സാധാരണ ഗ്രോബാഗുകളിലോ ചട്ടികളിലോ pH അളവ് ടെസ്റ്റ് ചെയ്യാറില്ലല്ലോ. എങ്കിലും നല്ല അളവിൽ ഓർഗാനിക് മാറ്റർ ചേർക്കുന്നതുകൊണ്ട് അരക്കപ്പ് കുമ്മായം ചേർക്കാം.. അതായത് ഒരു കൈപ്പിടി കൊണ്ട് മുറുക്കി പിടിച്ചാൽ എത്ര ലഭിക്കുന്നുവോ അത്രയും. ചായകുടിക്കുന്ന കപ്പിന്റെ പകുതി.
കുമ്മായം ചേർക്കുന്നില്ല എങ്കിൽ ചാരം അതിന്റെയും പകുതി ചേർക്കാം.. അതും അടുപ്പിൽ നിന്നും ലഭിക്കുന്നത്. അതാണ് വിറക് കത്തിച്ചു ലഭിക്കുന്ന ചാരം. ഇലകൾ കത്തിച്ചുള്ള ചാരം അത്രയും പ്രയോജനം ചെയ്യില്ല.
ചാരവും കുമ്മായവും ഒരുമിച്ചു ചേർക്കണം എന്നുണ്ടെങ്കിൽ രണ്ടു ടേബിൾ സ്പൂൺ കുമ്മായവും രണ്ടു ടേബിൾ സ്പൂൺ ചാരവും ചേർക്കാം.
പൂക്കൾ വിടരാൻ സമയമാകുമ്പോൾ ഒരു ടേബിൾ സ്പൂൺ ചാരം തടത്തിൽ വിതറാം.. രണ്ടാഴ്ച കഴിഞ്ഞു കായ്കൾ പിടിക്കാൻ നേരം ഒരു ടേബിൾ സ്പൂൺ ചാരം ഒരു പ്രാവശ്യം കൂടി ചേർക്കാം..
ഇതേപോലെ തെങ്ങിന് മഴക്കാലത്തിനു മുൻപായി ഒരു കിലോ ചാരവും ഒരുകിലോ കുമ്മായവും ഒരു കിലോ ഉപ്പും ചേർക്കാം..
ഓർഗാനിക് വളങ്ങൾ ചേർക്കുമ്പോൾ ഇവയെല്ലാം ഒരുമിച്ചു ചേർക്കുന്നതുകൊണ്ടു കുഴപ്പമില്ല.. രാസവളങ്ങൾ ചേർക്കുമ്പോൾ ചാരവും കുമ്മായവും ഒരാഴ്ച മുന്നേ ചേർത്തതിന് ശേഷം രാസവളങ്ങൾ ചേർക്കുക.
കമ്പോസ്റ്റിൽ (1 മീറ്റർ x 1 മീറ്റർ x 1 മീറ്റർ x നീളം വീതി ആഴം ) ചാരം ചേർക്കുന്നവർ അതിലേക്ക് രണ്ടു കിലോ ചാരം ചേർത്താൽ മതി.
ഗ്രോബാഗ് മിക്സ്: ഒരു ലിറ്റർ കപ്പ് അളവ് പാത്രമായി എടുക്കുക. അതായത് കുളിക്കാൻ ഉപയോഗിക്കുന്ന കപ്പ്.
3 കപ്പ് ചരൽ അല്ലെങ്കിൽ തൊടിയിലെ മണ്ണ്. രണ്ടും ഒരുമിച്ചു ചേർക്കുകയും ചെയ്യാം.
3 കപ്പ് ചകിരിച്ചോറ്
2 കപ്പ് ഉണക്ക ചാണക പൊടി
അര കപ്പ് ആട്ടിൻകാഷ്ട്ടം
കാൽ കപ്പ് കോഴിക്കാഷ്ടം.
ആട്ടിൻ കാഷ്ടവും കോഴികാഷ്ടവും ലഭിക്കാൻ ഇടയില്ലാത്തവർ ഒരു കപ്പ് ചാണകപ്പൊടി ചേർക്കുക..
രണ്ടു കൈപ്പിടി അളവിൽ എല്ലുപൊടി ചേർക്കാം..
ഇതോടൊപ്പം മേൽവിവരിച്ച പോലെ ചാരവും കുമ്മായവും ചേർക്കാം..
അല്പം ഉണങ്ങിയ ഇലകളും പച്ചിലകളും ചെറുതായി പിടിച്ചോ അല്ലെങ്കിൽ അപ്പാടെയോ ചേർക്കാം.. ചേർത്തില്ലെങ്കിലും വിരോധമില്ല. ഈ ഇലകൾ അടിഭാഗത്ത് ചേർക്കുന്നതാണ് നല്ലത്.
എല്ലാം ചേർത്തു കഴിഞ്ഞാൽ മേൽഭാഗം മൾച്ചിങ് ചെയ്യാൻ മറക്കരുത്.
പത്തുമില്ലി ട്രൈക്കോഡെർമ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തുകൊണ്ട് അതിൽ നിന്നും നൂറു മില്ലി ഒരു ഗ്രോബിൽ സ്പ്രേ ചെയ്തു നിർത്തുക.. വിത്തുകൾ അല്ലെങ്കിൽ ചെടികൾ രണ്ടു ദിവസത്തിനു ശേഷം നടുക.
ഇതേപോലെ സ്യൂഡോമോണസ് ചേർത്തും നൂറു മില്ലി സ്പ്രേ ചെയ്തു ചേർക്കാം..
VAM, Beauveria bassiana, 50 മില്ലി മേല്പറഞ്ഞ പോലെ വെള്ളത്തോടൊപ്പം മിക്സ് ചെയ്തു ചെയ്തു ചേർക്കാം..
മേലെ വിവരിച്ച ഒരു മിശ്രിതത്തിലും ചേർക്കുന്ന വെള്ളം ക്ളോറിൻ കലർന്ന പൈപ്പ് വെള്ളം ഉപയോഗിക്കരുത്.
വിത്തുകൾ നടക്കുമ്പോൾ പത്തു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ വിത്തുകൾ ഒന്നോ രണ്ടോ മിനിറ്റു മുക്കി തണലിൽ ഉണക്കിയ ശേഷം നേരിട്ട് ഗ്രോബാഗിൽ നടാവുന്നതാണ്. നഴ്‌സറി ബാഗിൽ നിന്നും നടുമ്പോഴും ഈ മിശ്രിതം സ്പ്രേ ചെയ്തു നടുക.
അൾട്രാ ഓർഗാനിക് എൻസൈമുകൾ നിങ്ങൾക്ക് ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ മേൽ വിവരിച്ച എൻസൈമുകൾ ചേർത്താൽ മതി.
ഗ്രോബാഗുകൾ മഴവെള്ളം വീണു ഈർപ്പം കെട്ടി നിൽക്കാനോ ഒലിച്ചു പോകാനോ ഉള്ള സാദ്ധ്യതകൾ തടയുക.
Share your comments