പണ്ടൊക്കെ മിക്ക വീട്ടുപറമ്പിലും ശീമക്കൊന്നയെന്ന മരം സ്ഥിരംകാഴ്ചയായിരുന്നു. വീടിന്നടയാളം ശീമക്കൊന്നയെന്ന് കേട്ടിട്ടില്ലേ.
എന്നാല്‍ ഇതുമാത്രമല്ല ജൈവവളത്തിന്റെ മികച്ച പര്യായം കൂടിയാണ് വേലിക്കരികില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ശീമക്കൊന്ന. എളുപ്പം നട്ടുവളര്‍ത്താവുന്നതും ധാരാളം പച്ചിലകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. ആളൊരു വിദേശിയാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല.
പച്ചിലവളങ്ങള്‍ മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുമെന്നതിനാല്‍ ജൈവവള ക്ഷാമത്തിന് പരിഹാരമായി ശീമക്കൊന്ന നട്ടുവളര്‍ത്താം.
കൃഷി സ്ഥലങ്ങളുടെ അരികുകളിലും നെല്‍വയലുകള്‍, തെങ്ങിന്‍തോപ്പുകള്‍ എന്നിവയ്ക്ക് ചുറ്റിലുമെല്ലാം പഴയകാലത്ത് സ്ഥിരമായി ശീമക്കൊന്ന വച്ചുപിടിപ്പിച്ചിരുന്നു. നൈട്രജന്‍ അടങ്ങിയ മികച്ച ജൈവവളമായി പണ്ടുതൊട്ടേ ശീമക്കൊന്നയെ അംഗീകരിച്ചിരുന്നു. തെങ്ങിന്‍തോപ്പുകള്‍ക്ക് സമീപം ഇവ നട്ടുവളര്‍ത്തിയാല്‍ വര്‍ഷം തോറും തെങ്ങുകള്‍ക്ക് ആവശ്യമായി വരുന്ന പച്ചിലവളമായി ശീമക്കൊന്നയെ പ്രയോജനപ്പെടുത്താനാകും.
ഈ രീതിയില്‍ വളപ്രയോഗം നടത്തിയ മണല്‍മണ്ണുളള പ്രദേശങ്ങളില്‍ തെങ്ങിന്റെ വിളവ് രാസവളത്തിലൂടെ മാത്രം നൈട്രജന്‍ നല്‍കിയ തെങ്ങുകളുടെ വിളവിനെക്കാള്‍ അധികമായിരുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇതുമാത്രമല്ല ജൈവ കീടനാശിനിയായും ശീമക്കൊന്ന ഉപയോഗിക്കാം. പച്ചക്കറിത്തൈകള്‍ നടുമ്പോള്‍ പുതയിടാന്‍ മികച്ചതാണ് ശീമക്കൊന്നയുടെ ഇലകള്‍. കാരണം ഇതിന്റെ ഇലകള്‍ വളരെ പെട്ടെന്ന് മണ്ണില്‍ അലിയും. അതുപോലെ വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് തീറ്റയായും ഇതിനെ പ്രയോജനപ്പെടുത്താം. കന്നുകാലികളെ പ്രാണികളുടെ ശല്യത്തില്‍ നിന്ന് രക്ഷിക്കാനായി ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ ശീമക്കൊന്നയുടെ ഇല ചതച്ച് പുരട്ടാറുണ്ട്.
വിത്ത് പാകി ഉണ്ടാക്കുന്ന തൈകള്‍ നട്ടോ കമ്പുകള്‍ മുറിച്ചുനട്ടോ ശീമക്കൊന്ന വളര്‍ത്തിയെടുക്കാം. വിത്ത് പാകിയുണ്ടാക്കുന്ന തൈകളാണെങ്കില്‍ നല്ല മഴ കിട്ടുന്ന സമയത്ത് നടുന്നതാണ് നല്ലത്.
മൂത്ത തണ്ടുകള്‍ മുറിച്ചുനട്ടാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുളളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തും. വളപ്രയോഗങ്ങളൊന്നും ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു മരത്തില്‍ നിന്ന് ഒരുപ്രാവശ്യം പതിനഞ്ച് കിലോഗ്രാം പച്ചിലവളം ലഭിക്കും.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :
https://malayalam.krishijagran.com/farm-management/farm-tips/coconut-leaves-is-better-compost/
Share your comments