
പച്ചക്കറികൾ കൃഷി ചെയ്യുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കീടബാധ. ഓരോ കീടങ്ങൾക്കും ഓരോ പ്രതിരോധം ചെയ്യാവുന്നതാണ്. പ്രധാനമായി കാണപ്പെടുന്ന രോഗങ്ങൾ ഇവയാണ്. വാട്ടം, ചൂർണ്ണ പൂപ്പൽ, കുമിൾ രോഗം,മൊസൈക് രോഗം, ഇലപ്പുള്ളി രോഗം,മഹാളി രോഗം, ഇല ചുരുട്ടിപുഴു, ചിത്രകൂടം, എലി, ചാഴി, തടപ്പുഴു, ആമവണ്ട്, ഗാളീച്ച, തണ്ടുതുരപ്പൻ, വെള്ളിച്ച, ഇലപ്പേൻ, മുഞ്ഞ,കായീച്ച. ഇവയുടെ ലക്ഷണങ്ങളും ഇവയ്ക്കുള്ള പ്രതിവിധിയും പറയുന്നു മൂന്ന് ഭാഗങ്ങളിലായി.
വാട്ടം
വാട്ടം ചെടികളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ്.ചെടികൾ പൂർണ്ണമായും മഞ്ഞ നിറം ബാധിച്ചു നശിക്കുന്നു എന്നതാണ് ഇതിന്റെ രോഗ ലക്ഷണം.പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം.
നിയന്ത്രണ മാർഗം
പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.രോഗം ബാധിച്ച ചെടിക്കൾ തീയിട്ടു നശിപ്പിക്കുക.ചാണകപ്പാൽ ലായനി ചെടികളിൽ ഇടവിട്ട് ഇടവിട്ട് തളിച്ച് കൊടുക്കുക.2% വീര്യമുള്ള സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക എന്നിവയാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം.
ചൂർണ്ണ പൂപ്പൽ
ചൂർണ്ണ പൂപ്പൽ രോഗം ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.കൂടാതെ വെള്ള നിറത്തിലുള്ള പൂപ്പൽ ഇലകളുടെ പ്രതലത്തിൽ കാണപ്പെടുന്നു. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു.രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്.പാടുകൾ വീണ ഇലകൾ നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗം.2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
കുമിൾ രോഗം
കുമിൾ രോഗം പാവല്‍, പയര്‍, കോവല്‍ തുടങ്ങിയവയിലാണ് വ്യാപകമായി കാണപ്പെടുന്നത്.ആദ്യം മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടര്‍പ്പ് വിളകളിലാണ് കൂടുതലായി കണ്ടുവരുന്നത്.പയര്‍ ഉള്‍പ്പെടെയുള്ളവ പന്തലിട്ട് വിളവെടുപ്പിന് സമയമാകുമ്പോഴാണ് രോഗ ബാധയേല്‍ക്കുന്നത്.ആദ്യം ഇലക്ക് മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു.ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം.
നിയന്ത്രണം മാർഗം
ഇടവിട്ട് ഇടവിട്ട് കുമിള്‍ നാശിനി തളിക്കുകയും ചുവട്ടില്‍ കലക്കിയൊഴിക്കുകയും ചെയ്താല്‍ രോഗം തടയാം.
മൊസൈക് രോഗം
മൊസൈക് രോഗം പച്ചക്കറി ചെടികളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ്.കൂടുതലായും പച്ചക്കറി ചെടികളിൽ ആണ് ഇതു കണ്ടു വരുന്നത്.പാവൽ,വെണ്ട,മത്തൻ തുടങ്ങിയവയിൽ മൊസൈക് രോഗം കണ്ടു വരുന്നു.മൊസൈക് രോഗം ബാധിച്ച ചെടികളിൽ ഇല ഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിറം ആകുന്നു.ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.വെള്ളീച്ച എന്ന കീടം ആണ് രോഗകാരി.രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം.
നിയന്ത്രണ മാർഗം
വേപ്പെണ്ണ എമല്‍ഷന്‍
ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.
