പഠിത്തം കഴിഞ്ഞശേഷം എവിടെയെങ്കിലും ജോലിക്കു കയറുക, സംരംഭം തുടങ്ങുക അല്ലെങ്കിൽ ചെറിയൊരു കച്ചവടം തുടങ്ങുക. എന്നിങ്ങനെയാണ് മിക്കവാറും ആളുകൾ ചിന്തിക്കാറ്. വിദേശവാസം മതിയാക്കി മടങ്ങിയെത്തിയ പ്രവാസികളുടേയും മനസ്സിൽ ഇതാക്കെതന്നെയാകും ലക്ഷ്യം.
എന്നാൽ, കൃഷിയിലും അവസരങ്ങളേറെയുണ്ട്. കോവിഡിൽ എല്ലാവരും തളർന്നപ്പോഴും കർഷകർ മാത്രമാണ് പിടിച്ചുനിന്നത്. എങ്ങനെ നല്ലൊരു കർഷകനാകാം:
അമിത ലാഭനോട്ടമില്ലാതെ നട്ടുനനച്ചാൽ ഒരിക്കലും നിരാശരാവേണ്ടിവരില്ല. ആദ്യം കൃഷിയിൽ ആഴത്തിൽ അറിവ് നേടണം. പറഞ്ഞതും കേട്ടതുമല്ല, വിദഗ്ധരോടും അനുഭവസ്ഥരോടും ചോദിച്ചറിയുക തന്നെ കൃത്യമല്ലാത്ത അറിവിനോളം അപകടകാരി വേറെയൊന്നുമില്ല. പുതിയകാലത്തെ രീതികളും മാർഗങ്ങളും വ്യത്യസ്തമാണ്. കുറച്ചുകൂടി എളുപ്പമാണ് ഇപ്പോൾ കൃഷി.
മനസ്സിലാക്കാനേറെ
വിത്ത് എവിടെ കിട്ടും, വളമിടൽ രീതികൾ എങ്ങനെ, നനക്കൽ എങ്ങനെ, കീടനിയന്ത്രണം, രോഗബാധ തടയൽ, ജൈവവളങ്ങൾ, ജൈവകീടനിയന്ത്രണ മാർഗങ്ങൾ തുടങ്ങി ഓരോ ചുവടും പതറാത്തതായിരിക്കണം. കൃഷി വിജ്ഞാകേന്ദ്രവുമായും തൊട്ടടുത്ത കൃഷി ഓഫിസർമാരോടും ആലോചിച്ച് കൃഷിയും പുതിയ മാർഗങ്ങളും പഠിക്കാം. കൃഷിക്കാരായ അയൽക്കാരുമായി സംസാരിച്ച് അറിവിെൻറ ആഴം കൂട്ടാം. കാലാവസ്ഥയും മണ്ണിെൻറ അവസ്ഥയും മനസ്സിലാക്കണം.
അമ്ലഗുണം കൂടുതലാണെങ്കിൽ കുമ്മായമിട്ട് പാകപ്പെടുത്തണം. മണ്ണിെൻറ ജൈവാംശവും സ്വാഭാവികതയും നിലനിർത്താൻ ജീവാണു വളങ്ങളാണ് നല്ലത്. കീടനിയന്ത്രണത്തിന് മിത്രകീടങ്ങളെയും മിത്രകുമിളുകളെയും ആശ്രയിക്കാം. സ്യൂഡോമോണസ്, ട്രൈലക്കോഡര്‍മ, റൈസോബിയം, അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ, ബ്യൂവേറിയ തുടങ്ങിയവയാണ് ജീവാണുക്കള്‍. എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ലറി തുടങ്ങിയ ത്വരകങ്ങളുടെ ഉപയോഗരീതിയും പഠിക്കണം.
മണ്ണ് പൊന്നാണ്
പൊന്നുപോലെ നോക്കിയാൽ മുറ്റത്തെ മണ്ണിലും ഗ്രോബാഗിലെ മണ്ണിലും പൊന്നുവിളയും. ഒരു സെെൻറങ്കിലും സ്ഥലമുള്ളവർക്ക് വീട്ടാവശ്യത്തിന് കൃഷി ചെയ്യാം. അങ്ങനെ വീട്ടുചെലവിൽ അൽപം ലാഭിക്കാം. ഇനി വീട്ടിൽ സ്ഥലമില്ലെങ്കിൽ ടെറസിൽ ഗ്രോബാഗുകളിലോ ചട്ടിയിലോ പോളിത്തീൻ ഷീറ്റ് വിരിച്ച് ബെഡുകൾ തയാറാക്കിയോ കൃഷി തുടങ്ങാം. ഒറ്റയടിക്ക് 100 തൈകൾ നടാമെന്നു വിചാരിക്കരുത്. ആദ്യം ഒന്നോ രണ്ടോ വെണ്ടയോ മുളകോ ചീരയോ നട്ടു തുടങ്ങാം. പോകപ്പോകെ എണ്ണവും കൃഷിചെയ്യുന്ന സ്ഥലവും വർധിപ്പിക്കാം.
