ഓണം പോലുള്ള വിശേഷ സമയങ്ങളിൽ ആവശ്യത്തിലധികം ഉള്ളിയും സവാളയും അരിയേണ്ടി വരാറുണ്ട്. അന്ന് വീട്ടമ്മമാരുടെ കണ്ണിൽ നിന്നും ആവശ്യത്തിലധികം കണ്ണുനീർ പോകാനുള്ള സാധ്യത ഉണ്ട്.
അതുകൊണ്ടു തന്നെ ഉള്ളി അരിയുന്നത് ഒരു മടുപ്പുളവാക്കുന്ന ജോലിയാണ്. കണ്ണ് എരിയും എന്ന കാരണത്താൽ ഉള്ളി അരിയാൻ മടി കാണിക്കുന്ന ഒരുപാട് പേർ ഉണ്ട്. പക്ഷെ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉള്ളി അരിയാതിരിക്കാനും പറ്റില്ല. അപ്പോൾ പിന്നെ ഉള്ളി അരിയുമ്പോൾ കണ്ണുനീർ വരാതിരിക്കാനുള്ള വഴി അന്വേഷിക്കുകയേ മാർഗമുള്ളൂ.
ഉള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിനേസ് എന്ന എൻസൈം ആണ് കണ്ണുനീർ ഉണ്ടാകാൻ പ്രധാന കാരണം. ഇത് ഉള്ളിയിലെ അമിനോ ആസിഡുകൾ ആയി പ്രവർത്തിച്ച് സൽഫെനിക് ആസിഡ് ഉണ്ടാകാൻ കാരണമാകുന്നു. ഇതാണ് കണ്ണുനീർ ഉണ്ടാകാൻ കാരണമാകുന്നത്.
1 .ഉള്ളി അരിയുമ്പോൾ മൂർച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോൾ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ.
2. ഉള്ളി തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം മാത്രം അരിയുക.
3. വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്.
4. വായുവിലേക്ക് പുറന്തള്ളുന്ന നീരിന്റെ അളവ് കുറയ്ക്കുന്നതിനായി ഉള്ളി ഫ്രീസറിൽ വെച്ച് തണുപ്പിച്ചതിന് ശേഷം അരിയുക.
5. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക. ഇതിലെ സൾഫർ കണ്ണുനീർ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിർവീര്യമാക്കുന്നു.
6. മറ്റൊന്ന് വിചിത്രമെന്ന് തോന്നുമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. വായ തുറന്ന് പിടിച്ച് വായിൽ കൂടി ശ്വാസം എടുക്കുകയും പുറത്ത് വിടുകയും ചെയ്യുക. കണ്ണിലേക്ക് ഉള്ളിനീര് പോവാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും എന്നാണ് പറയുന്നത്.
7.അതുപോലെ തന്നെ ഉള്ളി അറിയുമ്പോൾ ചൂളം വിളിക്കുകയാണെങ്കിൽ കണ്ണിലേക്ക് ഉള്ളിനീര് വരാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും.
8. ഉള്ളിയെ നീരാവി കൊള്ളിക്കുക. നീരാവി ഉള്ളിനീരിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.
9. ഒരു പാത്രത്തിൽ വെള്ളം എടുത്ത് വെള്ളത്തിനുള്ളിൽ വെച്ച് ഉള്ളി അരിയുക ആണെങ്കിൽ കണ്ണുനീർ ഉണ്ടാവുകയില്ല.
10. കണ്ണട വെക്കുക.
11. കട്ടിങ് ബോർഡിൽ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാൽ ഉള്ളിനീരിലെ എൻസൈമുകൾ നിർവീര്യമാകുന്നു.
Share your comments