ശാഖോപശാഖകളായി വളരുന്ന ഔഷധ മൂല്യങ്ങൾ ഏറിയ സസ്യമാണ് ഉങ്ങ്. ഏകദേശം 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യം ഫാബേസിയാ സസ്യ വർഗ്ഗത്തിൽ ഉൾപ്പെട്ട പയർ വർഗ്ഗ ഇനമാണ്. ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ധാരാളമായി ഉപയോഗപ്പെടുത്തുന്ന ഉങ്ങ് ധാരാളം പേർ കേരളത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്.
കൃഷി രീതികൾ
ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കേരളത്തിലെ നനവാർന്ന നിത്യഹരിത വനങ്ങളിലും കാണുന്ന ചിരസ്ഥായിയായ ഔഷധസസ്യം ആണ് ഉങ്ങ്. നിലം ഉഴുത് പാകപ്പെടുത്തി നാലു മീറ്റർ അകലത്തിൽ 60*60*45 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് തൈകൾ നടാവുന്നതാണ്. നാലില പ്രായമായ തൈകൾ നടുമ്പോൾ കുഴിയൊന്നിന് ഒരു കിലോഗ്രാം കാലിവളം ചേർത്തതിനുശേഷം മേൽമണ്ണും ചേർത്ത് കുഴി മൂടാം. തുടർച്ചയായി നനച്ചുകൊടുക്കണം. പുതിയിടുന്നതും നല്ലതാണ്. വശങ്ങളിലേക്ക് വരുന്ന ചില്ലകൾ ഒന്നാം വർഷം മുതൽ വെട്ടി നിർത്തണം. വളർച്ചയ്ക്ക് അനുസരിച്ച് രണ്ടാം കൊല്ലം മുതൽ 20-30 കിലോഗ്രാം കാലിവളം നൽകുന്നതോടൊപ്പം ചെടി ഒന്നിന് 30-50 ഗ്രാം നൈട്രജൻ,40-50 ഗ്രാം ഫോസ്ഫറസ്,50-70 ഗ്രാം പൊട്ടാഷ് തുടങ്ങിയവയും ചേർക്കണം.
ഔഷധഗുണങ്ങൾ
ഈ സസ്യത്തിന്റെ ഇല, കുരു, തൊലി, വേര് തുടങ്ങിയവയെല്ലാം വിവിധതരം ഔഷധക്കൂട്ടുകൾ നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തുന്നു. രക്തശുദ്ധിക്കും ചർമ്മരോഗങ്ങൾ അകറ്റുവാനും ആണ് ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ പല പ്രാദേശിക പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്. പൊങ്ങ്, പുങ്ങ്, പുങ്ക് തുടങ്ങിയവയാണ് പ്രാദേശിക നാമങ്ങൾ. സംസ്കൃത ഗ്രന്ഥങ്ങളിൽ നക്തമാല എന്നും അറിയപ്പെടുന്നതും ഈ സസ്യമാണ്. തമിഴ്നാട്ടിൽ പുങ്ക മരമെന്നും ആന്ധ്രപ്രദേശിൽ കനുഗ എന്നും ഇത് അറിയപ്പെടുന്നു. ഇതിൻറെ പ്രധാന ഔഷധ ഗുണങ്ങൾ താഴെ നൽകുന്നു
ബന്ധപ്പെട്ട വാർത്തകൾ: തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്
1. ഉങ്ങിൻ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ശരീരത്തിലുണ്ടാകുന്ന മുറിവുകളിൽ പുരട്ടിയാൽ പെട്ടെന്ന് ഭേദമാകുന്നു.
2. വ്രണങ്ങൾ പെട്ടെന്ന് കരിയാനും പഴുപ്പ് ഇല്ലാതാക്കുവാനും ഈ എണ്ണ നല്ലതാണ്.
3. അർശ്ശസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാൻ ഇതിൻറെ തളിരില മരുന്നായി ഉപയോഗിക്കാം.
4. കുഷ്ഠരോഗത്തിന് ഉങ്ങിന്റെ ഇലയും ചെത്തിക്കൊടുവേലി വേരും ഇന്തുപ്പും ചേർത്ത് അരച്ച് മോരിൽ ചേർത്ത് പതിവായി കുടിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പേരയിലയുടെ ഔഷധ ഗുണങ്ങൾ
5. കുഷ്ഠ വ്രണങ്ങളിൽ ഇതിൻറെ കുരു ചതച്ച് കെട്ടുന്നത് നല്ലതാണ്.
6. ഉങ്ങിന്റെ എണ്ണയിൽ സമം വെളിച്ചെണ്ണ ചേർത്ത് തേച്ചാൽ താരൻ ഇല്ലാതാക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു.
7. മുടി അറ്റം പിളരുന്ന അവസ്ഥ ഇല്ലാതാക്കുവാൻ ഉങ്ങിന്റെ എണ്ണ സമം വെളിച്ചെണ്ണ ചേർത്ത് വളപ്രയോഗം വളരെ നല്ലതാണ്.
8. ഉദരകൃമികൾ നശിപ്പിക്കുവാൻ ഉങ്ങിന്റെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നത് ഉത്തമമാണ്.
9. കൈയിലും കാലിലും ഉണ്ടാകുന്ന ഒടിവ് ഭേദമാക്കുവാൻ ഉങ്ങിന്റെ പട്ട വെളിച്ചെണ്ണയിൽ കാച്ചി കുളിക്കുന്നതിന് 15 മിനിറ്റ് നേരം മുൻപ് തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുന്നത് നല്ലതാണ്.
10. ശരീരത്തിൽ ഉണ്ടായ വളരെ പഴകിയ വ്രണങ്ങൾ ഇല്ലാതാക്കുവാൻ വേപ്പിലയും കരുനെച്ചി ഇലയും ഉങ്ങിന്റെ വേരും സമൂലം അരച്ച് ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
11. ത്വക്ക് സംബന്ധമായ എല്ലാവിധ രോഗങ്ങൾ അകറ്റുവാനും ഉങ്ങിന്റെ തൈലം മികച്ചതാണ്. ഇതിൽ കരാർജിൻ, പൊൻഗാമോൾ, ഗ്ളാബിൻ തുടങ്ങിയ പദാർത്ഥങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമരോഗങ്ങൾക്ക് എതിരെയായി പ്രവർത്തിക്കുന്നു.
12. കുട്ടികളിൽ കാണപ്പെടുന്ന കരപ്പൻ മാറ്റുവാനും, തൊലിപ്പുറത്തെ ചൊറിച്ചിൽ ഇല്ലാതാക്കുവാനും ഇതിൻറെ ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയിൽ ഏഴു ദിവസം ഇട്ട് വച്ചതിന് ശേഷം ഉപയോഗിക്കുന്നത് മികച്ച ഫലം നൽകുന്നതാണ്.
മേൽപ്പറഞ്ഞ ഔഷധഗുണങ്ങൾ കൂടാതെ ഇതിൻറെ വിത്തിൽ നിന്ന് എടുക്കുന്ന എണ്ണ വിളക്ക് കത്തിക്കാനും ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഈ എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപാദിപ്പിക്കാം എന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി ദത്ത ഔഷധം ഞെരിഞ്ഞിൽ
Share your comments