ഇലപ്പുള്ളി രോഗം
ഇലപ്പുള്ളി രോഗം ചീരയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം ആണ്.റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഈ രോഗത്തിന്റെ രോഗകാരി.ഇതിന്റെ സ്പോറങ്ങള്‍ ഇലയുടെ അടിവശത്ത് പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഈ രോഗം ചീരകളിൽ വരാറുണ്ട് .ചീരകളുടെ അടിഭാഗത്ത് ഉള്ള ഇലകളിൽ ക്ഷതമേറ്റ പോലെ സുതാര്യ പുളളികൾ പോലെ വരുന്നതാണ് രോഗലക്ഷണം.മഴക്കാലത്താണ് ഈ മാരക രോഗം ചീരകളിൽ കാണപ്പെടുന്നത്.മഴ സമയത്തോ,വെള്ളം ഒഴിക്കുന്ന സമയത്തോ സ്പോറങ്ങള്‍ ഒരു ഇലയിൽ നിന്ന് അടുത്തുള്ള ഇലകളിലേക്ക് വ്യാപിക്കുന്നു.ഈ രോഗം ബാധിച്ച ചെടികളുടെ ഇലകൾ കലക്ക്രമേണ വെള്ള നിറത്തിൽ ആകുന്നു.
നിയന്ത്രണം
പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിച്ച് ഈ രോഗത്തെ ഫലപ്രദമായി നേരിടാം.ഇതിനായി 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകും
മഹാളി രോഗം
മഹാളി രോഗം തെങ്ങ്, കവുങ്ങ്,വാഴ തുടങ്ങിയവയെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ്.ഫൈറ്റോക്ലോറ എന്ന ഒരു വൈറസ് ആണ് ഈ രോഗത്തിന്റെ മൂലകാരണം.കാറ്റിലൂടെയാണ് ഈ രോഗം പടരുന്നത് .ഈ രോഗം പിടിപെട്ടാൽ തെങ്ങിന്റെയും,കമുകിന്റെയും കായ് ഫലങ്ങൾ പാകമാകുന്നതിനു മുന്നേ കൊഴിഞ്ഞു പോകുന്നു.കുറഞ്ഞ അന്തരീക്ഷ താപനില, ഉയര്‍ന്ന ആര്‍ദ്രത, തുടര്‍ച്ചയായ മഴ, മൂടിക്കെട്ടിയ കാലാവസ്ഥ, കാറ്റ്, റബ്ബര്‍ തോട്ടങ്ങളുടെ സാമീപ്യം എന്നിവ രോഗതീവ്രത കൂട്ടാനും രോഗവ്യാപനത്തിനും ഇടയാക്കും.ജൂണ്‍ മുതല്‍ ഒക്ടോബര്‍വരെയാണ് രോഗം പരക്കുന്നത്.നിർത്താതെ പെയ്യുന്ന മഴ ഈ രോഗത്തിന്റെ തീവ്രത കൂട്ടുന്നു.ഈ രോഗം പിടിപെട്ടാൽ കയ്ഫലത്തിൽ 70 % വരെ കുറവുണ്ടാകും എന്നാണ് കണക്ക് .വയൽ പ്രദേശങ്ങളിലും,വെള്ളം പെട്ടന്ന് കയറുന്ന സ്ഥലങ്ങളിലും ഈ രോഗം വ്യാപകമായി കാണപ്പെടുന്നു.
നിയന്ത്രണം
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം കവുങ്ങിന്റെ പൂങ്കുലകളിലും മറ്റും നനയുംവിധം പശകൂട്ടിച്ചേര്‍ത്ത് 30 ദിവസം ഇടവേളകളില്‍ രണ്ടുതവണ തളിക്കുക.മരുന്നു പിടിക്കാന്‍ ഒരു ദിവസമെങ്കിലും എടുക്കും.മഴയില്ലാത്ത ദിവസങ്ങളിൽ വേണം ഈ മിശ്രിതം തളിക്കാൻ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചീരയുടെ ഇലകരിച്ചിൽ ഇലപ്പുള്ളി രോഗം മാറാൻ എന്തു ചെയ്യണം ?
Share your comments