അടുക്കളത്തോട്ടത്തില്‍ ഏവരും സ്ഥിരമായി കൃഷി ചെയ്യുന്ന ഇനമാണ് പയര്‍. രുചികരമായ തോരന്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന പയറിന് നിരവധി ഗുണങ്ങളാണുള്ളത്. ഗ്രോബാഗിലും ടെറസിലുമെല്ലാം പയര്‍ നന്നായി വളരും. എന്നാല്‍ പയര്‍ കൃഷിയില്‍ ചാഴിയെന്നും വില്ലനാണ്. ചാഴിയുടെ ആക്രമണം മൂലം മനംമടുത്ത് പയര്‍ കൃഷി ഉപേക്ഷിച്ചവര്‍ ധാരാളമാണ്. എന്നാല്‍ ചാഴിയെ തുരത്താന്‍ ഉണക്കമീന്‍ ഉപയോഗിച്ച് ജൈവകീടനാശിനി തയാറാക്കിയിരിക്കുകയാണ് ചേര്‍ത്തല കഞ്ഞിക്കുഴി മായിത്ര വടക്കേതൈയില്‍ വി.പി. സുനില്‍.
സ്വന്തമായി കണ്ടെത്തിയ ഉണക്കമീന്‍ വിദ്യ
കേരളത്തിന്റെ പച്ചക്കറി ഗ്രാമമായ കഞ്ഞിക്കുഴിയില്‍ ആയിരത്തോളം ചുവട് പയര്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ് സുനില്‍. എല്ലാ സീസണിലും കിലോക്കണക്കിന് പയര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നു. കൊച്ചിയിലെ പ്രമുഖ ഓര്‍ഗാനിക്ക് ഷോപ്പുകളില്‍ മിക്കതിലും സുനിലിന്റെ പയറാണ് വില്‍ക്കുന്നത്. ചാഴിയുടെ ശല്യം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. നിരവധി ജൈവകീടനാശിനികള്‍ പ്രയോഗിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ഉണക്കമീന്‍ പ്രയോഗിച്ചത്. ഇതില്‍ പിന്നെ ചാഴി ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറയുന്നു സുനില്‍.
തയാറാക്കുന്ന രീതി
ഉണക്കമത്തി വാങ്ങി പൊടിച്ച് ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവച്ചു. തുടര്‍ന്ന് നന്നായി പിഴിഞ്ഞു സത്ത് മാത്രമെടുത്തു. അഞ്ച് ലിറ്റര്‍ ഉണക്കമീന്‍ സത്തില്‍ 100 മില്ലി ലിറ്റര്‍ വേപ്പെണ്ണ കൂടി ചേര്‍ത്ത് പയര്‍ ചെടികളില്‍ സ്്രേപ ചെയ്തു. പിറ്റേ ദിവസം വന്നു നോക്കിയപ്പോള്‍ ചാഴിയുടെ പൊടി പോലുമില്ലായിരുന്നു പയറില്‍. രൂക്ഷമായ ഗന്ധം ചാഴിയെ തുരത്തി. നിരവധി കര്‍ഷകര്‍ക്ക് ഈ വിദ്യ പ്രയോഗിച്ച് നല്ല ഫലം ലഭിച്ചതായും സുനില്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന പയറിനെയും ചാഴി ആക്രമിക്കുന്നുണ്ടാകും. കുറച്ച് ഉണക്കമത്തി വാങ്ങി ഈ വിദ്യ പ്രയോഗിച്ചു നോക്കൂ.
ആലപ്പുഴ ജില്ലയിലുള്ള മികച്ച ജൈവകര്‍ഷകനുള്ളഅക്ഷയശ്രീ അവാര്‍ഡ് ഇത്തവണ നേടിയ കര്‍ഷകനാണ് സുനില്‍
ഫോണ്‍:9249333743
Share your comments