ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചുക്കിൻ്റെ 90 ശതമാനവും കയറ്റി അയക്കുകയാണ്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയ പ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. നീര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്, ചെളിമണ്ണ്, ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശം കൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.
ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ് മാരന്‍, വയനാട്, മാനന്തവാടി, ഹിമാചല്‍, വള്ളുവനാട്, കുറുപ്പംപടി, ഐ ഐ എസ് ആർ - വരദ, ഐ ഐ എസ് ആർ -രജത, ഐ ഐ എസ് ആർ -മഹിമ എന്നിവ. റിയോ ഡി ജനിറോ, ചൈന,വയനാട് ലോക്കല്‍, തഫന്‍ജീയ, ഓളിസോറെസിന്‍ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാന്‍ കൃഷിസ്ഥലത്ത് ജോലി ആരംഭിക്കണം. കിളച്ചൊരുക്കിയ ശേഷം ഒരു മീറ്റര്‍ വീതിയിലും 25 സെന്റിമീറ്റര്‍ ഉയരത്തിലും വാരം തയ്യാറാക്കി വേണം കൃഷി ചെയ്യുവാന്‍. നിരപ്പായ സ്ഥലത്ത് 25 വാരങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ നീര്‍വാര്‍ച്ച ചാലുകളും ഉണ്ടാക്കണം. ഇഞ്ചി കൃഷിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇഞ്ചി കൃഷിയില്‍ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീല്‍ വസ്തു. എട്ട് മാസമാകുമ്പോള്‍ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികള്‍ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയില്‍ നിന്നും കിഴങ്ങിനു കേടുവരാത്ത രീതിയില്‍ വേണം പറിച്ചെടുക്കുവാന്‍.
ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്, ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായിനിയില്‍ 30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം. ഇത് ഓലകൊണ്ട് മൂടണം കുഴിയില്‍ വായുസഞ്ചാരം ഉണ്ടാകണം. മാസത്തില്‍ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കില്‍ മാറ്റണം.
ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നന സൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം. ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും. വിത്ത് 15 ഗ്രാമില്‍ കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതില്‍ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം.
ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയ്ക്ക് അടിസ്ഥാന വളമായി ജൈവവളം 30 ടണ്ണും, യൂറിയ 150 കിലോഗ്രാമും രാജ്‌ഫോസ് 250 കിലോഗ്രാം,പൊട്ടാഷ് 90 കിലോ ഗ്രാം എന്നിവ വേണ്ടിവരും. ആദ്യ അടിവളമായി മുഴുവന്‍ രാജ്‌ഫോസും 45 കിലോ ഗ്രാം പൊട്ടാഷ്യം ചേര്‍ക്കണം. 60-ാം ദിവസത്തിലും 120-ാം ദിവസത്തിലും യൂറിയ 75 കിലോഗ്രാം യൂറിയ നല്‍കണം. പൊട്ടാഷ് 45 കിലോഗ്രാമും നല്‍കാം. നടീല്‍ കഴിഞ്ഞാല്‍ വാരങ്ങളില്‍ പുതയിടണം. ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും.
ശല്‍ക്കകീടങ്ങള്‍, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു, ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാനകീടങ്ങള്‍. ശല്‍ക്കകീടങ്ങള്‍ കിഴങ്ങുകളില്‍ പറ്റിപിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. വിത്ത് ശുദ്ധീകരിച്ച് നടുകയാണെങ്കില്‍ ഇത് പരിഹരിക്കാം. തണ്ടുതുരപ്പന്‍ ഉള്ളിലേക്ക് കയറി ഉള്‍ഭാഗം തിന്നുന്നതിനാല്‍ നാമ്പ് ഉണങ്ങുന്നു. റോഗര്‍ 30 ഇ സി,1.5 മില്ലി അല്ലെങ്കില്‍ ക്യുനാല്‍ഫോസ് 25 ഇ സി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് ഇവയെ നിയന്ത്രിക്കാം. ഇലചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇലയുള്‍പ്പടെ ശേഖരിച്ച് നശിപ്പിക്കണം. ഇലപ്പേരന്‍ നീരുറ്റിക്കുടിക്കുന്നത് മൂലം ഇലകള്‍ മഞ്ഞളിക്കുന്നു. ഇതു നിയന്ത്രിക്കുവാന്‍ റോഗര്‍ 30 ഇ സി 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാണം.
മൃദുചീയല്‍,ബാക്ടീരിയല്‍ വാട്ടം, ഇലപ്പുള്ളി, മൂടുചീയല്‍ എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍. മൃദുചീയല്‍ രോഗത്തിന്റെ ലക്ഷണം ഇല മഞ്ഞളിക്കുന്നതാണ്. രോഗബാധയുള്ള ചെടികളെ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കണം. കൂടാതെ ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വിര്യത്തില്‍ തയ്യാറാക്കി ആഭാഗത്തെ മണ്ണ് കുതുര്‍ക്കുകയും വേണം.
നടീല്‍ സമയത്ത് ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ്, മൈക്കോറൈസ എന്നി ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നതും രോഗസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കും.
നട്ട് ആറുമാസം മുതല്‍ക്കെ വിളവെടുക്കാം. എന്നാല്‍ ചുക്ക് ആക്കുവാന്‍ 245 മുതല്‍ 260 ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചെടുക്കണം. ഒരു ഹെക്ടറില്‍ നിന്ന് 25 ടണ്‍ വരെ പച്ചയിഞ്ചി ലഭിക്കും.
Share your comments