ്കിൽ npk വളങ്ങൾ യഥാക്രമം 25, 45, 45 എന്നിങ്ങനെ ഗ്രാം വീതം ചേർക്കുക. രണ്ടു വർഷം പ്രായമായ തൈകൾ ആണെങ്കിൽ 45,70,85 ഗ്രാം വീതം ചേർത്തു കൊടുത്താൽ മതി.
കവുങ്ങ്
കാലവർഷത്തിന്റെ ആധികം മൂലം തോട്ടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചാലുകൾ വൃത്തിയാക്കി നീർവാർച്ച ഉറപ്പുവരുത്തുക. ഇവയ്ക്ക് ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നത് നല്ലതാണ്. ഈ സമയങ്ങളിൽ കൂടുതൽ മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നു ഇതിന് മഗ്നീഷ്യം സൾഫേറ്റ് 60 ഗ്രാം, ബോറക്സ് 20 ഗ്രാം, സിങ്ക് സൾഫേറ്റ് 20 ഗ്രാം എന്നിങ്ങനെ ചേർത്തുകൊടുക്കണം.
തെങ്ങ്
മഴ സമയത്ത് കൂടുതലായും കൂമ്പുചീയൽ രോഗം ആണ് കണ്ടു വരുന്നത്. ഇതിൻറെ പ്രധാന ലക്ഷണമാണ് ഓലയിൽ മഞ്ഞളിപ്പ് ബാധിക്കുന്നത്. ഇങ്ങനെ കാണുന്ന പക്ഷം മണ്ടയുടെ ചീഞ്ഞ ഭാഗം വൃത്തിയാക്കി ബോർഡോ കുഴമ്പ് തേച്ചു കൊടുക്കുക. അതിനുശേഷം ആ ഭാഗത്ത് വിസ്താരമുള്ള ചട്ടി കമിഴ്ത്തി വെച്ചാൽ മതി. ചിഞ്ഞ ഭാഗങ്ങൾ തോട്ടത്തിൽ തന്നെ ഇടാതെ പൂർണമായും കത്തിച്ചു കളയുക. കൂമ്പുചീയൽ രോഗം കൂടാതെ ചെന്നീരൊലിപ്പ് രോഗ സാധ്യതയും മഴക്കാലത്ത് ഉണ്ടാകുന്നു.ഇതിനു തൊലി ചെത്തി മാറ്റി ബോർഡോ കുഴമ്പ് തേച്ചാൽ മതി.
റബർ
ടാപ്പിങ് ചെയ്യുന്ന റബർ മരങ്ങളുടെ വെട്ടു പട്ടയും പുതു പട്ടയും ആഴ്ചയിലൊരിക്കൽ കുമിൾനാശിനി കൊണ്ട് കഴുകുവാൻ മറക്കരുത്.
കുരുമുളക്
കുരുമുളക് കൃഷിയിൽ ദ്രുതവാട്ട രോഗമാണ് കാണാൻ സാധിക്കുന്നത്. ഇതിന് ജീവാണുവളങ്ങൾ ഉപയോഗപ്പെടുത്തുക. കാലവർഷം ശമിക്കുമ്പോൾ ട്രൈക്കോഡർമ കൊടിയുടെ ചുവട്ടിൽനിന്ന് ഒരടി മുതൽ രണ്ടടി വരെ അർദ്ധവൃത്താകൃതിയിൽ വിതറി മുപ്പല്ലി കൊണ്ട് കൊതി ചേർത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : കേരളത്തിലും പരുത്തി മികച്ച രീതിയിൽ കൃഷി ചെയ്ത് ആദായം ഉണ്ടാക്കാം
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments