കല്പവൃക്ഷങ്ങളുടെ നാടാണ് കേരളം. കൽപ്പവൃക്ഷത്തിൻറെ തണൽ ഏൽക്കാത്ത വീടുകൾ നന്നേ കുറവാണ് കേരളത്തിൽ. എന്നാൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമുണ്ട് നമ്മുടെ തെങ്ങിൽ കായ്ഫലം ലഭിക്കുന്നില്ല എന്നത്. എല്ലാ മാസവും ഓരോ പൂങ്കുലകൾ തെങ്ങിൽ വിരിയുന്നുണ്ടെങ്കിലും തെങ്ങിൽ മച്ചിങ്ങ പിടിക്കാത്ത ഒരു പ്രശ്നം എല്ലാവർക്കുമുണ്ട്. അതിന് പല കാരണങ്ങളുണ്ട്.
എന്നാൽ അതിൽ ഏറ്റവും പ്രധാന കാരണം കാൽസ്യത്തിൻറെ അപര്യാപ്തതയാണ്. എന്നാൽ ഇനി ഇതിനൊരു പരിഹാരമാർഗമാണ് ഇവിടെ നിർദ്ദേശിക്കുന്നത്. നമ്മളെല്ലാവരും വീട്ടിൽ ഉണ്ടാക്കുകയും അല്ലെങ്കിൽ കടകളിൽനിന്ന് വാങ്ങുകയും ചെയ്യുന്ന ഫിഷ് അമിനോ ആസിഡാണ് തെങ്ങിൽ കൂടുതൽ കായ്ഫലം ലഭിക്കുവാനും, മച്ചിങ്ങ കൊഴിയാതിരിക്കാനും ഉള്ള ഏക പരിഹാര മാർഗ്ഗം. എന്നാൽ ഇത് ഇങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം.അതിന് ആദ്യമായി തെങ്ങിൻ ചുവട്ടിൽ നിന്ന് രണ്ടടിയോളം മാറി ചെറിയൊരു കുഴി ഉണ്ടാക്കുക. തെങ്ങിൻറെ ഒരു വേര് നല്ല രീതിയിൽ പുറത്തേക്ക് കാണുന്ന രീതിയിൽ വേണം കുഴി. ഈ വേരിലാണ് നമ്മുടെ വളപ്രയോഗം. എപ്പോഴും കുഴി എടുക്കുമ്പോൾ പ്രത്യേകം ഓർമ്മ വയ്ക്കേണ്ട ഒരേയൊരു കാര്യം വേര് അല്പം നീളത്തിലുള്ളത് ആയിരിക്കണം.ഇങ്ങനെ കുഴിച്ച് കിട്ടുന്ന തെങ്ങിൻറെ വേരിൻറെ അൽപ ഭാഗം മുറിച്ചു കളയുക. എന്നിട്ട് ഒരു 200 ഗ്രാം കൊള്ളുന്ന കട്ടിയുള്ള പ്ലാസ്റ്റിക് കവർ എടുക്കുക. നമ്മുടെ സാധാരണ കടകളിൽ കിട്ടുന്ന അധികം വിലയില്ലാത്ത ചെറിയ കട്ടിയുള്ള പ്ലാസ്റ്റിക് കവർ ആണ് പറയുന്നത്. നമ്മുടെ വീട്ടിൽ ബേക്കറി സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന അതേ രൂപത്തിലുള്ള കവർ.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് : വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍
ഈ കവറിലേക്ക് 100 ml വെള്ളവും 20ml ഫിഷ് അമിനോ ആസിഡും ഒഴിച്ചു കൊടുക്കുക. തീരെ കായ്ഫലം ഇല്ലാത്ത തെങ്ങുകൾക്ക് 20 ml ധാരാളം. രണ്ടും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം പകുതി മുറിച്ച വേര് ഈ കവറിലേക്ക് ഇറക്കി വെക്കുക. വേര് കവറിനുള്ളിൽ ആക്കി ഒരു ചരട് ഉപയോഗിച്ച് നന്നായി മുറുക്കി കെട്ടണം. കവർ മണ്ണിൽ ഇരിക്കുന്ന രീതിയിൽ ഒരുവിധം ആഴത്തിൽ വേണം കുഴി ഉണ്ടാക്കുവാൻ.
അതിനുശേഷം മേൽമണ്ണ് കവറിനു മുകളിൽ ഇടുക. മുഴുവനായും മൂടണം എന്നില്ല. രണ്ടു മാസത്തിനുള്ളിൽ തന്നെ വേര് ഫിഷ് അമിനോ ആസിഡ് മിശ്രിതം വലിച്ചെടുക്കുകയും കൂടുതൽ കായ്ഫലം ലഭ്യമാക്കുകയും ചെയ്യുന്നു. ഏകദേശം 2-3 മാസത്തിനുള്ളിൽ മച്ചിങ്ങ കൊഴിയൽ ഇല്ലാതാകുകയും, കൂടുതൽ വിളവ് ലഭ്യമാകുകയും ചെയ്യും. തെങ്ങിന് വളപ്രയോഗം ചെയ്യുമ്പോൾ വേരിൽ തന്നെ നിങ്ങൾ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻറെ മച്ചിങ്ങ കൊഴിയുന്നതിന് പരിഹാരം കാണാം
Share your comments