പച്ചക്കറി കൃഷി ചെയ്യുമ്പോൾ നാം നന്നായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വിത്ത് നന്നായിരിക്കണം, കൃഷി ചെയ്യുന്ന മണ്ണ് നന്നായിരിക്കണം, കാലാവസ്ഥയ്ക്ക് യോജിച്ചതായിരിക്കണം, വളം വേണം, ജല ലഭ്യത ഉണ്ടായിരിക്കണം. എന്നാൽ ഇത് മാത്രമാണോ? അല്ല പച്ചക്കറിയെ ബാധിക്കുന്ന കീടങ്ങളിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം.
കാരണം പച്ചക്കറിയെ ബാധിക്കുന്ന കീടങ്ങൾ പച്ചക്കറിയുടെ വിളവിനേയും അതിൻ്റെ ആരോഗ്യത്തിനേയും പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. അത്കൊണ്ട് തന്നെ ഏത് തരത്തിലുള്ള കീടങ്ങളായും അതിനെ നിർമാർജനം ചെയ്താൽ മാത്രമാണ് ആരോഗ്യമുള്ള പച്ചക്കറികൾ ലഭിക്കുകയുള്ളു.
പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കീടങ്ങളും കീടപ്രതിവിധികളും.
നിമാവിര
നിമാവിരകളുടെ ആക്രമണം തക്കാളി, പയർ, പാവൽ, വെണ്ട, വഴുതന, കാരറ്റ് എന്നിങ്ങനെയുള്ള പച്ചക്കറികളെ ബാധിക്കുന്നു, ഇതിനെ നിയന്ത്രിക്കുന്നതിനായി കൃഷിയിടം തയ്യാറാക്കുമ്പോൾ നിലം നന്നായി ഉഴുത് മറിച്ചതിന് ശേഷം വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്. വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാം, അല്ലെങ്കിൽ ട്രൈക്കോഡർമ, സുഡോമോണാസ് ഫ്ളൂറസൻസ്, പർപ്പറിയോസില്ലിയം ലിലാസിയം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്.
വെള്ളീച്ച
പച്ചമുളക്, തക്കാളി, വഴുതന എന്നീ പച്ചക്കറികളെയാണ് വെള്ളീച്ച പ്രധാനമായും ബാധിക്കുന്നത്. ഇത് ഇലയുടെ അടിയിൽ വെളുത്ത പൊടി പോലെ പറ്റിപ്പിടിക്കുന്നു, നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കുന്നതാണ് വെള്ളീച്ച ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് ആവണക്കെണ്ണ - വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കാം, അല്ലെങ്കിൽ വേപ്പെണ്ണ എമൽഷൻ ഉപയോഗിക്കാവുന്നതാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പ്രയോഗം കൊണ്ടും ഇവയെ തുരാത്താവുന്നതാണ്.
പച്ചത്തുള്ളൻ
സാധാരണ പാടത്ത് കണ്ടുവരുന്ന കീടമാണ് പച്ചത്തുള്ളൻ. ഇവ നെൽച്ചെടിയുടെ ഇളം ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിയ്ക്കുകയും അത്കൊണ്ട് തന്നെ ചെടികൾ വിളറി മഞ്ഞ നിറം ബാധിക്കുകയും ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാലത്തിയോൺ മിശ്രിതം ഉപയോഗിക്കാം.
ഇലപ്പുള്ളി
വെണ്ടയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. സ്യൂഡോമോണാസ് 2 ശതമാനം വീര്യത്തിൽ ആഴ്ചയിൽ ഒരിക്കലായി തളിക്കാം. കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം എന്ന അളവിൽ 1 ലിറ്റർ വെള്ളത്തിൽ തളിക്കാം.
കുമിൾ പൂപ്പൾ
പാവൽ, കോവൽ തുടങ്ങിയവയിലാണ് വ്യാപകമായി ഇത് ബാധിക്കുന്നത്. ആദ്യമായി മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് മുഴുവനായി കരിഞ്ഞുണങ്ങി പോകുകയും ചെയ്യുന്നു. കുമിൾ നാശിനി ഇടവിട്ട് തളിക്കുകയോ അല്ലെങ്കിൽ ചുവട്ടിൽ കലക്കി ഒഴിക്കുകയോ ചെയ്ത് രോഗത്തിനെ പ്രതിരോധിക്കാം.
മഹാളി
തെങ്ങ്, കവുങ്ങ്, വാഴ എന്നിവയെ ബാധിക്കുന്ന പ്രധാന രോഗമാണ് മഹാളി. ഫൈറ്റോക്ലോറ എന്ന ഒരു വൈറസ് ആണ് ഈ രോഗത്തിന്റെ മൂലകാരണം. കാറ്റിലൂടെയാണ് ഇത് പടർന്ന് പിടിക്കുന്നത്. വയൽ പ്രദേശങ്ങളിലും വെള്ളം പെട്ടെന്ന് കയറുന്ന സ്ഥലങ്ങളിലും ഈ രോഗം വ്യാപകമായി കാണപ്പെടാറുണ്ട്. കാലവർഷം തുടങ്ങുന്നതിന് മുമ്പായി 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കവുങ്ങിന്റെ പൂങ്കുലകളിൽ പശകൂട്ടിച്ചേര്‍ത്ത് 30 ദിവസം ഇടവേളകളില്‍ രണ്ടുതവണയായി തളിക്കുക.ശ്രദ്ധിക്കുക മഴയില്ലാത്ത ദിവസങ്ങളിലായിരിക്കണം ഇത് തളിക്കാൻ, അല്ലെങ്കിൽ ഇത് ഒഴുകി പോകും.
ചാഴി
നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷഡ്പദമാണ് ചാഴി. നെല്ലിലും പച്ചക്കറികളിലും അധികമായി കണ്ട് വരുന്നു. മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ചാൽ ചാഴിയെ പ്രതിരോധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ വളർത്തിയാൽ റോസ് തഴച്ച് വളരും നിറയേ പൂക്കളോടെ
Share your comments