ആദ്യപടി കുഴിയെടുക്കല്‍
തെങ്ങോല കമ്പോസ്റ്റാക്കുക എന്നത് ശ്രമകരമായ പണിയല്ല. നമ്മുടെ പറമ്പിലുള്ള ഏറ്റവും തണലുള്ള സ്ഥലത്ത് ഇതിനായി കുഴി ഉണ്ടാക്കാം.നല്ല തണലുള്ള സ്ഥലത്ത് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയുണ്ടാക്കണം. കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിക്കണം. ഉണങ്ങിയ ഓലമടലാണ് ഏറ്റവും അടിയില്‍ നിരത്തേണ്ടത്. അരയടി കനത്തില്‍ നിരത്തിയ ഓലകള്‍ക്ക് മുകളില്‍ വാഴത്തടയോ ശീമക്കൊന്നയോ കളകളോ ഒരടുക്ക് ചേര്‍ക്കാം. ഇതിനു മുകളിലായി മേല്‍മണ്ണ് തൂകി ക്കൊടുക്കണം. മേമ്പൊടിക്ക് ചാണകവുമാകാം. കുഴി നിറയുന്നതുവരെ ഇതേ രീതി തുടരണം. ദിവസവും നേരിയ നന അത്യാവശ്യം. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് നനയ്ക്കുന്നത് നല്ലതാണ്. ചാണകമില്ലെങ്കിൽ നമുക്ക് തന്നെ തയ്യാറാക്കാവുന്ന ഇഎം ലായനികൊണ്ട് പ്രശ്‌നം പരിഹരിക്കാം. . ഇത് തയ്യാറാക്കാനായി 300 ഗ്രാം വീതം മത്തന്‍, പപ്പായ, മൈസൂര്‍ പഴം എന്നിവ നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 100 ഗ്രാം വന്‍പയര്‍ മുളപ്പിച്ച് അരച്ച്‌ചേര്‍ക്കണം. ഇനി ഒരു കോഴിമുട്ട കൂടി അടിച്ചുചേര്‍ക്കണം. ഒന്നരമാസം അടച്ചു സൂക്ഷിച്ച് തയ്യാറാക്കുന്ന ഇ.എം. ലായനി 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നാലഞ്ചു ദിവസത്തിലൊരിക്കല്‍ കമ്പോസ്റ്റ് നനച്ച് കൊടുക്കാം. കമ്പോസ്റ്റിങ് പ്രക്രിയ ത്വരപ്പെടുത്താന്‍ ഇഎം ലായനിക്ക് പ്രത്യേക കഴിവുണ്ട്.
കുഴി നിറഞ്ഞാല്‍
കുഴി നിറഞ്ഞാല്‍ മേല്‍മണ്ണിട്ട് മൂടണം. മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാന്‍ പന്തലിടുന്നത് ഉചിതം. കുഴിയുടെ നാലു ഭാഗത്തും മണ്‍തിട്ടയൊരുക്കിയാല്‍ മഴവെള്ളം കുത്തിയൊലിച്ച് കുഴിയില്‍ പതിക്കില്ല. ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കില്‍ നാല് മാസംകൊണ്ട് തെങ്ങോല കമ്പോസ്റ്റ് തയ്യാറാകും. രണ്ട് കുഴികള്‍ എടുക്കുകയാണെങ്കില്‍ ഒന്ന് കമ്പോസ്റ്റിന് വഴിമാറുമ്പോള്‍ അടുത്തതില്‍ പ്രക്രിയ തുടരാം. നേരത്തേ വിവരിച്ച കമ്പോസ്റ്റിന് കാലതാമസമുണ്ടെന്ന് തോന്നുന്നെങ്കില്‍ മണ്ണിരയുടെ സഹായം തേടാം.ടാങ്കോ കുഴിയോ എടുത്ത് മുക്കാല്‍ ഭാഗം ഓലയും ജൈവവസ്തുക്കളും നിറയ്ക്കണം. നനച്ചുവെച്ചാല്‍ ഒരു മാസത്തിനകം ഓല അഴുകിത്തുടങ്ങും. ഇനി മണ്ണിരയുടെ ഊഴമാണ്. ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട മണ്ണിരയായ യൂഡ്രിലസ് യുജിനിയേ ആണ് തെങ്ങോല കമ്പോസ്റ്റാക്കാന്‍ ഉത്തമം.
Share your comments