വളർച്ച രീതി കൊണ്ടും രൂപം കൊണ്ടും വെണ്ടയോട് സാദൃശ്യമുള്ള സസ്യമാണ് കസ്‌തൂരി വെണ്ട. വെണ്ട ഉൾപ്പെടുന്ന മാൽവേസി കുടുംബത്തിലെ അംഗമാണ്. വെണ്ട ഉപയോഗിക്കുന്ന പോലെ തന്നെ സാമ്പാർ, മെഴുക്കുപുരട്ടി, എന്നിവയ്ക്ക് ഉപയോഗിക്കാം. ഇതോടൊപ്പം ഒട്ടേറെ ഔഷധഗുണമുള്ള സസ്യം കൂടിയാണിത്. സംസ്‌കൃതത്തിൽ കസ്‌തൂരി വെണ്ടയെ ലതാ കസ്‌തൂരി എന്നാണ് വിളിക്കുന്നത്.
കസ്‌തൂരി വെണ്ടയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. ഇതിൻറെ വിത്ത്, വേര്, ഇല, എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്. സന്ധിവേദന, വായ്‌നാറ്റം, ദഹനപ്രശ്‌നങ്ങൾ, ഏകാഗ്രതക്കുറവ് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ആയുർവേദ മരുന്നുകളിൽ കസ്‌തൂരി വെണ്ട ഉപയോഗിക്കുന്നു. ശ്വാസകോശ രോഗങ്ങളുടെ ചികിത്സയിലും മൂത്രാശയ രോഗങ്ങളുടെ ചികിത്സയിലും കസ്‌തൂരി വെണ്ട ഉപയോഗിക്കുന്നുണ്ടത്രേ.
ചതുപ്പ് പ്രദേശങ്ങളിലും ഉഷ്‌ണമേഖല പ്രദേശങ്ങളിലും കസ്‌തൂരി വെണ്ട വളരും. മലഞ്ചേരിവുകളും കുന്നുകളിലുമെല്ലാം വന്യമായി വളരുന്ന ഒരു ഔഷധിയാണിത്.
വിത്ത് മുളപ്പിച്ച് കസ്‌തൂരി വെണ്ട വളർത്താം. നല്ല നീർവാഴ്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കിൽ കസ്‌തൂരി വെണ്ട നന്നായി വളരും. കാര്യമായ പരിചരണം ആവശ്യമില്ല. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണിത്. സാധാരണ വെണ്ടയെക്കാൾ നീളം കുറഞ്ഞ കായകൾ ഉണ്ടാകും. ഒരു ചെടിയിൽ തന്നെ അനേകം ശിഖരങ്ങൾ ഉണ്ടാകുമെന്നതിനാൽ ധാരാളം കായ്‌കൾ ലഭിക്കും. കാര്യമായ രോഗ കീട ആക്രമണങ്ങളൊന്നും കാണാറില്ല. വളരെ വേഗം മൂത്തു പോകുന്നതിനാൽ നേരത്തെ തന്നെ കായകൾ പറിച്ചെടുക്കണം.
Share your comments