പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു. പയർ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിൻതോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയർ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പിൽ എല്ലാ കാലത്തും പയർ കൃഷി ചെയ്യാം. വേനൽ കൃഷിയാണ് ഏറ്റവും മെച്ചം.
വിളവ് എടുത്ത് 30 ദിവസമായ പയർമണി വിത്തിനായി ഉപയോഗിക്കാം. പയർ വിത്ത് നടുന്നതിന് ആറ് മണിക്കൂർ മുമ്പ് വെള്ളത്തിൽ ഇടണം. പയർ വിത്ത് കൂടുകളിലോ, കപ്പുകളിലോ, മുളപ്പിച്ചെടുക്കുക. മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകൾ പറിച്ച് മാറ്റി നടാവുന്നതാണ്. പയർ വിത്ത് വെള്ളത്തിൽ ഇടുമ്പോൾ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് നടേണ്ട തടത്തിൽ കുമ്മായം ചേർത്ത് മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയർചെടി നനച്ചു കൊടുക്കുക. പയർ പടരാനുള്ള സൗകര്യമൊരുക്കണം.
വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളർച്ചയിൽ ജൈവവളങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും ജലാംശം പിടിച്ചു നിർത്തുന്നതിനും, രാസവളങ്ങൾ ആഗിരണം ചെയ്യുന്നതിനും മണ്ണിൽ ജൈവവളങ്ങൾ സമ്പുഷ്ട മായിരിക്കണം.
പയർ കൃഷിയിൽ ജലസേചനത്തിന്റെ കൂടുതൽ, കുറവുകൾ ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കുകയും, ജീവാമൃതം 2 ആഴ്ച കൂടുമ്പോൾ ചേർത്തുകൊടുക്കുകയും ചെയ്താൽ പയർ വേഗം വളരുന്നതായി കാണാം. Fish amino പയർ ചെടി നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും വളരെ നല്ലതാണ്.
മഴയുള്ളപ്പോഴും, നല്ല തണുപ്പുള്ള സമയത്തും പയറിനെ ബാധിക്കുന്ന രോഗമാണ് powdery mildew. ഇലകളിൽ ചെറിയ കുത്തുകൾ പോലെ കാണുകയും, അതിനെത്തുടർന്ന് പൗഡർ ഇട്ടതു പോലെ ഫംഗസ് ഇലകളിലും തണ്ടിലും കാണപ്പെടുന്നു. അവസാനം ഇലകൾ മഞ്ഞ നിറത്തിലാവുകയും നശിച്ചു പോവുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചാൽ വിളവ് വളരെ കുറയുന്നതായും കാണുന്നു. Copper Oxychloride 2gm, ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ ഈ രോഗത്തെ നിയന്ത്രിക്കാം.
വിളവെടുപ്പ് സമയം ആകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളിൽ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു. ചാഴിയെയും, ഇലചുരുട്ടിപ്പുഴുവിനെയും വേപ്പെണ്ണ എമൽഷൻ തളിച്ചുകൊടുത്ത് നിയന്ത്രിക്കാം. പയർ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളർത്തുന്നത് ചാഴിയെ അകറ്റുന്നതായി കാണുന്നു.
ചിത്ര കീടത്തെ അകറ്റാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പനെ അകറ്റാൻ 100 മില്ലി ഗോമൂത്രം 9 ഇരട്ടി വെള്ളത്തിൽ ചേർത്ത് അതിൽ 5gm കായവും, 10gm കാന്താരി സത്തും ചേർത്ത് തളിക്കുക. പയർ ചെടി സാധാരണയായി 45, 50 ദിവസത്തിനുള്ളിൽ പൂവിടും.
രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, കൃഷിയിടത്തിൽ വായു പ്രവാഹം കടന്നു പോകുന്ന സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ ഇലകൾ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ചാൽ പയർകൃഷി വിജയകരമായി തീരും
അനുബന്ധ വാർത്തകൾ മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്
#krishijagran #longgreenpeas #forbetterharvest #farmtips #organic
Share your comments