പ്രത്യേക തരം പോട്ടുകൾ ഉപയോഗിച്ചാണ് ‘എയര്‍പോട്ട്‘ കൃഷി ചെയ്യുന്നത്. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലൂടെ ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ കൊണ്ട് നിർമ്മിച്ച പോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചും ഇവ നിര്‍മ്മിക്കുന്നുണ്ട്. മൂന്നുഭാഗങ്ങളാണ് ഇത്തരം ചട്ടികള്‍ക്കുള്ളത്. നിറയെ ദ്വാരങ്ങളുള്ള സൈഡ് വാള്‍, അടിഭാഗത്തുള്ള ബേസ്, ഇവ രണ്ടും കൂട്ടിയോജിപ്പിക്കുന്ന സ്‌ക്രൂ. നിറയെ ദ്വാരങ്ങളുള്ളതിനാല്‍ നല്ല വായുസഞ്ചാരം ലഭിക്കും. ഇതു വളര്‍ച്ചയ്ക്കും വിളവിനും സഹായകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചാമ്പക്കയുടെ കൃഷിരീതി എങ്ങനെയെന്ന് നോക്കാം
വളര്‍ച്ച നിയന്ത്രിക്കാനും പുതിയ ശാഖകളുണ്ടാകാനും നല്ല വിളവ് ലഭിക്കാനുമായി നമ്മൾ സാധാരണയായി ചെടികളുടെ കൊമ്പുകളാണ് പ്രൂണ്‍ ചെയ്യുക. എന്നാൽ ‘എയര്‍പോട്ട്‘ കൃഷിയിൽ വേരുകളാണ് പ്രൂണ്‍ ചെയ്യുന്നത്. ഇത് നമുക്ക് ചെയ്യേണ്ട ആവശ്യമില്ല. പ്രകൃത്യാ തന്നെ ചെയ്യപ്പെടുന്നു. പ്രകൃതിതന്നെ വേരുകളെ പ്രൂണ്‍ ചെയ്യുന്നു എന്നതാണ് ഇത്തരം ചട്ടികളുടെ മുഖ്യസവിശേഷത. വേരുകള്‍ വശങ്ങളിലേക്ക് വളര്‍ന്ന് ദ്വാരങ്ങള്‍ക്ക് പുറത്തുവരുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുകയും അവ നശിച്ച് പുതിയ നാരുവേരുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ചട്ടിക്കുള്ളില്‍ നനവും പുറത്ത് ചൂടുമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടുതല്‍ നാരുവേരുകളുണ്ടാകുന്നതുകൊണ്ട് ചെടി നല്ല ആരോഗ്യത്തോടുകൂടി വളരുകയും കൂടുതല്‍ വിളവ് കിട്ടുകയും ചെയ്യുന്നുവെന്നതാണ് എയര്‍പോട്ടുകളുടെ പ്രത്യേകത.
ബന്ധപ്പെട്ട വാർത്തകൾ: ഈ കൃഷിരീതി നല്ല വിളവ് തരും; ചുരയ്ക്ക വിളയിക്കാൻ എളുപ്പമാർഗങ്ങൾ
പച്ചക്കറികളും പൂച്ചെടികളും ഫലവൃക്ഷങ്ങളും ഇന്‍ഡോര്‍ പ്ലാന്റുകളുമെല്ലാം ഇതില്‍ കൃഷിചെയ്യാം. ചെടിക്ക് അല്‍പ്പംപോലും പോറലേല്‍ക്കാതെ മാറ്റിനടാം. ഭംഗിയുള്ള ഇവ കൃഷിത്തോട്ടത്തിന് അലങ്കാരമാണ്.
20-ലേറെ വര്‍ഷമൊക്കെ ഇത്തരം ചട്ടികള്‍ ഈടുനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സ്‌ക്രൂ അഴിച്ച് ചട്ടികള്‍ എളുപ്പം വേര്‍പെടുത്താനും ഒട്ടും ക്ഷതമേല്‍ക്കാതെ ചെടികളെ വലിയ കണ്ടെയ്‌നറിലേക്കോ മണ്ണിലേക്കോ മാറ്റിനടാനും കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.
ബന്ധപ്പെട്ട വാർത്തകൾ: മുളക് നല്ല വിളവ് തരാൻ വെളുത്തുള്ളി കൊണ്ടൊരു സൂത്രം
രണ്ടുമുതല്‍ 50 ലിറ്റര്‍ വരെയുള്ള എയര്‍പോട്ടുകള്‍ ലഭ്യമാണ്. മൂന്ന്, ആറ്, 10, 18 ലിറ്റര്‍ ചട്ടികള്‍ പച്ചക്കറികളും പൂച്ചെടികളും വളര്‍ത്താന്‍ ഉപകരിക്കും. കിഴങ്ങുവര്‍ഗവിളകള്‍ക്കായി വീതിയുള്ള ചട്ടികളുമുണ്ട്. 25, 35, 50 ലിറ്റര്‍ ചട്ടികളില്‍ പഴവര്‍ഗച്ചെടികള്‍ നടാം. 10 ലിറ്റര്‍ ചട്ടിക്ക് 90 രൂപയും 35 ലിറ്ററിന് 280 രൂപയും 50 ലിറ്ററിന് 330 രൂപയുമാണ് വില. സാധാരണ ചെടിച്ചട്ടികളുടെ വിലയില്‍നിന്ന് നേരിയ വ്യത്യാസമേയുള്ളൂ.
നടുന്ന വിധം
സൈഡ് വാളിന്റെ ദ്വാരമുള്ള ഭാഗം പുറത്തുകാണുന്നവിധമാണ് ചട്ടി ഘടിപ്പിക്കേണ്ടത്. സാധാരണ പോര്‍ട്ടിങ് മിശ്രിതം തന്നെയാണ് എയര്‍പോട്ടിലും ഉപയോഗിക്കേണ്ടത്. ചട്ടിയുടെ 90 ശതമാനം ഭാഗം നിറയ്ക്കണം. പ്രധാനകാര്യം, ദ്വാരങ്ങളിലേക്ക് മണ്ണെത്തുന്നവിധം ടൈറ്റായി നിറയ്ക്കണം എന്നതാണ്. ചട്ടിക്ക് കൂടുതല്‍ ദ്വാരമുള്ളതുകൊണ്ടുതന്നെ ദിവസവും നനയ്ക്കണം.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments