രോഗവ്യാപനം
സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്. ഈ രോഗം തെങ്ങുകൃഷി ചെയ്യുന്ന മിക്കയിടങ്ങളിലും വ്യാപകമാണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കാണപ്പെടാറുണ്ട്. മൂലകങ്ങളുടെ അഭാവം, പോഷക നിലയിലുള്ള വ്യത്യാസം, കാലാവസ്ഥ, രോഗ-കീട ആക്രമണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ ഉണ്ടാകാം.
രോഗഹേതു
ജനിതക കാരണങ്ങള്‍, പോഷകങ്ങളുടെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ കുറവ്, പരാഗണക്കുറവ്, രോഗ-കീട ആക്രമണം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ കാരണങ്ങളാണ്. വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രധാന കുമിളുകള്‍ 'ലാസിയോഡിപ്ലോഡിയ തിയോബ്രോമെ', 'ഫൈറ്റോഫ്തോറ പാല്‍മിവോറ' എന്നിവയാണ്.
രോഗലക്ഷണങ്ങള്‍
ലാസിയോഡിപ്ലോഡിയ തിയൊബ്രോമെ
വെള്ളക്ക (മച്ചിങ്ങ)യുടെ ഞെട്ട് ഭാഗത്ത് കടും ചാരനിറമോ അല്ലെങ്കില്‍ തവിട്ടുനിറമോ ഉള്ള വളഞ്ഞുപുളഞ്ഞ അരികുകളോടുകൂടിയ പാടുകള്‍/മുറിവുകള്‍ കാണാം.വെള്ളക്ക (മച്ചിങ്ങ) പരിശോഷിക്കുകയും, ചുരുങ്ങി രൂപമാറ്റം വന്ന് കൊഴിഞ്ഞുപോവുകയും ചെയ്യും. ഈ രോഗം വര്‍ഷത്തില്‍ എല്ലാ സമയവും ബാധിക്കാമെങ്കിലും വരണ്ട പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
ഫൈറ്റോഫ്തോറ പാല്‍മിവോറ
വെള്ളക്ക (മച്ചിങ്ങ)യുടെ ഉപരിതലത്തിലായി വെള്ളം കെട്ടിനില്‍ക്കുന്ന പാടുകള്‍/മുറിവുകള്‍ കാണാം. ഇങ്ങനെയുള്ള മുറിവുകള്‍ തവിട്ടു നിറമായി വെള്ളക്ക (മച്ചിങ്ങ) കുലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നു.കുമിള്‍ബാധ കൂടുതലായി മഴക്കാലത്ത് ഉയര്‍ന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കാണുന്നത്.
നിയന്ത്രണം
ഫൈറ്റോഫ്തോറ പാല്‍മിവോറ കാലവര്‍ഷത്തിനു മുമ്പേ മണ്ടവൃത്തിയാക്കല്‍ നടത്തുകയും രോഗം വരാതിരിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിച്ച് കുലകളില്‍ തളിച്ചുകൊടുക്കുകയും വേണം.കാലവര്‍ഷത്തിനുമുമ്പായി കൂമ്പുചീയല്‍ ബാധിച്ചു നശിച്ചുപോയ തെങ്ങുകള്‍ കൃഷിയിടത്തില്‍ നിന്നും വെട്ടിമാറ്റി കത്തിച്ചുകളയുക.
ലാസിയോഡിപ്ലോഡിയ തിയോബ്രോമെ
രോഗം ബാധിച്ച തെങ്ങുകളിലെ കുലകളില്‍ 0.3 ശതമാനം വീര്യമുള്ള കാർബണ്ടാസിം (50 WP) തളിച്ചു കൊടുക്കുക.ജൈവ കൃഷിയില്‍ 10% വീര്യമുള്ള വെളുത്തുള്ളിസത്ത് തളിച്ചു കൊടുക്കാം.
കടപ്പാട് ICAR
Share your comments