നാടൻ ഉൽപന്നങ്ങൾക്ക് പ്രിയം
കീടനാശിനികളും അണുനാശിനികളും ഉപയോഗിക്കാത്ത ജൈവ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇപ്പോൾതന്നെ നാടൻ ഉൽപന്നങ്ങൾ പറയുന്ന കാശിന് വാങ്ങാൻ ആളുണ്ട്. കേരളത്തിലെ ഭക്ഷ്യോൽപന്നങ്ങൾ സുരക്ഷിതമാണെന്ന ബോധ്യം വളർന്നാൽ കയറ്റുമതി സാധ്യതയും മെച്ചെപ്പെടും. ആഭ്യന്തരവിപണികൂടി ലക്ഷ്യമിട്ടാകണം വിപണനം. ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും അവയിൽനിന്ന് ഉണ്ടാക്കാവുന്ന മൂല്യവർധിത ഉൽപന്നങ്ങളും വിറ്റഴിക്കാനുള്ള സംവിധാനമൊരുക്കണം.
പാട്ടകൃഷി
ഭൂമിയില്ലാത്തവർക്ക് പാട്ടത്തിനോ വാടകക്കോ എടുത്ത് കൃഷിചെയ്യാം. നിലവിൽ കേരളത്തിൽ ടെനൻസി ആക്ട് ഇല്ലാത്തതിെൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഭൂവുടമയുമായുള്ള കരാറും കരമടച്ച രസീതും കാണിച്ചാൽ ബാങ്കിൽനിന്നു വായ്പ കിട്ടാൻ സാധ്യതയുണ്ട്.
ബഹുവിള
ഒരു വിള മാത്രം കൃഷിചെയ്യുന്നതിന് പകരം ബഹുവിള കൃഷിരീതിയാണ് നല്ലത്. നഷ്ടസാധ്യത കുറയും. നെല്ല്, റാഗി, ചാമ തുടങ്ങിയവയും കിഴങ്ങ്, പച്ചക്കറി എന്നിവയും നോക്കാം. ഇപ്പോൾ എല്ലാം വീട്ടുവളപ്പിലും ഗ്രോബാഗുകളിലും വളർത്താനുള്ള സംവിധാനമുണ്ട്. പച്ചക്കറികളും നാണ്യവിളകളും മാത്രമല്ല, ചക്ക, മാങ്ങ, വാഴ, കൈതച്ചക്ക, റംബൂട്ടാൻ, മാതളം തുടങ്ങിയ പഴങ്ങളും കൃഷിയിലുൾപ്പെടുത്താം. അൽപം മിനക്കെടാൻ മനസ്സുണ്ടെങ്കിൽ പൂകൃഷിയിലും വിജയം കൊയ്യാം.
സംരംഭങ്ങൾ
കൃഷി അനുബന്ധ സംരംഭങ്ങൾക്കും സാധ്യതയുണ്ട്. ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ, കോൾഡ് സ്റ്റോറേജ് ഉൾപ്പെടെ സംഭരണകേന്ദ്രങ്ങൾ എന്നിവ ലാഭം കൂട്ടാനും പലർക്കും ജോലിനൽകാനും സഹായിക്കും. പൊടിച്ചും ഉണക്കിയും പഴച്ചാറെടുത്തും പാക്കറ്റിലാക്കിയും വിൽക്കാം. പച്ചക്കറിയും പഴങ്ങളും മാത്രമല്ല; കോഴി, താറാവ്, കാട, മുയൽ, ആട്, പശുവളർത്തൽ, മീൻവളർത്തൽ, അലങ്കാരപക്ഷി വളർത്തൽ തുടങ്ങിയവയും ആരംഭിക്കാം. ഇതിന് അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണം. കോഴിയിറച്ചി സംസ്കരണം, പാലുൽപന്ന നിർമാണം തുടങ്ങിയവയിലും ഒരു കൈ നോക്കാം.
Share your comments